Pages

Friday, February 4, 2011

സന്ധ്യ മയങ്ങുമ്പോള്‍


"നീയെന്നെ  സ്നേഹിക്കുന്നുണ്ടോടാ?" .
അത് ചോദിക്കുമ്പോഴും  അതിന്‍റെ  അര്‍ത്ഥമെന്തെന്ന്‍ അവള്‍  സ്വയം  ആശ്ചര്യപ്പെട്ടു . അവന്‍  പുരികമൊന്നു മേല്‍പ്പോട്ടാക്കി  അവളെയൊന്നു  നോക്കി . പിന്നെ  പതിവുപോലെ  ഒരു  malboro റെഡിനു  തീ   കൊളുത്തി  . പ്രകാശം  കുറഞ്ഞു  വരുന്ന  മേഖപാളികള്‍ക്കിടയില്‍  പുകച്ചുരുളുകളുടെ  മേഖം  സൃഷ്ടിച്ചുകൊണ്ട് അവന്‍ പ്രകൃതിയിലേക്കും വിദൂരതയിലെ തിരകളിലെക്കും ഉറ്റുനോക്കിക്കൊണ്ടിരുന്നു.

"എന്‍റെ ചുംബനങ്ങള്‍ക്ക്  പോലും  സിഗരറ്റിന്‍റെ  ചുവയുണ്ടാകും!!!"

പുകവലിക്കെതിരെ  നടത്തിയ  ഒരു  students ഫോറത്തില്‍  വച്ച്  അവന്‍  പറഞ്ഞതാണത് . ഒരു  നിമിഷത്തേക്ക്  എല്ലാം  നിശബ്ദ്മാക്കിയ വാക്കുകള്‍ . കുറ്റിത്താടിയും  ചീകി  മനോഹരമാക്കിയ  മുടിയും , ഗാംഭീര്യമുള്ള  സ്വരവും . ആ  വാക്കുകള്‍  പിന്നീടവിടെ  ഒരു  നൂറുവട്ടം  ആവര്‍ത്തിക്കപ്പെട്ടു , വ്യത്യസ്ത  നാവുകളാല്‍.

പുകവലിക്കുന്നവരെ  സുഹൃത്തുക്കളാക്കാന്‍ പോലും  വിസമ്മതിച്ചിരുന്ന  അവളുടെ  കാതുകളില്‍  നിന്നും  മനസ്സിന്‍റെ നേര്‍ത്ത  വികാരങ്ങളിലേക്കാണ്   അത്  പതിച്ചത് .

അവര്‍  സുഹൃത്തുക്കളായി !!.

"അര്‍ത്ഥമില്ലാത്തവയുടെ  ആഴങ്ങള്‍  നീ  അളക്കുന്നത്  എന്നെ  അത്ഭുതപ്പെടുത്തുന്നു"

മൌനം  മുറിക്കപ്പെട്ടത്‌ അവളെ  സന്തോഷിപ്പിച്ചു . ചിലപ്പോഴവന്‍  ദിവസങ്ങള്‍  തന്നെ  നിശബ്ദനായിരിക്കും .  മുമ്പൊക്കെ  അവനോട് ദേഷ്യം  തോന്നുമായിരുന്നു . ഇപ്പോള്‍  അത്  ആസ്വദിക്കാന്‍  പഠിച്ചിരിക്കുന്നു .

"ആപേക്ഷികങ്ങളായ  ഉത്തരങ്ങള്‍ക്കുള്ള  ചോദ്യം  അപ്രസക്തമല്ലേ  ജിനീ , നിന്നില്‍  ഞാന്‍  എത്ര  സംത്രപ്തനാണെന്നതുപോലും"

"സമൂഹം  എന്നെയും  ഒരു  സ്ത്രീയാക്കിയിരിക്കുന്നു "

"പലവിധങ്ങളായ  പരിണാമങ്ങളിലൂടെ  സ്ത്രീ  തിരിച്ചറിഞ്ഞത്  അവളുടെ  ദൌര്‍ബല്യങ്ങലെയാണ് . പുരുഷന്‍  അവരുടെ  കരുത്തിനെയും."

ശരിയാണ്  . ശരിയായ  മൌനം  പോലും  ക്രൂരമായൊരായുധമാണ്ണ്‍  അത്  പ്രയോഗിക്കാനറിയുന്നവര്‍ക്ക്  ഭൂമിയിലെ  മറ്റു  യുദ്ധമുറകള്‍  നിസ്സാരമായി    കാണപ്പെടും . നിര്‍വികാരമായതും പലവിധങ്ങളായ  വികാരങ്ങള്‍  ഉള്‍ക്കൊള്ളുന്നതുമായ  മൌനം .

അവന്‍റെ ഉത്തരം  അതിനെ  പൂര്‍ണതയില്‍  എത്തി  എന്നവള്‍  ഊഹിച്ചു . അങ്ങനെ   മനസ്സിലാക്കാനും  അവള്‍ക്ക്  ശീലമായി .
ഒന്നിന്  പിറകെ  ഒന്നായി  അവന്‍  മൂന്നു  സിഗരറ്റുകള്‍  കത്തിക്കും . പരിഭവിച്ചാലും  കെഞ്ചിയാലും ദേഷ്യപ്പെട്ടാലും  അത്  മാറ്റമില്ലാതെ  തുടരും . ഒന്ന്‍  കൂടുകയോ  കുറയുകയോ  ഇല്ല . അചന്ജലനായ പോരാളിയായി  അവളവനെ  സങ്കല്‍പ്പിച്ചു  .

കഴിഞ്ഞ  രണ്ടു  വര്‍ഷങ്ങളായി അവര്‍   ഒരു  കിടക്ക  പങ്കിടുന്നു . തെറ്റെന്നു  ഒരിക്കലും  തോന്നിപ്പിക്കാത്ത  വിധം  അവള്‍  അത്  ആസ്വദിക്കുന്നു .
അവള്‍  ദൌര്‍ബല്യങ്ങള്‍  മറന്ന്‍ കരുത്തിനെക്കുറിച്ചു  ചിന്തിച്ചു . ഒരുപക്ഷെ  ഗര്‍ഭിണിയായെക്കാം   (നിരോധനങ്ങള്‍ക്കും  ദൌര്‍ബല്യമുണ്ടാകുമല്ലോ ). അവന്‍റെ  കുഞ്ഞിനെ  വളര്‍ത്താന്‍  കഴിയും  സന്തോഷത്തോടെ  . മനസ്സില്‍  ചിന്തകള്‍  ഉണ്ടായിരിക്കുന്ന  കാലത്തോളം  അവന്‍റെ  മൌനായുധത്തിന്‍റെ ഓര്‍മ്മകള്‍  മാഞ്ഞുപോകാതെ  സൂക്ഷിക്കപ്പെടും .
സന്ധ്യ മങ്ങിക്കഴിഞ്ഞിരിക്കുന്നു . അവള്‍  അവന്‍റെ  അരികിലേക്ക്  നടന്നു . മെല്ലെ  അവന്‍റെ  ചെവിയുടെ  നിര്‍മ്മലതയിലെക്ക് പല്ലുകള്‍  താഴ്ത്തി . വേദനിപ്പിക്കാതെ .
ഒരു   പിറവിയുടെ  തുടക്കമാവട്ടെ  എന്ന പ്രത്യാശയോടെ .