Pages

Wednesday, April 20, 2011

HIV ഡോക്ടര്‍ !
"ഹലോ ഡോക്ടര്‍ , ഹോസ്പ്പിറ്റലീന്നാണ് "

"പറയു"

"മേഡം, .. അയാള്‍ മരിച്ചു .. ആ 26"

"ഉം", തീരെ കനമില്ലാതെ അവരൊന്നു മൂളി.

എത്രയെത്ര മരണങ്ങള്‍. മരിക്കുന്ന ഡേറ്റ് മുന്‍കൂട്ടി കണ്ടത്‌ സത്യാമാകുമ്പോള്‍ നിഗൂഡമായ് താന്‍ സന്തോഷിക്കുന്നുണ്ടോയെന്ന് അവര്‍ സംശയിച്ചു.

മരണങ്ങള്‍ കൊണ്ട് ഭ്രാന്തനായ ഡോക്ടറാണോ ഞാന്‍ ! , അവര്‍ സ്വയം ചോദിച്ചു .
മറുപടിയായി അതേയെന്നവര്‍ തലയാട്ടി .

ഓരോ മരണങ്ങളും ഓരോ കഥകളാണ് . അവര്‍ പിറുപിറുത്തുകൊണ്ടെയിരുന്നു. AIDS ഡോക്ടര്‍ , HIV ഡോക്ടര്‍ , ഭ്രാന്തമായി പൊട്ടിച്ചിരിക്കാതിരിക്കാന്‍ അവര്‍ കര്‍ചീഫു കടിച്ചുപിടിച്ചു.

മരണത്തിനു നമ്പറിട്ടു രസിക്കുന്ന മനുഷ്യര്‍. ദിവസവും എത്രെയോപേര്‍ മരിക്കുകയും അതിലേറെപ്പേര്‍ അഡ്മിറ്റ്‌ ആവുകയും ചെയ്യുന്ന ഹോസ്പിറ്റല്‍ . ആദ്യമായാണ്‌ ഒരു മരണം ഫോണിലൂടെ വിളിച്ചുപറയുന്നത്. കാരണമവര്‍ ഓര്‍ക്കാന്‍ ശ്രമിച്ചു .

26നോട് തനിക്കു പ്രത്യേക മമതയുണ്ടെന്നു സപ്പോര്‍ട്ട് സ്റ്റാഫ്സിന് അയാളുടെ ഫസ്റ്റ് റഫറന്‍സ് ഡേറ്റിനുതന്നെ തോന്നിച്ചിരിക്കണം.

"ജിന്‍സി , get the sample immediately and do these."

ഡോക്ടറിന്‍റെ മുഖം വിളറുന്നത് ഡ്യൂട്ടി നേഴ്സ് ശ്രദ്ധിച്ചിരിക്കണം !. prescription ഷീറ്റിലോട്ടു  ഒന്ന് നോക്കി, HIV antibody test , P24 antigen test , PCR test , പോരാഞ്ഞു അടുത്ത സ്റ്റേജിലേക്കുള്ള CD4 ഉം .ഇതിലൊന്നുതന്നെ ധാരാളമാല്ലേയെന്നവണ്ണം അവള്‍ ഡോക്ടറെയൊന്നു പാളിനോക്കി.

"I wanna get the reports right in an hour". അവരുടെ അലര്‍ച്ചയില്‍ ഡ്യൂട്ടി നേഴ്സ് consulting റൂം വിട്ട് ഓടി .

ഭര്‍ത്താവ് ഉപേക്ഷിച്ചതിന്‍റെ frustration സ്റ്റാഫിനോട് കാണിക്കരുതെന്നു തനിക്കെതിരെ മാനേജ്മെന്‍ടിനോട് സ്റ്റാഫ്‌ complaint . മറുപടി പോലും കൊടുക്കാത്ത ധിക്കാരം .

പക്ഷെ കഴിഞ്ഞ രണ്ടാഴ്ച്ച  വളരെ നിശബ്ദമായിരുന്നു . ആകെ മൂകത . സുഖക്കുറവ്; ഏപ്പ്രന്‍  ഇല്ലാതെ റൌണ്ട്സിനു പോവുക , stethoscope ഇടയ്ക്കിടെ നിലത്തുവീണുപോവുക , ഹോസ്പിറ്റലില്‍ തന്നെ മുഴുവന്‍ സമയവും ചിലവിടുക.

ചോദിക്കാനും ആശ്വസിപ്പിക്കാനും പോലും ആരും ധൈര്യപ്പെട്ടില്ല !

പേടിച്ചാവണം അവര്‍ ഫോണ്‍ചെയ്തു വിവരംപറഞ്ഞതും, 26 മരിച്ചൂന്ന്. ശോകമായി . അവര്‍ക്കെന്തിനാണീ ശോകതെയെന്നുമവര്‍ ആശ്ചര്യപ്പെട്ടു . അവര്‍ക്കത്‌ വെറും 26അല്ലെ, തനിക്കോ ?

അവര്‍ കര്‍ച്ചീഫെടുത്തു  നെറ്റിയിലെ സിന്ദൂരം മായ്ച്ചു .

Friday, April 15, 2011

ചാത്തന്‍റെ വെള്ളപ്പേറ് .


" ചാത്താ , നിയ്യ് വേളികഴിക്കണൂന്നു കേട്ടൂലോ "

" ഉവ്വംമ്പ്രാ " - മുട്ടിനൊപ്പം വരുന്ന തോര്‍ത്തിനോളം താഴ്ന്ന്‍  വളഞ്ഞ്, കൈക്കോട്ട് ഒതുക്കിപ്പിടിച്ച് , കണ്ണിലൊരു നാണം കലര്‍ത്തി , കൊത്തിക്കിളച്ച മണ്ണില്‍ നോക്കി ചാത്തന്‍റെ മറുപടി .

കരിവീട്ടി പോലത്തെ ശരീരത്തില്‍ നിറഞ്ഞുനിന്ന വിയര്‍പ്പിന്‍തുള്ളികള്‍ വെയിലേറ്റു തിളങ്ങി .

"ഭേഷ് ! ബലേ ഭേഷ് ! " - ആഡ്യന്‍ നമ്പൂതിരി , ജന്മിത്തത്തിന്‍റെ മേല്‍മുണ്ട് വലത്തെതില്‍ നിന്നും ഇടത്തെതിലേക്ക് വീശിയെറിഞ്ഞ്‌ , കുടുമയൊന്ന്‍ തടവി , വിഡ്ഢിച്ചിരിചിരിച്ച്  ചാത്തന്‍റെ നാണം രസിച്ചങ്ങനെനിന്നു.

" പറച്ചിയേതാന്നു പറഞ്ഞില്ലല്ലോ ചാത്താ "

" ഇവിടുന്നത്തെ വെള്ളംകൊള്ളി പാടത്തെ കള പറിക്കണ കാളിത്തള്ളേടെ ... "

" വെള്ളച്ചീരു, ഉവ്വോ "

" ഉവ്വംമ്പ്രാ "

" ഹൈ! ഭേഷായി  !, നോം മുന്നേ നിരീച്ചിരിക്കണൂ "

ചാത്തന്‍റെ നെഞ്ച് പെരുമ്പറ പോലെ കൊട്ടാന്‍ തുടങ്ങി . തമ്പുരാന്റെ അടുത്ത ചോദ്യം വേളിക്കുള്ള നാളാണെന്ന് ചാത്തന് മനപ്പാഠമാണ്. അങ്ങനെയാണല്ലോ നാട്ടിലെ കറുകറുത്ത  പറച്ചികള്‍ വെള്ളക്കുട്ടികളെ പെറുന്നത്.

അടിയാളന്മാരെല്ലാവരും പണിയൊന്നു മെല്ലിച്ച്,  നമ്പൂരി തമ്പ്രാന്‍റെ അടുത്ത വാക്കുകള്‍ക്ക് ചെവികൂര്‍പ്പിച്ചു.

" മകരം രണ്ടന്നല്ലേ ചാത്താ "

" ഉവ്വംമ്പ്രാ "

" നോം വരാന്‍ രാത്രിശ്ശിയായാലും ഒരുപിടിച്ചോറ് വച്ചേക്കണമെന്ന് പറയണം ചാത്താ , ... വേളീനോട് "

മുറുക്കാനൊന്നു കാര്‍ക്കിച്ചു നീട്ടിത്തുപ്പി , സദ്യക്കുള്ള നെല്ല് ചാത്തന് കൊടുക്കാന്‍ കാര്യസ്ഥനെ ശട്ടം കെട്ടി , പതിവ് വിഡ്ഢിച്ചിരിയും ചിരിച്ച് , കുമ്പയും കുലുക്കി , നമ്പൂരി മെല്ലെ നടന്നകന്നു .

കല്യാണത്തലേന്നു രാത്രി ചാത്തന്‍ തീരുമാനമെടുത്തു . വേളിക്കു വെളുത്ത പേറു വേണ്ട , ചാത്തന്‍റെ കറുത്ത കുഞ്ഞിച്ചാത്തന്‍ മതി .
വാളിന് മൂര്‍ച്ചകൂട്ടി. വാള്‍ത്തല ചന്ദ്രക്കലപോലെ തിളങ്ങി . തള്ളവിരലൊന്നുരച്ച് മൂര്‍ച്ചയറിഞ്ഞു, ചോര ചീന്തി . തൃപ്തിപോരാഞ്ഞ് കല്ലില്‍ രണ്ടു ചീന്തുകൂടി ചീന്തി അരിവാള് ചെറ്റക്കിടയിലൊളിപ്പിച്ചു .

ചാത്തന്‍ കൊന്ന നമ്പൂരിയുടെ പ്രേതം അതിരാവിലെ തന്നെ ചാത്തനെ പേടിപ്പിച്ചെഴുന്നേല്‍പ്പിച്ചു.

ചാത്തന്‍ ചിരിച്ചു . പുലര്‍ച്ചെ  കണ്ട സ്വപ്നം ഫലിക്കും .

വേളികഴിഞ്ഞു !. തമ്പ്രാന്‍റെ സദ്യ നാട്ടുകാരെ തീറ്റിച്ചു .
ചാത്തന്‍ തലചൊറിഞ്ഞു ചിരിച്ചു ! തൊട്ടാല്‍ വെള്ളച്ചീരൂന്‍റെ മേത്ത് ചാത്തന്‍റെ കരിപറ്റുമെന്ന് നാട്ടാരും ചിരിച്ചു . ആകെ സന്തോഷം .
തമ്പ്രാന്‍ വന്നില്ല !.

നേരം  രാത്രിയായി . ചാത്തന്‍ വെളിയിലേക്ക് നോക്കിയിരുന്നു . ശത്രുവിനെകാത്ത് . രാത്രിയേറെ വൈകിയും ശതുവിനെ കാണാതെ , വെള്ളച്ചീരൂനെ കരിപറ്റിക്കാനായി ചാത്തന്‍ മെല്ലെ കൂരക്കകത്തുകയറി.

പെട്ടെന്ന് വെളിയിലൊരു പന്തത്തിന്‍റെ വെളിച്ചം . ചാത്തന്‍ വെളിയിലേക്കിറങ്ങി .

ശത്രു . ഒപ്പം നാലഞ്ചു മല്ലന്മാരും .

" ചാത്തന്‍ ഇവരൊപ്പം മേലെപ്പാടത്തേക്ക് നടക്ക്ക , നെല്ല് മുഴുവന്‍ രാത്രി കള്ളന്മാര് കൊണ്ടുപോണുണ്ടോന്നൊരു സംശയണ്ട്. നേരം വെളുത്തിട്ടു അവിടൂന്നു തിരിച്ചാമതി  "

ചാത്തന്‍ തല ചൊറിഞ്ഞ് പാടത്തേക്കു പുറപ്പെടാന്‍ തുടങ്ങി .

" ന്നലെ മൂര്‍ച്ച കൂട്ടിയ വാളൂടെ എടുത്തോളൂ ചാത്താ . തുണയാവും " - നമ്പൂരിയുടെ മുഖത്തപ്പോഴും സ്ഥായിയായ വിഡ്ഢിച്ചിരിതന്നെ.