Pages

Monday, May 30, 2011

അവസാനത്തെ മതം


കോട്ടപ്പുറം പാലത്തിന്‍റെ അങ്ങേത്തലക്കല്‍ കൃഷ്ണന്‍കോട്ടയില്‍ വഴിവിളക്കുകളില്‍ ഏറെച്ചുരുക്കം വഴികാട്ടിയായി തെളിഞ്ഞുനിക്കുന്നത് കാണാം. കാലാന്തരങ്ങളുടെ ശാഖകളില്‍ ദേശാന്തരങ്ങളുടെ കിളിക്കൂടുകള്‍. 
താഴെ കുത്തിയൊഴുകുന്ന പെരിയാറും , മുകളില്‍ പകുതി മുറിഞ്ഞ ചന്ദ്രനും. 
ഒരു വലിയ യാത്രയുടെ അവസാനം !

പലതരം ദേശങ്ങള്‍ , ആളുകള്‍, വെള്ളക്കിടാരങ്ങള്‍ , അവിടെയൊന്നും ലഭിക്കാതിരുന്ന ശാന്തത!.
ഇനി താഴേക്ക് . ആദ്യമൊന്ന്‍ വിമ്മിഷ്ടപ്പെട്ട് , പിന്നെ ബോധം നശിച്ച് , മീനുകള്‍ക്കൊരല്‍പ്പം ഭക്ഷണമായി , ഒടുവില്‍ ശവംതട്ടിപ്പാറക്കരികില്‍ നിന്നും വലിച്ചുകയറ്റി , കീറിമുറിച്ച് പൊതുസ്മശാനത്തിലടക്കം. 

ഇടയ്ക്കിടെ കടന്നുപോകുന്ന വാഹനങ്ങളാണ് ബോധമണ്ഡലത്തെ സജീവമാക്കുന്നത്. എന്തിനാണീ പാതിരാത്രിയിലുമിവര്‍ ഇത്ര ധൃതിപ്പെടുന്നത്.  ധൃതിപ്പെടുന്നതിനുമപ്പുറം അവര്‍ക്ക് ചെയ്യാന്‍ ഒന്നുമുണ്ടാവില്ല. 
അത് ചിലരുടെ കൂടെപ്പിറപ്പാണ്. ധൃതിപ്പെട്ട് നടക്കുക , ധൃതിപ്പെട്ട് ഭക്ഷിക്കുക , ധൃതിപ്പെട്ട്  കുളിക്കുക , അതും പോരാഞ്ഞ് ധൃതിപ്പെട്ട്  ഉറങ്ങുകയും ഉണരുകയും കൂടി ചെയ്യുമവര്‍. 

വളരെ നാളുകള്‍ക്ക് ശേഷം കൈവന്ന ശാന്തത, അതിലൊരു ചെറിയ കഷ്ണം തറയില്‍ വീണപ്പോഴേക്കും ആത്മാവ് പടിയിറങ്ങിയ പോലെ . പടിയിറങ്ങിയ ആത്മാവ് കാറ്റില്‍ ലയിച്ച് കൈമോശം വരുന്നതിനു മുന്‍പേ മനസ്സിന്‍റെ കൂട്ടില്‍ കയറ്റുവാനെന്നവണ്ണം അയാള്‍ കണ്ണുകളടച്ചു. പാലത്തിന്‍റെ കൈവരിയില്‍ കൈകള്‍ വച്ച് , പെരിയാറിന്‍റെ ആഴമളക്കാനെന്നവണ്ണംനിന്നു.

മത്സരങ്ങളൊഴിഞ്ഞ ജീവിതം പോലും ഒരു മത്സരമാണ്, മരണത്തോടുള്ള മത്സരം.മരണമെന്ന ഒന്നാം സമ്മാനത്തിനായി. ചിലര്‍ക്കത് "സ്ലോ റേസ്" ആക്കാനാണ് ഇഷ്ട്ടം, മറ്റുചിലര്‍ക്ക് കുറുക്കുവഴികളിലൂടെ ഒന്നാമതെത്താനും. 
എങ്കിലുമെല്ലാം മത്സരങ്ങള്‍ തന്നെ. 

താന്‍ തിരയുന്ന സമ്മാനം ഒളിഞ്ഞുകിടക്കുന്നത്‌ പെരിയാറിന്‍റെ താഴെത്തട്ടിലാണെന്ന് അയാളുടെ ഹൃദയം ഒച്ചത്തില്‍ മിടിച്ചുകൊണ്ടിരുന്നു. പെരിയാറിലലിഞ്ഞ നിലാവിന്‍റെ മുറിച്ചീന്തിലയാള്‍ ഒരുപാട് മുഖങ്ങള്‍ കണ്ടു. കണ്ടതിലേറെ പുരുഷമുഖങ്ങളും. 

കൂട്ടത്തില്‍ പാസ്റ്ററുടെ മുഖമാണ് കൂടുതല്‍ വേദനിപ്പിച്ചതെന്നു തോന്നുന്നു. തന്‍റെ തെറ്റുകള്‍ക്ക് മനപ്പൂര്‍വം ഒരവകാശിയെ സൃഷ്ട്ടിക്കണമെങ്കില്‍ അത് പാസ്റ്ററല്ലാതെ മറ്റാരാണ്‌. ഒരു വ്യക്തിയെ സ്വാധീനിക്കുന്നതിലും വല്ല്യ തെറ്റല്ലേ സ്വാധീനിക്കപ്പെടാന്‍ ശ്രെമിക്കുന്നത് എന്ന ആശയം സ്വയമെറിഞ്ഞു ചിന്തിച്ചു. എത്ര കുറ്റം ആരോപിച്ചിട്ടും അതിനു മുകളില്‍ കയറി നിന്ന് പാസ്റ്റര്‍ പുഞ്ചിരിക്കുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. 

പരിചയപ്പെടല്‍ തീര്‍ത്തും സ്വാഭാവികമായിരുന്നു. എങ്കിലും ഉള്ളിന്‍റെ ഉള്ളില്‍, മതം മാറ്റം എന്ന ചെകുത്താന്‍ എപ്പോഴെങ്കിലും വെളിപ്പെടുമോ എന്ന ശങ്ക സൂക്ഷിച്ചു പോന്നു. അങ്ങനെ പ്രത്യക്ഷപ്പെടുന്നപക്ഷം  ആ ചെകുത്താനെ പായിക്കാനുള്ള കല്ലും കുറുവടിയും സദാ മനസ്സിന്‍റെ കഠിനമായ കോണിലുരച്ചു മൂര്‍ച്ച വരുത്തി. പാസ്റ്റര്‍ ഒന്നും ആവശ്യപ്പെട്ടില്ല എന്നുമാത്രമല്ല ,എപ്പോഴും ചിരിച്ചും, പ്രസന്നവദനായും കാണപ്പെടുകയും കൂടി ചെയ്തു. 

എല്ലാം വെറുതെയായി!. പോംവഴികളില്ലാത്ത ആവശ്യങ്ങള്‍ക്ക് മുന്നില്‍ ചെകുത്താന്‍ വെളിച്ചപ്പെട്ടു. എറിയാന്‍ കരുതിയ കല്ലും കുറുവടിയും , പൂവും പൂച്ചെണ്ടുമായി മാറി; സഹോദരിമാരുടെ വിവാഹം നടന്നു. 

പുതിയ മാറ്റം ആരെയും അറിയിച്ചില്ല. അമ്പലങ്ങളില്‍ അര്‍ച്ചനയും പുഷ്പ്പാഞ്ജലിയും   കഴിച്ചു. യഹോവയും കൃഷ്ണനും ഒന്നാണെന്ന് വിശ്വസിച്ചുറപ്പിച്ചു. 

മൂടിവക്കാന്‍ കഴിയുന്നതിനുമപ്പുറം മനുഷ്യന് ന്യുനതകള്‍ ഉണ്ടെന്ന സത്യം ഇടക്കെപ്പോഴോ മറന്നു. നായരുമാഷിന്‍റെ മകന്‍ ഹലെലൂയ ആയെന്ന്‍ ആരെക്കെയോ പരിഹസിച്ചു. വളരെ അടുത്ത സുഹൃത്തുക്കള്‍ പലരും തന്നെ കാണുന്ന വേളയില്‍ കൈകളുയര്‍ത്തിപ്പിടിച്ച് ആകാശത്തേക്ക് നോക്കി പൊട്ടിച്ചിരിക്കുന്നതായി അഭിനയിച്ചു. 

അച്ഛന്‍റെ മരണം പോലും പരിഹസിക്കപ്പെടാനുള്ള വേദിയായി. കര്‍മ്മം ചെയ്യാന്‍ നായന്മാര് വല്ലവരും കുടുംബത്തുണ്ടോന്നു കരയോഗം പ്രമാണിമാര്‍!. മരുമകനെ കൊണ്ട് എരിഞ്ഞടങ്ങി നായരുമാഷ് പരലോകം പൂകി. മൂന്നിന്‍റെയന്ന്‍ നായരുമാഷ് ഉയര്‍ത്തെഴുന്നേറ്റ് കരയോഗത്തിലെ പ്രമാണിമാരെ ഭയചികിതരാക്കുമെന്നു അയാള്‍ പ്രതീക്ഷിച്ചുവോ ?, അറിയില്ല. 

രണ്ടുമൂന്നു കൊല്ലം എവിടെയൊക്കെയോ അലഞ്ഞു നടന്നു. ബാധ്യതകളെല്ലാം പാസ്റ്റര്‍  നിറവേറ്റിത്തന്നതിനാല്‍ അലച്ചിലിനിടയില്‍ ചോദ്യങ്ങളൊന്നും തികട്ടി വന്നില്ല. എങ്കിലും തിരികെ വന്നു. വന്നത് മരണവും കൊണ്ടാണെന്ന്‍ ഓര്‍ത്ത് വേദനിച്ചില്ല. നായരുമാഷിന്‍റെ അടുക്കലേക്ക്‌ പ്രിയ പത്നിയും യാത്രപോയി. കൊള്ളിവച്ചതും അതേ മരുമകന്‍ തന്നെ. മൂന്നു ദിവസം  കഴിഞ്ഞിരിക്കുന്നു. അമ്മയും ഉയര്‍ത്തെഴുന്നേറ്റില്ല. 

താഴെ കുത്തിയൊഴുകുന്ന പെരിയാറും , മുകളില്‍ പകുതി മുറിഞ്ഞ ചന്ദ്രനും. 
ഒരു വലിയ യാത്രയുടെ അവസാനം.



  




Wednesday, May 25, 2011

അര്‍ത്ഥവെത്യസങ്ങള്‍ സംജാതമാകുന്നത്.



ജീവിതത്തിന് അങ്ങനെ പ്രതെകിച്ചൊരു അര്‍ഥമുള്ളതായൊന്നും അയാള്‍ക്ക്‌ തോന്നിയിരുന്നില്ല . എങ്കിലും, തോന്നിയിട്ടുണ്ടായിരുന്നോ  എന്നയാള്‍ പിറകിലേക്ക് നോക്കി .

ബാല്യം എല്ലാവരെയും പോലെ സമ്പന്നമായി തോന്നിയിരുന്നു . ഓര്‍മ്മകള്‍ അതിസുന്ദരവും ദൈര്‍ഖ്യമേറിയതായും തോന്നിച്ചു . പ്രായമിത്രയും വൈകിയിട്ടും ആദ്യമായി സ്കൂളിലേക്ക് നടന്നു  കയറിയത് മുതല്‍ ഓര്‍ക്കാന്‍ സാധിച്ചതു അയാളില്‍ തെല്ലിട സന്തോഷം നിറച്ചു .

ഓര്‍മ്മകള്‍ മുറുകുന്ന താളത്തിനൊപ്പം അയാളുടെ മുഖത്ത് പല പ്രകാരങ്ങളായ നൈമിഷികഭാവങ്ങള്‍ പലയാവര്‍ത്തി നിറഞ്ഞും മാഞ്ഞുമിരുന്നു. അയാള്‍ മന്ദഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ദേഷ്യം കടിച്ചമര്‍ത്തുകയും ദീര്‍ഖനേരം മൌനിയായി  കാണപ്പെടുകയുമൊക്കെ ചെയ്തു. അതിന്‍റെ ചുവടുപറ്റി ആ മുഖം  ചുവന്നും ഇരുളിയും വിളറിയ വെളുപ്പുമായോക്കെ പ്രതിഫലിച്ചു.

കൌമാരം പ്രത്യേകതയൊന്നും  ഉള്‍ക്കൊണ്ടിരുന്നില്ല  എന്ന്  എല്ലാവരെയും  പോലെ  അയാളും  വളരെ  വൈകിയാണ്  മനസ്സിലാക്കിയത് . പ്രണയം  പുഞ്ചിരിയൊളിപ്പിച്ച   കണ്ണുകളില്‍  ഒതുങ്ങിനിന്നു . കാലം  പ്രണയലേഖനങ്ങളിലേക്ക് ചുവടുമാറി . അക്ഷരമാലയിലെ  എല്ലാ  അക്ഷരങ്ങളും , കേട്ടറിഞ്ഞ  പ്രണയഗന്ധിയായ എല്ലാ  വാക്കുകളും  വരിചേര്‍ത്തയാള്‍ പൈങ്കിളി  സാഹിത്യമെഴുതി . ചുംബനം  ഉള്ളിലെറിഞ്ഞ് ഊണുമേശയില്‍  നിന്നും  കരുതലോടെ   ശേഖരിച്ച  രണ്ടു വറ്റു  കൊണ്ട്  ഭദ്രമായി  ഒട്ടിച്ച  കത്തുകള്‍ അവളെയെല്‍പ്പിച്ചും മറുപടി  വായിച്ചും  കൌമാരദശ  പിന്നിട്ടു .

എല്ലാം  പതിവുപോലെ  !
അവളുടെ  വിവാഹശേഷം  ഇനി  കല്യാണമേ  വേണ്ടെന്നുവച്ച്  കഴിച്ചുകൂട്ടിയ  വര്‍ഷങ്ങള്‍ . പിന്നെ  40 ആം  വയസ്സിലാണ്  വീട്ടുകാരുടെ  നിര്‍ബന്ധം  സ്വയം  ഏറ്റുവാങ്ങി  പെണ്ണുകാണല്‍  എന്ന  നേരമ്പോക്ക്  തുടങ്ങിയത് .
ഒന്നും  ശെരിയായില്ല .
പിന്നും  അഞ്ചു  വര്‍ഷങ്ങള്‍ !
അങ്ങനെ  , അവധിയില്ലാതെ  ഓര്‍മകളുടെ  താളുകള്‍  ഒന്നൊന്നായി  അയാളുടെ  മനസ്സില്‍  വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും സൃഷ്ടിച്ച്, ഒടുവില്‍ നേര്‍ത്ത ഹിമപാളികള്‍ പോലെ അലിഞ്ഞുമാഞ്ഞുപോയി .

ഭൂതകാല  സ്മ്രിതികള്‍  വലിച്ചെറിഞ്ഞ്  വര്‍ത്തമാനത്തിന്‍റെ വിശേഷങ്ങളിലേക്ക്  കണ്ണുതുറന്നപ്പോള്‍  മുന്നിലൊരു  പെണ്‍കുട്ടി  !
 അവളില്‍  നിന്നാണല്ലോ  താന്‍  ഈ  നേരത്ത്  ഈവിധ  ചിന്തകളില്‍  മുങ്ങിയത്  എന്നയാളോര്‍ത്തു. നരപ്പിച്ച  ജീന്‍സും  വെള്ള കുര്‍ത്തയുമണിഞ്ഞ അവളെ  രണ്ടാമതൊന്നു  നോക്കാത്തവര്‍  വിരളമായി പ്പോലും ഉണ്ടാവില്ല.
അതിസുന്ദരിയായ  ഒരു  പെണ്‍കൊടി!

അവളെ  നോക്കി  എല്ലാവരും  ചിരിക്കുന്നുണ്ട്  , തിരികെ  അവളും .ഇടക്കാരോ  അവളുടെ  അടുത്തേക്ക്  നടന്നു  എന്തോ  പിറുപിറുത്തു  ഒരു  ഓട്ടോക്ക് കൈകാണിച്ചു  അവളെയും  കൂട്ടി  എങ്ങോട്ടോ  പോയി . അയാള്‍ക്ക്‌  അതൊരു  പതിവു  കാഴ്ചയായി . എന്നും  അയാളെ  നോക്കുകുത്തിയാക്കി മറ്റാരക്കയോ  അവളുടെ  നിമിഷങ്ങള്‍ക്ക്  വിലപറഞ്ഞ്‌  അവള്‍ക്കൊപ്പം  മറഞ്ഞു .
ബസ്സ്റ്റാണ്ടിലെ  പീടികത്തിണ്ണയിലിരുന്ന്  അലസമായി  മുലകൊടുക്കുന്ന  ആ  പെണ്‍കുട്ടി  ഒരമ്മയാണെന്ന   സത്യം  അയാളെ  കൂടുതല്‍  ചിന്തിപ്പിച്ചു . ജീവിതത്തില്‍  അര്‍ത്ഥവെത്യാസങ്ങള്‍   സംജാതമാകുന്നത്  എത്ര വേഗത്തിലാണെന്ന തോന്നല്‍   അയാളെ  അസ്വസ്ഥനാക്കി .  പ്രത്യേകിച്ചൊരു  അര്‍ത്ഥവുമില്ലാതെ    ഇത്രയും  നാള്‍  കഴിച്ചുകൂട്ടിയ  തനിക്കു  ജീവിതത്തിന്‍റെ അര്‍ത്ഥതലങ്ങളിലേക്ക്   ഇറങ്ങിചെല്ലാനുള്ള   ചവിട്ടുപടിയാവും  അവളെന്ന  തോന്നലാണ്  അയാളെ  മഥിച്ചത് . ഈ  വിവാഹം  കൊണ്ട്  മാത്രം  താന്‍  സ്വര്‍ഗത്തിലെത്തുമെന്ന്   അയാള്‍  സ്വപ്നം  കാണാന്‍  ശ്രമിച്ചു .
അന്നയാള്‍  പതിവിലും  നേരത്തെ  ഉറക്കമെഴുന്നേറ്റു . മറ്റാരും  കൂട്ടികൊണ്ട്  പോകും  മുന്‍പേ അവിടെയെത്തുക  എന്നതായിരുന്നു  ലക്‌ഷ്യം . അയാള്‍ കണ്ണാടിനോക്കി  അസ്വസ്ഥതപ്പെടുകയും, അതിനു  കാരണം  നരച്ചു  തുടങ്ങിയ  താടിയാണോ , അതോ  തീരുമാനമെടുക്കാനാവാതെ  കലുകുഷിതമായ  മനസ്സാണോ  എന്നൊന്നും  വേര്‍തിരിക്കാനാവാതെ കുഴങ്ങുകയും ചെയ്തു .
ബസ്‌സ്റ്റാന്റിലെത്തുമ്പോഴേക്കും പതിവു  ചിരിയുമായി  അവളവിടെ  ഉണ്ടായിരുന്നു . സ്റ്റാന്റ്  മുക്കാലും  വിജനമാണെന്നത്   അയാള്‍ക്ക്‌  ആശ്വാസമായി . എങ്കിലും  അവളുടെ  മുന്‍പില്‍  ചെന്ന്  അയാള്‍  മൌനിയായി . പരീക്ഷാ ഹാളില്‍ വച്ച് പഠിച്ചതെല്ലാം മറന്നു പോയ കുട്ടിയെ പോലെ അയാള്‍ ചേതനയറ്റു  നിന്നു . എന്തുചെയ്യണമെന്നറിയാതെ  കുഴങ്ങി  നിന്ന  അയാളോട്  ചേര്‍ന്ന്  നിന്ന് അവളൊന്നു  മന്ദഹസിച്ചു . ഈ  മഞ്ഞു  പെയ്യുന്ന  പരപരാ  വെളുപ്പിനും  ഉഷ്ണിക്കുന്നത് അയാളറിഞ്ഞു . ഒന്നും  ചെയ്യാനാകാതെ  ഒടുവിലയാള്‍  പോക്കറ്റില്‍  തപ്പി , കയ്യില്‍  തടഞ്ഞ  നൂറു  രൂപാ  നോട്ടെടുത്ത്  അവളുടെ  കയ്യിലേല്‍പ്പിച്ചു , എന്നിട്ട്  അടുത്തുകണ്ട  ഓട്ടോക്ക്  കൈകാണിച്ചു .  ഇത്  തീരെ  കുറഞ്ഞു  പോയെന്നും  മുന്നൂറെങ്കിലും വേണമെന്നുമവള്‍ ഒച്ച  കുറച്ചു  വിളിച്ചുകൂവുന്നുണ്ടായിരുന്നു .  അവളുടെ  മുഖത്ത്  നോക്കുകപോലും  ചെയ്യാതെ  അയാള്‍  ഓട്ടോയില്‍  കയറി . അവള്‍  ചുരുട്ടി  മുഖത്തേക്കെറിഞ്ഞ നോട്ടു  കുനിഞ്ഞെടുക്കാന്‍  പോലുമാവാതെ  തലകുമ്പിട്ട്  അയാള്‍  വീട്ടിലേക്കുള്ള  വഴിപറഞ്ഞു .

Friday, May 6, 2011

പട്ടിണിയുടെ രാഷ്ട്രീയം




കീറ്റെലവച്ചു ചോരാതെ സൂക്ഷിച്ച
പായസത്തുള്ളികളാണെന്‍റെ രാഷ്ട്രീയം .
കയ്യിലൊരുചുമടുചോറുമാ-
നെറ്റിയില്‍ വിയര്‍പ്പിന്‍ വരകളുമാ-
യോടിവിളമ്പുമവരെന്‍റെ നേതാക്കളും .

പറയുവാന്‍ രാഷ്ടീയമേറെയുണ്ടെന്നാലു-
മിപ്പോള്‍ വിളമ്പുമാക്കറിയുടെ കാലവും നിരയുമാ
ണെന്‍റെ ഇന്നത്തെ രാഷ്ട്രീയ സംഹിത .

ചോറു തീര്‍ന്നുപോയത്രേ!
വിശക്കുവാനാശ വിനാശമായത്രെ!

കാണുവാന്‍ ; വരംപോലുണ്ണുവാനാശിച്ചു-
കൊതിപ്പിച്ചു കടന്നൊരാ ചോറാണെന്‍റെദൈവം.

പായസത്തുള്ളികള്‍ ചോരാതെ സൂക്ഷിപ്പാനായി-
ക്കീറിയ കീറ്റെലയുമേന്നെനോക്കിച്ചിരിച്ചു,
പിന്നയാ  നേതാക്കളും.

Tuesday, May 3, 2011

പ്രധാനമന്ത്രിയോട് ഒരപേക്ഷ .




ഞാന്നൊരു അമ്മയാണ് . മൂന്നു കുട്ടികളുടെ അമ്മ. വീട് കാസര്‍ക്കോടാണെന്നു  കേള്‍ക്കുമ്പോഴേക്കും എന്‍റെ വേദന നിങ്ങള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞേക്കും. അതറിഞ്ഞുകൊണ്ട്തന്നെ ഞാനെഴുതുന്നു.

എന്‍റെ മൂന്നു മക്കളെയും ഡോക്ടര്‍മാര്‍  നമ്പരിട്ടു കഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍റെ ഇരകളുടെ നമ്പരുകളില്‍ ആദ്യ മൂന്നു സ്ഥാനം എന്‍റെ മക്കള്‍ക്കാണ്. ഒന്നാം നമ്പരുകാരി പഠിക്കാനും അങ്ങനെ തന്നെ ആയിരുന്നു. തലച്ചോറിലെ കോശങ്ങള്‍ ആ വിഷം ദിനംപ്രതി തിന്നുകൊണ്ടിരിക്കുയാണത്രേ. ആദ്യമൊക്കെ കരയുമായിരുന്നു. ഇപ്പോളവള്‍  അതും മറന്നിരിക്കുന്നു.

രണ്ടാമത്തെ മകള്‍ കാലും കയ്യും ശോഷിച്ച് തളര്‍ന്നു കിടക്കുന്നു.ബുദ്ധി പിറകോട്ടോടി പന്ത്രണ്ടു വയസ്സുള്ള അവള്‍ ഇപ്പോള്‍ ഒരു വയസ്സുകാരിയായി. വിശക്കുമ്പോള്‍ അവളെന്‍റെ വറ്റിയ മാറിടങ്ങള്‍ നോക്കി ചുണ്ടനക്കുന്നു. ഒന്നില്‍ നിന്നും പൂജ്യത്തിലേക്കുള്ള ദൂരം വളരെയടുത്താണെന്ന്‍ ഞാന്‍ മനസ്സിലാക്കുന്നു.

മൂന്നാമത്തെ മകള്‍ സദാ പിറുപിറുക്കുന്നു. കൂട്ടത്തി അവളാണ് ചെറിയൊരു ശബ്ദമെങ്കിലും സൃഷ്ട്ടിക്കുന്നത്‌. ബോധം മായാത്ത ഒരു നിമിഷത്തില്‍ അവളെന്നെയൊന്നു നോക്കി ദയനീയമായി ചിരിച്ചു., ഞാന്‍ മരിച്ചുപോകുമല്ലേയമ്മേ എന്ന് തോന്നിപ്പിക്കും വിധം ചുണ്ടനക്കി. തോന്നലല്ല. അവരുടെ ഓരോ നോട്ടവും , അനക്കവും, ശാസോച്ച്വാസം പോലും എന്തിനെന്നു ഞാനറിയുന്നു.

എന്‍റെ മക്കളെ ഈ വിധം ജീവച്ഛവങ്ങളാക്കിയ ആ വിഷം നിരോധിക്കരുതെന്നു അങ്ങ് പറഞ്ഞത് ഞാന്‍ കേട്ടു. പരാതിയില്ല .

എന്‍റെ മക്കളെ പോലെ നൂറുകണക്കിന് നമ്പറുകളെ കാണാന്‍ അങ്ങ് വരുമെന്നറിഞ്ഞു. ആ കൂട്ടത്തില്‍ ആദ്യത്തെതാണെങ്കിലും  എന്‍റെ വീട്ടിലേക്ക് ദയവായി അങ്ങ് വരരുത്. എന്തെന്നാല്‍ ,  അങ്ങേക്കും തരേണ്ടിവരുന്ന ഒരു കപ്പു ചായയില്‍, ഞാനൊരു തുള്ളി വിഷം ചേര്‍ക്കും. കാരണം  ഞാനൊരു അമ്മയാണ്.