Pages

Thursday, June 16, 2011

ചെറിയ ലോകം
തുറന്നിട്ട ജനാലക്കുള്ളിലൂടെയുള്ള പതിവ് ദൃശ്യങ്ങള്‍. വ്യത്യാസമെന്ന് പറയാന്‍ മഴയുണ്ട്. മരങ്ങള്‍ പുഞ്ചിരിക്കുന്നു. പ്രായം ഏറെയായത് കൊണ്ടാവണം ചെറുമരങ്ങളെപ്പോലെ മഴയത്ത് ആര്‍ത്തുല്ലസിച്ചു രസിക്കാന്‍ അവയ്ക്ക് കഴിയാത്തത്. അല്ലെങ്കിലൊരുപക്ഷെ   തന്നിലഭയാര്‍ഥിത്വം ഏല്‍പ്പിച്ച പുള്ളിന്‍റെ കൂട്ടിലെ മുട്ടയുടെ സുരക്ഷയെക്കരുതിയുമാവാം. ഇന്നലെയും കൂടി കണ്ടതാണ് രണ്ടു വണ്ണാത്തിപ്പുള്ളുകളെയും. അകലേന്നു കാറ്റില്‍ കയറിവരുന്ന മഴമേഘങ്ങളെ കുറിച്ച് വാതോരാതെ ചിലക്കുകയും ചെയ്തതാണ്. ഇന്ന്‍ കണ്ടില്ലല്ലോയെന്ന് ഓര്‍ത്തവണ്ണം അയാള്‍ വൃക്ഷക്കൂടിലേക്ക് നോക്കി.

മഴയൊന്നു തോര്‍ന്നു. വൃക്ഷത്തലപ്പുകളില്‍ മഴ ബാക്കിവച്ച് മേഘങ്ങള്‍ എങ്ങോ പോയി. ഇലകള്‍ പൊഴിച്ച മഴയും മെല്ലെ ചലനമറ്റു.അവിടവിടെയായി, തൂവാന്‍ വിതുമ്പി നില്‍ക്കുന്ന മഴത്തുള്ളികള്‍ സൂര്യപ്രകാശമേറ്റ് സ്ഫടികം  പോലെ.

കുറച്ചു സ്ഫടികത്തുള്ളികളെ  ഭൂമിയിലേക്ക്‌ പായിച്ച്, പുള്ളുകള്‍ ഇറങ്ങിവന്ന് വിശേഷങ്ങള്‍ പറഞ്ഞു.  വേനലൊഴിഞ്ഞ   ആശ്വാസവും, മഴയുടെ ഭയപ്പെടുത്തലും, മുട്ടവിരിയാനുള്ള കാലവും, ഇന്നലെ വൈകി വന്ന പരിഭവവും, അങ്ങനെ ഒരുപാടൊരുപാട് വിശേഷങ്ങളും.

ജീവിതം ചങ്ങലയണിഞ്ഞു മുറിയിലടച്ചിട്ട്‌, ജനാലയിലൂടെ മാത്രം കണ്ണുതുറക്കുന്ന തന്‍റെയീ ചെറിയ ലോകത്ത് മറ്റാര് വന്ന്‍ വിശേഷം പറയാന്‍.

ഓ! ഒരാളുണ്ട് . പറഞ്ഞില്ലെങ്കില്‍ മുഖം കറുപ്പിക്കും .

ദേവു! വെളുത്ത പെറ്റിക്കോട്ടും, ഇരുവശവും പിന്നി റിബണ്‍ കെട്ടിയ മുടിയും, കുഞ്ഞിചിലങ്ക പോലുള്ള കൊലുസും കിലുക്കി, കയ്യിലൊരു കമ്പിവടിയുമായി അവളിപ്പോഴെത്തും, പഴുത്തുവീണ പ്ലാവില കുത്തിയെടുത്ത് അവളുടെ ആട്ടിന്‍കുട്ടിക്ക് കൊടുക്കാന്‍. ചിലപ്പോള്‍ വരവ്  രണ്ടുപേരും കൂടിയാവും. അപ്പോളവളുടെ കയ്യിലൊരു കുഞ്ഞു വടിയും കാണും. കഴുകാത്ത പ്ലാവില കഴിച്ചതിനു ആടിനെ ശകാരിക്കുകയും, മെല്ലെ തല്ലുകയുമൊക്കെ ചെയ്യും.

ഇന്നവള്‍ക്ക്‌ സന്തോഷമാവും.മഴയത്ത് ധാരാളം പ്ലാവിലകള്‍ വീണ്കിടപ്പുണ്ട്.  

രണ്ടാഴ്ച കഴിഞ്ഞ് സ്കൂള് തുറക്കുമ്പോള്‍ അവളും അമ്മയ്ക്കൊപ്പം അച്ഛന്‍റെ ജോലിസ്ഥലത്തിനടുത്തുള്ള വാടകവീട്ടിലേക്കു പോകും. അതോടെ ഈ വര്‍ഷത്തെ തന്‍റെ മനുഷ്യക്കാഴ്ച്ചകള്‍ മറയും.

മഴ തോര്‍ന്നും പെയ്തും രണ്ടാഴ്ച വേഗമൊലിച്ചുപോയി. മഴയൊന്നു ശമിച്ച നേരം നോക്കി പുള്ളുകളിറങ്ങി വന്ന് ജനാലക്കരികിലെ പ്ലാവിന്‍റെ ശാഖയിലിരുന്നു. മുഖം മ്ലാനമാണ്!. മുട്ട വിരിഞ്ഞ കുഞ്ഞ് പറക്കാനറിഞ്ഞു പറന്നുമറഞ്ഞത്രേ. ദേവൂന്‍റെ സ്കൂളും തുറന്നിരിക്കണം. കണ്ടിട്ട് രണ്ടു ദിവസമാകുന്നു.

വേദനക്കിടയിലും ചങ്ങലയുടെ വേദനിപ്പിക്കലിനെക്കുറിച്ച് പുള്ളുകള്‍ നെടുവീര്‍പ്പെട്ടു. ഭാരം ചങ്ങലക്കിടാതെ പറന്നുപോയ മകനെയോര്‍ത്ത് ആശ്വസിച്ചിരിക്കണം.