Pages

Friday, August 26, 2011

ചങ്ങലകള്‍ക്കപ്പുറത്തേക്ക്


വീട്ടിലിപ്പോള്‍ ഇടക്കിടക്ക് കാളച്ചന്ത കൂടാറുണ്ടത്രേ. 250 പവനും കോടികളും വിലയുള്ള മൂരിക്കുട്ടനാണ് ഞാന്‍ എന്ന് വന്നവര്‍ വിലയിട്ടു.

ജല്ലിക്കെട്ട് കാള!

ലാഭത്തിനു ലേലമുറപ്പിക്കാനാകുമെന്ന പ്രതീക്ഷയില്‍ വന്നവര്‍ സന്തോഷിക്കുന്നു. അച്ഛന്‍റെ സന്തോഷം. അമ്മയുടെ സന്തോഷം. കുടുംബത്തിന്‍റെ സന്തോഷം. മുടി നരച്ച്, ചുളിഞ്ഞുകൂടിയ മുത്തശ്ശന്‍റെയും  മുത്തശ്ശിയുടെയും സന്തോഷം. കാലാകാലങ്ങളായി ബലിയിട്ടു വിളമ്പുന്ന സദ്യ കഴിക്കാന്‍ കാക്കയുടെ രൂപത്തില്‍ വിരുന്നു വരുന്ന പിതൃക്കളുടെ സന്തോഷം.

എനിക്ക് സന്തോഷിക്കണ്ടേ !

എന്‍റെ സന്തോഷത്തിനു പ്രസക്തിയില്ലാതിരിക്കുമോ !

പ്രസക്തിയുടെ അളവുകോല്‍ രൂപയുടെ മൂല്യമാണെങ്കില്‍ അതില്ലെന്നു തീര്‍ച്ച. ബാക്കിയായ 5 രൂപയ്ക്കു വാങ്ങിയ സിഗററ്റിന്‍റെ നീളത്തില്‍ കൂടുതല്‍ ദൈര്‍ഖ്യമുണ്ടാകുമോ  മകള്‍ക്കായി അവര്‍ കാത്തുസൂക്ഷിച്ച കോടികള്‍ക്ക്?  അസ്ഥിത്വമില്ലാത്ത ബന്ധങ്ങള്‍ക്ക് പേപ്പറില്‍ ചുരുട്ടിയ പുകയിലയെക്കാള്‍ ശക്തിയുണ്ടാകുമോ?.

ഇല്ലെന്നു കാലം തെളിയിച്ചതാണ്. തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ് .

എങ്കിലുമവര്‍ പരീക്ഷിതരാവാന്‍ തയ്യാറാണ്. തോല്‍ക്കുമെന്നുറച്ച്  സ്വയം പരിഹാസിതരാകാന്‍ ശ്രമിക്കുകയാണ്. തണുത്തുറഞ്ഞ നിര്‍വികാരതയാകും മറുപടി എന്നറിഞ്ഞും ബന്ധിപ്പിക്കാനുള്ള സ്വര്‍ണച്ചങ്ങല പണിയിച്ച്‌ അവര്‍ കാത്തിരിക്കുന്നു.

ഒരുപക്ഷെ  എല്ലാം തോല്‍‌വിയില്‍ ലയിപ്പിക്കപ്പെടുവാന്‍ വേണ്ടി സൃഷ്ട്ടിക്കപ്പെടുന്നതാവും.
ജീവിതവും, സമാധാനവും, പ്രണയവും; എന്തിന്, ആശകള്‍ ജനിപ്പിച്ച് വിത്തുകള്‍ പാകിയവസാനിക്കുന്ന രതി പോലും ഒരു തോല്‍വിയാണ്. സുഖങ്ങള്‍ക്കൊടുവിലെ നിര്‍വികാരമായ,ചോര വറ്റിയ നിരാശ.
ജീവിതത്തിനൊടുവിലെ മരണമെന്ന നിരാശ! പ്രണയത്തിനും വിവാഹത്തിനുമൊടുവിലെ  പ്രാരാബധങ്ങളുടെ നിരാശ !

ആശകള്‍ ജനിക്കുന്നത് നിരാശകള്‍ക്ക് വളമാകാന്‍ വേണ്ടിയാവും.

സിഗരറ്റിന്‍റെ പുക വളയങ്ങളുടെ രൂപമെടുക്കാന്‍ കൂട്ടാക്കുന്നില്ല. വിഫല ശ്രമം . നിരാശ. തോല്‍വി.

പക്ഷെ തോല്‍വിയിലും അയാള്‍ ചിരിച്ചു. ചിരിച്ചുചിരിച്ച് തോല്‍വികളോട് ഏറ്റുമുട്ടി. നിരാശകളെ വെല്ലുവിളിച്ചു. പ്രകൃതിയിലേക്കിറങ്ങി വന്ന ആദ്യ മനുഷ്യന്‍റെ നിസ്സഹായതയോടെ  പകച്ചു നിന്നുകൊണ്ടയാല്‍ ചിരിച്ചു.

എവിടെ എന്‍റെ  വിലക്കപ്പെട്ട കനി!

എവിടെ എന്‍റെ  വഴികാട്ടി !

എവിടെ എന്‍റെ  വാരിയെല്ലിന്‍ തുമ്പിലെ പ്രസവം!

നിരാശയും, തോല്‍വിയും, ചിരിയും, വിലക്കപ്പെട്ട കനിയും, വഴികാട്ടിയും,വാരിയെല്ലുമെല്ലാം രൂപമെടുക്കാന്‍ കൂട്ടാക്കാത്ത പുകയില്‍ മറഞ്ഞു.

വീണ്ടും എരുമകളുടെ ഉറ്റവരുടെയും ദല്ലാളന്‍മാരുടെയും അമറലുകളും വിലപേശലും. തൊഴുത്തന്‍റെ തൂണൊടിയാറായതറിഞ്ഞു  കാളയെ രക്ഷിക്കാന്‍ വന്ന ഭാവമാണവര്‍ക്ക് . അതെ സ്വരമാണവര്‍ക്ക്, അതേ വികാരമാണവരുടെ മുഖത്ത്.

ഇവിടെയൊന്നും മരിക്കുന്നില്ലെന്നും, എല്ലാം ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു മാറുകയാണെന്നും ഐസക്ക് ന്യുട്ടന്‍ പറഞ്ഞത് എത്ര സത്യം.

ആശകള്‍ പോലും ഒരാളില്‍ നിന്നും മറ്റൊരാളിലെക്കോ , അനേകര്‍ക്കുള്ളിലേക്കോ  നൂണ്ടിറങ്ങി പുതിയ ജീവിതപാത കണ്ടുപിടിക്കുന്നു. നിരാശകള്‍ക്ക് വഴിമാറി അത് ഉള്‍ക്കൊണ്ടിരുന്ന ശരീരം ജഡമാകുമ്പോഴേക്കും ആഗ്രഹങ്ങള്‍ മറ്റൊരാളിലേക്ക് കുടിയേറിയിട്ടുണ്ടാകും.

സാര്‍വത്രികമായ സഞ്ചാരപഥം!

ആഗ്രഹങ്ങള്‍ക്കും  വികാരങ്ങള്‍ക്കും  സുഖാന്വേഷണത്തിനുമപ്പുറം വിവാഹമെന്ന പൊതു ധാരണക്ക് ചിന്തകളുടെ ചിറകു മുളക്കുന്ന ധാരാളം നോടുകളുണ്ടാവും. ചിന്തിപ്പിക്കുന്ന ഞരമ്പുകളുടെ കൂടിച്ചേരലിന്‍റെ നോടുകള്‍ പോലെ ചിന്തകളുടെ ദിശ നിര്‍ണയിക്കുന്ന മാനസികമായ സംഗമസ്ഥാനങ്ങള്‍ . അതില്‍ ചിലത് ആപേക്ഷികമായും മറ്റുചിലത് സുസ്ഥിരമായ കര്‍മ കാണ്ഡത്തിന്‍റെ ആവശ്യകതയായും തോന്നിച്ചു.

സ്വര്‍ണവും പണവും മറ്റാസ്തികളും ആപേക്ഷികമായ വ്യഭിചാര ശമ്പളമായി അയാള്‍ കണക്കുകൂട്ടി. മാതാപിതാക്കളുടെ സുരക്ഷയും, 'ഞാന്‍' എന്ന വ്യക്തിയുടെ ആസ്വാദനവും ആവശ്യകതയുടെ ഗണത്തില്‍പ്പെടുത്തി. തീര്‍ച്ചയായും ഒരു വ്യക്തിയുടെ ആസ്വാദനം എന്നത് മറച്ചു പിടിക്കേണ്ടി വരും. 'അവള്‍ക്കു' കീഴ്പ്പെടുന്ന ഒരു ആണ്‍ വേശ്യയുടെ ചുമതലയെ തന്നില്‍ ശേഷിക്കുന്നുണ്ടായിരിക്കുകയുള്ളൂ.

വാര്‍ധക്യത്തില്‍ ഒരു ഊന്നുവടി മാത്രമായേക്കാം. ദിശാബോധമുള്ള നല്ലൊരു സാരഥി മാത്രമായേക്കാം. നല്ലൊരു തേരാളിയുടെ ചാട്ടവാരേറ്റു പിടഞ്ഞോടുന്ന ആശ്വമായെക്കാം. കണ്ണ് ചിമ്മാത്ത കാവല്‍ക്കാരനായേക്കാം.

പക്ഷെ ഞാന്‍ ഞാന്‍ മാത്രമാകും. മറ്റൊരാളായി അഭിനയിക്കാന്‍ തനിക്കൊരിക്കലും കഴിയില്ല. ഭര്‍ത്താവും, വേശ്യയും , ഊന്നുവടിയും, ആശ്വവും കാവല്‍ക്കാരനും ഒന്നുമാകാന്‍ തനിക്ക് തീര്‍ച്ചയായും കഴിയില്ല.

വിധേയത്വമെന്ന ചങ്ങലക്കു ആഭരണം എന്ന പേര് വിളിക്കാന്‍ ഒരിക്കലും കഴിയില്ല. അതിനു അടിമപ്പെടുവാന്‍ കൈയും കെട്ടി നിന്ന് കൊടുക്കുകയില്ല.

ഇനിയുള്ളത് മാതാപിതാക്കളുടെ സുരക്ഷയാണ്. സമാധാനമാണ് . ജീവിതമാണ്. ന്യായമായ ആവശ്യകതയാണ്. മകനെന്ന പ്രതീക്ഷയാണ്.

അതിനു ഞാനൊരു വേശ്യയാകേണ്ടി വരും. ഊന്നുവടിയും, ആശ്വവും, കാവല്‍ക്കാരനുമാകേണ്ടി വരും. തുലാസില്‍ തൂക്കിയ സ്വര്‍ണത്തില്‍ കണ്ണ് മഞ്ഞളിപ്പിച്ച് അന്ധത നടിക്കേണ്ടി വരും. പച്ചനോട്ടിന്‍റെ ഗന്ധത്തിനു മുന്നില്‍ മൂക്കുവിടര്‍ത്തേണ്ടി വരും.

കഴിയില്ല!

തീര്‍ച്ചയായും കഴിയില്ല!

ഞാന്‍ എന്ന സ്വാര്‍ത്ഥത , അഹങ്കാരം , അന്തത,  മൂഡത, ആശകള്‍, സ്വപ്‌നങ്ങള്‍, ഇവയൊന്നും മറ്റൊരാളിലേക്ക് പകര്‍ന്നു നല്‍കാന്‍ തയ്യാറല്ല. നൈമിഷികമായ ആഭിചാരങ്ങള്‍ക്ക് പോലും കീഴടങ്ങുക അസാധ്യമാണ്. 'ഞാന്‍' എന്ന മറ്റെല്ലാത്തിനും, ജീവിതത്തിനും വളമാകാന്‍ വേണ്ടി ചെറിയൊരു സന്തോഷം പോലും വളമായി ജീര്‍ണിപ്പിക്കാന്‍ വയ്യ. വളമായ ഒന്ന്, കാലക്രമേനെ മറ്റെല്ലാ സുഖങ്ങളെയും, മനസ്സിന്‍റെ എല്ലാ വിധങ്ങളായ സൗകുമാരികതയേയും അതില്‍ ലയിപ്പിക്കുമെന്ന തിരിച്ചറിവ് കൊണ്ടാവാം.

ശരിയാണ്!

എന്തെല്ലാം നേടിയാലും നഷ്ട്ടപ്പെട്ട ഒന്നിന്‍റെ ഓര്‍മയിലും സങ്കല്പത്തിലും നേടിയതെല്ലാം ഹോമിക്കുന്നത് മനുഷ്യരുടെ പൊതുസ്വഭാവമാണ്.

പൊരുതുക തന്നെ!
മനസ്സിന്‍റെ ഏതൊരു ശീതികരിണിയേയും അടിയറ വക്കാതെ കാലത്തിനൊപ്പം പൊരുതുക തന്നെ!.

തളരാത്ത  ലിബിയന്‍ ജനതയെ മാതൃകയാക്കി, കാലത്തിനു കീഴ്പ്പെടാത്ത ദൈവങ്ങളെ മാതൃകയാക്കി, മരിച്ചിട്ടും മരിക്കാത്ത ദൈവപുത്രന്മാരെ മാതൃകയാക്കി, പൊരുതുക തന്നെ!.

ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടയില്‍ ഒരു നര കൂടിയധികം വീഴുമായിരിക്കും, ഒന്നോ രണ്ടോ ചുളിവുകള്‍ വീണേക്കാം , കൂര്‍ക്കം വലിയുടെ ഒച്ച ചെവിടടപ്പിക്കുന്നതായേക്കാം, സ്വപ്നങ്ങള്‍ക്ക് ഭാവിയുടെ ചലനങ്ങള്‍ക്കപ്പുറത്ത് ഭൂതസ്മ്രിതികള്‍ വേണ്ടി വന്നേക്കാം.

എങ്കിലും, തോല്‍ക്കാന്‍ വയ്യ!

തീരുമാനിച്ചുറപ്പിച്ചു . പൊരുതുക!

കാളച്ചന്തക്ക്  വെളിയിലേക്ക് നടന്നു. ചെളിപുരണ്ട ചെരുപ്പുകള്‍ ദൂരേക്ക്‌ വലിച്ചെറിഞ്ഞു, നഗ്ന പാദനായി, ഒരു ജെല്ലിക്കെട്ട് കാളയുടെ ഉന്മേഷത്തോടെ.

ചുവടുകള്‍ക്ക് വേഗമേറി.
ഒടിയാറായ തൂണുകള്‍ സ്വയം ഉറപ്പിക്കണം.