Pages

Saturday, March 16, 2013

ഒരു പെണ്‍കുട്ടി


ഇരുട്ടിലേക്കിറങ്ങി നിന്നാണ് അവൾ സംസാരിച്ചത്. സ്വതവേ മരങ്ങൾ കൊണ്ട് തിങ്ങി ചന്ദ്രനില്ലാത്ത രാത്രികളെ നാട്ടുച്ചക്കുപോലും സമ്മാനിക്കുന്ന ഈ പറമ്പിലെ, സന്ധ്യ മൂടിയതും, അതിനുമേൽ വീണലിഞ്ഞ ഓല മേഞ്ഞ കൂരയുടെ നിഴലിന്റെ ഉള്ളിലുള്ളതുമായ ഒരു കോണിൽ നിന്നാണ് ഒച്ചയുടെ ഉടമസ്ഥയെ എനിക്ക് കണ്ടുകിട്ടിയത്. 

ചാണകം മെഴുകിയ  കോലായിലെ കൈവരിയുടെ തൂണിൽ ചാരിയിരുന്ന് പഴമയുടെ വിസ്മ്രിതിയിലാണ്ട് പോയ എന്നെ ഉണർത്തിയ ചോദ്യം.

"ഇങ്ങക്കെന്നെ പീടിപ്പിക്കണോ"

വറ്റിവരണ്ട തൊണ്ടയിൽ നിന്നും ഗദ്ഗദം പോലെയാണ് അത് പുറത്തുവന്നത്. 

ഒൻപതാം തരത്തിൽ പഠിക്കുന്ന ഇവൾക്കെങ്ങനെ 'പീഡനം' എന്ന് പറയാനായി എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ പുരികം സ്വയം മുകളിലേക്കായി ചോദ്യരൂപത്തിൽ നിന്നു.

മതിലുചാടി വന്നതാകണം. കാലു പൊട്ടി ചോര പൊടിയുന്നുണ്ട്.

മറുചോദ്യങ്ങൾ ഒഴിവാക്കി, ചിരിവരുത്തി, ദീർഖമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞു, - "കയറി വരൂ"

അവളുടെ മുഖം ഒന്നുകൂടി ഇരുളുകയും, കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞു മുറുകുകയും, കണ്ണുകളിൽ പ്രകടമായി തന്നെ ഭയം നിറയുകയും ചെയ്തു. 

തെല്ലു മടിച്ച്, തല താഴ്ത്തി, ചെളി കുഴച്ചുണ്ടാക്കിയ മൂന്നു പടികളിൽ ആദ്യത്തേതിൽ അവൾ കയറി നിന്നു.

നിശബ്ദമായ കുറച്ചു നിമിഷങ്ങൾക്കു ശേഷം, കോലായിൽ നിന്നിറങ്ങി, കയ്യെത്തി, അവളുടെ കയ്യില പിടിച്ച് ഉമ്മറത്തേക്കിരുത്തി. എന്നിട്ട് അകത്തു പോയി അത്യാവശ്യം മരുന്നും പഞ്ഞിയുമൊക്കെ എടുത്തുകൊണ്ടു വന്ന് മുറിവ് തുടച്ച് മരുന്നുവച്ച് കെട്ടിക്കൊടുത്തു. 

അപ്പോഴും തലകുമ്പിട്ട്‌ തന്നെ.

സീറോ വാട്ട്സ് ബൾബിന്റെ  വെട്ടത്തിൽ അവളൊരു കൊച്ചു രാജകുമാരിയെ പോലെ തോന്നിച്ചു. ഏതോ എണ്ണച്ഛായ  ചിത്രത്തിൽ 'ദുഖം ചാർത്തിയ മൗനം' ആവാഹിച്ച മോഡലിനെപ്പോലെ...

"ഇന്ന് സ്കൂളിൽ പോയില്ലേ?" -  മറുപടിയില്ല. 

"കാലെങ്ങനെ മുറിഞ്ഞു?; വീട്ടിലെല്ലാവരും അന്വേഷിക്കില്ലെ?; എന്തെങ്കിലും കഴിച്ചോ?"- ഒന്നിനും മറുപടിയില്ല.

ഞാൻ ദീർഖമായൊന്നു നിശ്വസിച്ചു. എന്റെ ക്ഷമ നശിച്ചാലോ എന്ന് ഭയന്നാവണം അവൾ മെല്ലെ ചുണ്ടനക്കി. 

"ഇങ്ങളെന്നെ എന്നും നോക്കാറുണ്ടല്ലോ?"

ഉണ്ടോ? ഞാൻ എന്നോട് തന്നെ ചോദിച്ചു. മനപ്പൂർവമായി നോക്കിയിട്ടില്ല. കാണുമ്പോൾ എല്ലാവരോടുമെന്നപോലെ ചിരിക്കാറുമുണ്ട്. കണ്ണുരുട്ടി ചിരിപ്പിക്കാൻ ശ്രമിക്കാറുമുണ്ട് ഇടക്കൊക്കെ. 

"ഞാൻ എല്ലാവരെയും നോക്കാറുണ്ട്. ചിരിക്കാറുമുണ്ട്."

തെല്ലിട നിരത്തി വീണ്ടും ചോദിച്ചു - "കുട്ടിയെന്താ വല്ലാണ്ടിരിക്കുന്നെ? സ്വന്തം ഏട്ടനെ പോലെ കരുതിയാൽ മതി.

അവളൊന്നു മുഖമുയർത്തി നോക്കി. ചെറുതായൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെടുമ്പോഴും ഒരു അവിശ്വസനീയത മുഖത്ത് നിഴലിക്കുന്നത് ഞാനറിഞ്ഞു. 

"ന്റെ കൂട്ടുകാരിയെ ഓര് കൊന്നു"

അതും പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു. ദയനീയമായി, നിസ്സഹായായി, നിഷ്ക്കളങ്കമായി, എല്ലാം നഷ്ട്ടപ്പെട്ടവളെ പോലെ ഹൃദയത്തിന്റെ അടിത്തട്ട് കണ്ണുകളിലൂടെ കോലായിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. 

എനിക്ക് ചിത്രം വ്യക്തമായിത്തുടങ്ങി. അപ്പൊ അതാണ്‌. 

വീടിനടുത്തുള്ള മറ്റൊരു പെണ്‍കുട്ടിയെ കുറച്ചുപേർ  ചേർന്ന് പീഡിപ്പിച്ചു കൊന്ന വാർത്ത കേട്ടത് ഒരാഴ്ച മുൻപാണ്. ആ പെണ്‍കുട്ടിയുടെ മുഖം പെട്ടെന്ന് മനസ്സിലൂടെ കടന്നു പോയി. അതെ. ഇവർ ഒന്നിച്ചാണ് സ്കൂളിലേക്ക് പോയിരുന്നത്. ഞാൻ രണ്ടുപേരോടുമാണ് ചിരിച്ചിരുന്നത്. രണ്ടുപേരോടുമാണ് കണ്ണുരുട്ടി ചിരിപ്പിക്കാൻ ശ്രമിച്ചിരുന്നത്. വഴിയരികിൽ കൂട്ടുകാരി മരിച്ചു കിടക്കുന്നത് ആദ്യം കണ്ടതെന്ന് മാധ്യമങ്ങൾ എഴുതിയത് ഇവളെക്കുറിച്ചാണ്.

അങ്ങനെയെങ്കിൽ പൊടിഞ്ഞു വീഴുന്ന ഈ കണ്ണുനീര് എന്നോടുള്ള പേടിയാണ്, ആണുങ്ങളോടുള്ള വെറുപ്പാണ്, ജീവിക്കാനുള്ള കൊതിയാണ്. 

അവളപ്പോഴും കരഞ്ഞുകൊണ്ടിരുന്നു. ഹൃദയം പൊട്ടുന്ന വേദനയോടെ ഞാനത് മനസ്സിലാക്കിക്കൊണ്ടും. 

കരയുന്നതിനിടയിൽ അവളിൽ നിന്നും പുറത്തേക്കു വന്ന വാക്കുകൾ മാഞ്ഞു പോകാതെ അന്തരീക്ഷത്തിൽ നിന്നും വീണ്ടു വീണ്ടും എന്നെ നോവിച്ചു.

"തുണിയൊന്നുമില്ലാതെ, റോഡിന്റെ സൈഡില്, ചുണ്ടൊക്കെ മുറിഞ്ഞു, ല്ലാരും കണ്ടു"

വാക്കുകൾ  മുഴുമിക്കും മുൻപ് കരച്ചിലിലേക്ക് വഴുതി വീണു മുഖം പൊത്തി അവളിരുന്നു. 

കൂട്ടുകാരിയുടെ മരണം പോലെ അവളെ വേദനിപ്പിച്ചത് മരണശേഷം കൂട്ടുകാരിയുടെ നഗ്നത ലോകം കണ്ടതിലാണ്. തന്റെ നഗ്നത ലോകത്തിനു മുൻപിൽ പ്രദർശിപ്പിക്കുന്നത് നൂറു തവണ കൊല്ലുന്നതിനെക്കാളും വേദനാജനകമാണെന്ന് ഈ ചെറുപ്രായത്തിലേ ഇവൾ തിരിച്ചറിഞ്ഞിരിക്കുന്നു. 

എന്റെ ചിരിയിലും നാളെ പീഡിപ്പിക്കാനുള്ള ആയുധം അവൾ കണ്ടിരിക്കണം. എന്റെ ചിരി എത്തിച്ചേരുന്നത് അവളുടെ നഗ്നതയിലെക്കാണെന്നും, അവിടെ നിന്നും മരണത്തിലേക്കും, ഒടുവിൽ വഴിയരികിൽ നിന്നും ലോകം തന്റെ നഗ്നത ദർശിക്കുമെന്നും അവൾ ഭയന്നിരിക്കുന്നു.

അവൾക്കു ജീവിച്ചു മതിയാകാനുള്ള പ്രായമായിട്ടില്ല. ജീവിച്ചു തുടങ്ങിയിട്ടില്ല. ലോകം പോയിട്ട് ചുറ്റുമുള്ളത് പോലും മുഴുവനായി കാണാനുള്ള പ്രായമായിട്ടില്ലവൾക്ക്. അച്ഛനേയും അമ്മയേയും, കുഞ്ഞനിയനേയും സ്നേഹിച്ച് മതിവന്നിട്ടുണ്ടാവില്ലവൾക്ക്. ഗൾഫിൽ നിന്നും അമ്മാവന കൊണ്ടു കൊടുത്ത തിളങ്ങുന്ന കുപ്പായമിട്ട് കൊതി തീർന്നിട്ടുണ്ടാവില്ല. പൈക്കളെയും പാടങ്ങളെയും കണ്ട് അത്ഭുതപ്പെട്ട്‌ മതിയായിട്ടുണ്ടാവില്ല ആ കണ്ണുകൾക്ക്‌. പൂക്കൾ പറിച്ചും പൂമ്പാറ്റകൾക്ക് പുറകേ ഓടിയും തളർന്നിട്ടുണ്ടാവില്ല. 

അപ്പോഴേക്കുമാണ് നഗ്നതയും മരണവും അവളെ ഭയപ്പെടുത്തുന്നത്‌. കഷ്ട്ടം. 

എന്താണ് ഞാനിവളോട് പറയുക. സ്നേഹത്തിന് കാമമല്ലാതെ മറ്റൊരു അർഥം ഉണ്ടെന്ന് ഞാനെങ്ങനെയാണ് ഇവളെ മനസ്സിലാക്കിക്കുക. ചിരിക്ക്, വശീകരണമല്ലാതെ ഒരായിരം ഭാവമുണ്ടെന്ന് എങ്ങനെയാണ് ഇവളെ പഠിപ്പിക്കുക. അച്ഛന് മകളോടും, സഹോദരന് സഹോദരിയോടുമുള്ള സ്നേഹത്തിന്റെ ആഴം മാറ്റമില്ലാതെ നിലനില്ക്കുന്നത് എങ്ങനെയാണൊന്നു ബോധ്യപ്പെടുത്തുക. 

ഇന്ന് നടന്നത് ഇന്നലെയും അരങ്ങേറിയിരുന്നെന്നും, അന്ന് മാധ്യമങ്ങൾ ഇല്ലായിരുന്നത് കൊണ്ടു പുറത്തറിയാതെ പോയതാണെന്നും പറഞ്ഞാൽ ഇവൾ വിശ്വസിക്കുമോ? നല്ലതിനെ എഴുതാതെയും, മോശമായതിനെ സ്ഥിരമായി വാർത്തകളിൽ നിറച്ചും (വാർത്തകൾ ഉണ്ടാവുന്നത് കൊണ്ടാണെന്ന് മനസ്സിലാക്കാഞ്ഞല്ല), ബാല്യകൌമാരങ്ങളെ ഭയത്തിന്റെ നിഴലിലും, ബന്ധങ്ങളുടെ ഊഷ്മളതയെ ചോദ്യചിഹ്നങ്ങളായും പരിവർത്തിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥയെ പറ്റി ആരോടാണ് ഞാനൊന്ന് പരാതിപ്പെടുക? 

അയൽക്കാരിയായ ചെറിയ പെണ്‍കുട്ടിയോട് സഹോദരതുല്യനാണെന്ന്  പറഞ്ഞാൽ, അതിനെപ്പോലും  കളിയാക്കി വിഷംകുത്തിവയ്ക്കുന്നവർക്കെതിരെ ഞാനെങ്ങനെയാണ് പ്രതികരിക്കേണ്ടത്? 

അവളുടെ കരച്ചിൽ തെല്ലൊന്നടങ്ങി. അവിശ്വസനീയത കണ്ണില്ലൊളിപ്പിച്ച്‌ പുഞ്ചിരിക്കുന്ന എന്നെ ഇടയ്ക്കിടയ്ക്ക് നോക്കി അവൾ അത്ഭുതപ്പെടുന്നത് എന്നെ പൊട്ടിചിരിപ്പിച്ചു. 

എന്റെ ചിരി അവളുടെ മനസ്സിനെ തണുപ്പിച്ചിരിക്കണം. കണ്ണിൽ നിന്നും സംശയം കുറേശ്ശെയായി ഇറങ്ങിപ്പോകുന്നതും, കവിളുകളിൽ വിശ്വാസത്തിന്റെ നുണക്കുഴികൾ വിരിയുന്നതും കാത്ത് ഞാനിരുന്നു.