Pages
ലക്ഷ്മണ് കൊച്ചുകൊട്ടാരം
Saturday, March 16, 2013
Sunday, November 4, 2012
ഒരമ്മ, എന്റെ കൊച്ചുവീട്ടില്‍ അമ്മൂമ്മ
ഞാനാദ്യം കാണുമ്പോഴും കൊച്ചുവീട്ടില്‍ അമ്മൂമ്മക്ക് വയസ്സായിരുന്നു. കസവിന്റെ മുണ്ടും നേര്യതും, ചെറിയ കൂനും, ഒട്ടുമുക്കാലും നരച്ച മുടിയും, ചുളിവുകള്‍ വീണ ശ്രീത്വം തുളുമ്പുന്ന മുഖവും, രാവിലെയും വൈകുന്നേരവും കൃഷ്ണനെ കാണാനായി അമ്പലത്തിലേക്കുള്ള നടത്തവും, വിശാലമായ പറമ്പിലുടനീളം നടന്ന് തേങ്ങയും മാങ്ങയും പറങ്കിമാങ്ങയും അടക്കയും എടുത്തു വരുന്നതും, അവശേഷിച്ചിരുന്ന മൂന്നു പല്ലുകള്‍ക്ക് ആയാസമാകാതെ ചവക്കാനായി ഇടിച്ചു മാര്‍ദവപ്പെടുതുന്ന വെറ്റില മുറുക്കിന്റെ പ്രാരംഭ കാഴ്ചകളും, പുരാണഗ്രന്ഥങ്ങള്‍ വായിക്കുന്നതും, അതിലെ ഏടുകള്‍ കുഞ്ഞു കുഞ്ഞു കഥകളായി പറഞ്ഞുതന്നിരുന്നതുമെല്ലാം അത് പോലെ തന്നെ.
പിന്നെ 'ലെശ്ശണാ' എന്നുള്ള വിളിയും.
ഇത് കൊച്ചുവീട്ടില്‍ അമ്മൂമ്മ. എന്റെ അമ്മയുടെ അമ്മയുടെ അമ്മ. എന്റെ സ്വന്തം മുത്തശ്ശി.
എനിക്ക് ഓര്‍മ്മകള്‍ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞത് മുതല്‍ മുത്തശ്ശിയുണ്ട്. സ്കൂള്‍ വിട്ടു വന്ന്, മുത്തശ്ശന്റെ ചാരുകസേരയില്‍ കിടന്ന് കാലു രണ്ടും കൈവരിയില്‍ നിവര്‍ത്തി വച്ച് രാജാവിനെ പോലെ കിടക്കുമ്പോള്‍, വെള്ളി പിഞ്ഞാണത്തില്‍ ചോറും നെയ്യും, പഴവുമായി കസേരയുടെ അടുത്തുള്ള കട്ടിലില്‍ മുത്തശ്ശി ഇരിക്കും. 'ചോറ് തരട്ടെ' എന്ന് ചോദിക്കില്ല. "അങ്ങ് ദൂരെ, ആകാശത്തിന്റെ അപ്പുറത്ത്, ദേവന്മാരും രാക്ഷസന്മാരും യുദ്ധം തുടങ്ങി...". കഥ തുടങ്ങും. ദേവന്മാരുടെ ശക്തി കണ്ട് വാ പൊളിച്ചു കിടക്കുമ്പോള്‍ , ചോറും പഴവും നെയ്യും കുഴച്ച ഒരു ഉരുള വായില്‍ വച്ചു തരും....
അങ്ങനെയങ്ങനെ സ്കൂള്‍ വിട്ടു വന്ന എത്രയെത്ര വൈകുന്നേരങ്ങള്‍...
പഴവും ചോറും നെയ്യും കുഴച്ച എത്രയെത്ര ഉരുളകള്‍...
എത്രയെത്ര കഥകള്‍....
ഇരുപതഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു. ഒരുപാടൊരുപാട് മാറ്റങ്ങളിലൂടെ കടന്നു പോയി. ചിലത് ഓര്‍മകളില്‍ വരുന്നി ആഴത്തില്‍ പടര്‍ന്നു. മറ്റുചിലത് വേര് ദ്രവിച്ച് മണ്മറഞ്ഞു.
ഇക്കഴിഞ്ഞ ഓണത്തിന് പോയപ്പോഴാണ് കൊച്ചുവീട്ടിലമ്മൂമ്മയെ തിരഞ്ഞത്. മുറിയുടെ പുറത്തേക്കു ഒരുപാടൊന്നും ഇറങ്ങാറില്ലെന്ന് അമ്മൂമ്മ പറഞ്ഞു.
മെല്ലെ കതകു തള്ളിത്തുറന്ന് അകത്തു കടന്നപ്പോള്‍ കട്ടിലില്‍ കൂനികൂടി ഇരിക്കുന്നു. മാറ്റമെന്ന് പറയാനൊന്നുമില്ല. വയസ്സാവുന്നതിന്റെ അവസാനമാണ് ഞാന്‍ മുത്തശ്ശിയെ കണ്ടു തുടങ്ങിയത് എന്നത് കൊണ്ടായിരിക്കും.
ആര്‍ക്കും ഇതിനുമപ്പുറം വയസ്സാവാന്‍ കഴിയില്ലേ എന്ന് ചിന്തിച്ചു ഒരു നിമിഷം.
വളരെ അടുത്ത് ചെന്നിട്ടും എന്നെ മനസ്സിലായില്ല. ചിരിച്ചുകൊണ്ട് ഓര്‍മ്മകള്‍ ചികയുകയാണെന്ന് തോന്നി. ഒടുവില്‍ മുത്തശ്ശിയോടു ചേര്‍ന്നിരുന്ന് ദുര്‍ബലമായ ആ കയ്യിലെ വിറയ്ക്കുന്ന വിരലുകള്‍ ചേര്‍ത്ത് പിടിച്ചപ്പോള്‍ ചിരിയുടെ ഒച്ച പുറത്തുചാടി.
"ലെശ്ശണാ"
വിറയ്ക്കുന്ന ആ വിളിയില്‍ തന്നെ ഞാനുരുകി ചെറുതായി. കുട്ടിനിക്കറും ഇട്ട്, ഷര്‍ട്ടിടാതെ ഓടുന്ന, കഥകള്‍ കേട്ട്, ചോറും പഴവും നെയ്യും കൂട്ടി ഉണ്ണുന്ന, ചാരുകസേരയില്‍ കാലുകയറ്റി വച്ച് വാപൊളിച്ചിരിക്കുന്ന ചെറിയ കുട്ടിയായി.
"എപ്പോ വന്ന്,... ഇന്നലെ ഞാന്‍ സാവിത്രിയോടു (അമ്മൂമ്മ) ചോദിക്കേത്, ലശ്ശനന്‍ വന്നാന്ന്"
ഞാന്‍ ചിരിച്ചു. എന്ത് പറയണമെന്നറിയാതെ കണ്ണുകള്‍ നിറഞ്ഞു.
"നിനക്ക് കഥ കേള്‍ക്കണ്ടേ"
ഞാന്‍ പൊട്ടിക്കരഞ്ഞുപോയി . എന്തിനാണെന്നറിയാതെ ചെറിയ കുട്ടിയെ പോലെ ഞാന്‍ പൊട്ടിപ്പൊട്ടി കരഞ്ഞു. ചിലപ്പോള്‍ മുത്തശ്ശിയുടെ ആ ചോദ്യം എന്നെ ശെരിക്കും ആ ചെറിയ കുട്ടിയുടെ നിഷ്കളങ്കതയിലേക്ക് കൂട്ടികൊണ്ട് പോയിരിക്കണം.
അതറിഞ്ഞ പോലെ മുത്തശ്ശി എന്റെ മുടിയില്‍ തലോടി.
എന്താ ചോദിക്കുക എന്നോര്‍ത്ത് 'ഗോപി മാമന്‍' (മകന്‍ ) വന്നോ എന്ന് ചോദിച്ചു.
"ല്ലാരും വന്നര്‍ന്നു"
എന്നിട്ട് ഓരോ മക്കളുടെ പേരും, അവരുടെ ഭാര്യമാരുടെയും കൊച്ചുമാക്കളുടെയും വയസ്സും ക്ലാസും സ്ഥലവും ഒക്കെ പറഞ്ഞു.
"ല്ലാരും ഓണത്തിന് മുണ്ടും നേര്യതും കൊണ്ടെതന്നു. പിന്നെ പോകെലേം. മുറുക്കൊന്നൂല്ല. കൊണ്ടന്നോണ്ട് മേടിച്ചു വക്കേത്".
തുറന്നു കിടന്ന അലമാരയിലേക്ക് ഞാന്‍ എണീറ്റ്. അടുക്കടുക്കായി വച്ചിരിക്കുന്ന മുണ്ടും നേര്യതും പഴയൊരു ജുളിക്കടയെ ഓര്‍മപ്പെടുത്തി. പിന്നെ മെല്ലെ മുത്തശ്ശിയുടെ കണ്ണുകളിലൂടെ നടന്നു.
മുത്തശ്ശി കഥ തുടങ്ങി.
"ല്ലാരും വന്ന് പോകും. അവരൊക്കെ വല്ല്യ വല്ല്യ ഉദ്യോഗസ്തന്മാരല്ലേ, തിരക്കാണ്. പിന്നെ മനുഷ്യനായിട്ട് ജനിച്ചാല് സങ്കടണ്ടാവും. ഇല്ലാണ്ടിരിക്കാന്‍ ദേവന്മാര്‍ക്കോലും പറ്റൂല."
കേള്‍ക്കാന്‍ കൊതിച്ചിരുന്ന പോലെ ഞാന്‍ വീണ്ടും മുത്തശ്ശിയോടു ചേര്‍ന്നിരുന്നു.
"അമ്മ വന്ന് തിരികെ വിളിക്കും വരെ സീതയ്ക്ക് ദുഃഖം മാത്രായിരുന്നു. സരയൂ നദിയില്‍ ചാടി ആത്മാഹുതി ചെയ്യും വരെ രാമനും സമാധാനല്ലാണ്ട് നടന്നില്ലേ. സതി മരിച്ചപ്പോ പരമശിവന്‍ എല്ലാം ഉപേക്ഷിച്ച് ധാരു വനത്തിലൂടെ അലഞ്ഞു നടന്നില്ലേ. അപ്പ പിന്നെ മനുഷ്യമ്മര്ടെ കഥ പറയണോ."
വല്ലപ്പോഴും മാത്രം വീട്ടില്‍ വരുന്ന മക്കളെ കുറിച്ച് ഞാന്‍ മോശമായി ചിന്തിച്ചാലോ എന്ന് കരുതിയാണ് മുത്തശ്ശി അങ്ങനെ പറഞ്ഞതെന്നെനിക്കറിയാം.
എല്ലാവര്ക്കും മറുപടികളുണ്ടാവും. വയസ്സായവര്‍ക്ക് ജല്പനനലുണ്ടാവും. ദൂരവും നാടും വ്യത്യാസമുണ്ടാകും. കുടുംബഗളില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകും. തിരക്കുകള്‍ ഒരുപാടോരുപാടുണ്ടാവും. സ്വപ്‌നങ്ങള്‍ ഇനിയും ബാക്കിയുണ്ടാവും. ചവിട്ടി കയറാന്‍ പടികളും കടമ്പകളും ഇനിയുമുണ്ടാവും.
പടികള്‍ കടന്നു പോകുന്നത് എങ്ങോട്ടാണെന്ന് ആര്‍ക്കും അറിയുകയുണ്ടാവില്ല. കാലത്തിന്റെ ഒഴുക്കിനൊപ്പം ന്യായീകരണങ്ങളും നിലക്കില്ല. ആരെയും കുറ്റപ്പെടുത്താന്‍ ഞാനാളുമല്ല.
നേടുന്നതിനെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ നഷ്ട്ടപ്പെടുന്നതിനെക്കുറിച്ചു അറിയില്ലായിരിക്കും. ആവോ.
ഇന്നലെ കല്പറ്റ നാരായണന്‍ മാഷിന്റെ കവിത വായിച്ചപ്പോള്‍ മനസ്സില്‍ ഊറിക്കൂടിയത് കൂടി എഴുതണം എന്ന് തോന്നുന്നു.
ഓരോ അമ്മമാരും കൊല്ലപ്പെടുകയാണ്.
മക്കള്‍ അറിഞ്ഞുകൊണ്ട്,
അറിയാത്തതായി ഭാവിച്ചു കൊണ്ടും,
അവര്‍ തന്നെ അത് ചെയ്യുന്നു.
ഉടുക്കാത്തവ സമ്മാനിക്കുമ്പോള്‍,
ഇഷ്ട്ടമില്ലാത്ത്ത ഭക്ഷണം അതറിയാതെ വിളമ്പുമ്പോള്‍,
മറ്റു തിരക്കുകള്‍ ഉണ്ടായിരുന്നെന്ന് പറയുമ്പോള്‍,
വയസ്സായില്ലേ എന്ന് ചോദിക്കുമ്പോള്‍
അമ്മക്കിപ്പോ എന്താ കുറവ് എന്ന് സ്വയം ചോദിക്കുമ്പോളൊക്കെ
അമ്മമാരെ നിങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്.
നിങ്ങള്‍ അവരെ അറിഞ്ഞിട്ടില്ലെന്ന്.
നിങ്ങളാല്‍ അവര്‍ കൊല്ലപ്പെടുകയാണെന്ന്.
ഏതായാലും എനിക്ക് ഒരു കാര്യം ഉറപ്പുണ്ട്. എന്റെ അമ്മയെ ഞാന്‍ കൊല്ലപ്പെടുത്തില്ല. നിങ്ങള്‍ കാണിച്ചു തന്ന ആ വഴിയിലൂടെ ഞാന്‍ നടക്കില്ല. ദൈവങ്ങളുന്ടെങ്കില്‍ അവരതിനെന്നെ അനുഗ്രഹിക്കട്ടെ. (ഇത് എഴുതിയതിനു ആരും എന്നെ വേറുക്കാതിരിക്കട്ടെ)
Saturday, August 4, 2012
നിഴലുകള്‍ സംസാരിക്കുന്നത്
ഉച്ചയുറക്കത്തിന്റെ മധ്യത്തിലാണെന്നു തോന്നുന്നു, മുറിയിലേക്ക് അനേകായിരം നിഴലുകള്‍ ചാടി വീണു. അവ കൂട്ടം കൂട്ടമായും, ഒറ്റതിരിഞ്ഞും; എനിക്ക് ചുറ്റും ഓടിയും, ചാടിയും, മെയ്‌വഴക്കം മുറ്റിയ അഭ്യാസിയെ പോലെ കീഴ്‌മേല്‍ മറിഞ്ഞു ഭയപ്പെടുത്തി.
പുതപ്പിന് വെളിയിലേക്ക് തെല്ലൊന്നു പുറംചാടിയ ഇടതുകാലിന്റെ തള്ളവിരല്‍ വേഗം ഉള്ളിലേക്ക് വലിച്ചിട്ട്, കഴുത്തു വരെ ഒരു തരിമ്പും കാട്ടാതെ ഒളിച്ചു. കഴുത്തു പിടിച്ച് ഞെരിച്ച്, ശ്വാസം മുട്ടിച്ചു കൊല്ലാതിരിക്കാനാണ് കഴുത്തില്‍ രണ്ടു ചുറ്റ് അധികം ചുറ്റിയത്. ശ്വാസം മുട്ടിയുള്ള മരണമാണ് ഒരിക്കലും ഇഷ്ട്ടപ്പെടാത്തതും എന്നും ഭയപ്പെടുത്തിയിരുന്നതും.
അര മണിക്കൂറിലേറെയായി . നിഴലുകളില്‍ ചിലത് കട്ടിലിന്റെ അരികുകളില്‍ ചാഞ്ഞും, ചരിഞ്ഞും, ചാഞ്ഞാടിയും ഇരുന്നു. മറ്റുചിലത് ആള്‍പൊക്കമുള്ള ഖടികാരത്തിന്റെ നാഴികമാണിയില്‍ തൂങ്ങി ഊഞ്ഞാലാടി. മറ്റുചിലത് മിനിറ്റ് സൂചിയും സെക്കന്റ് സൂചിയും വലിച്ചു നടന്നു. ജനാലയിലെ മരത്തിന്റെ അഴികല്‍ക്കുള്ളിലൂടെ പുറത്തുള്ള മാവിന്റെ ചില്ലകളിലേക്ക് കയറിപ്പോയി ചിലത്.
സൂര്യനെ അവര്‍ക്കും പേടിയാണെന്ന് മനസ്സിലായത് ഒരാശ്വാസം പോലെ നെഞ്ചില്‍ തണുപ്പുകൂട്ടി. സൂര്യന്‍ കാറ്റിനൊപ്പം ഉള്ളിലേക്ക് വരുമ്പോഴേക്കും നിഴലുകലെല്ലാം എങ്ങോട്ടൊക്കെയോ ഓടി. പിന്നും, കുട്ടിക്കരണം മറിഞ്ഞ്, ഇരുട്ടിന്റെ കറുത്ത ഗൌണുമിട്ട് അവര്‍ തിരിച്ചു വന്നു.
സമയമേറെക്കഴിഞ്ഞും അവ പോകാതായപ്പോഴാണ് ശരിക്കും പേടിച്ചത്. സാധാരണ പത്തു മിനിറ്റ് കൊണ്ട് പോകുന്നവരാണ്! ഒടുവില്‍ ധൈര്യം സംഭരിച്ച്, മെല്ലെ ആരും കേള്‍ക്കാത്ത ഒച്ചയില്‍, തല താഴ്ത്തി ഇരുന്നുകൊണ്ട് ചോദിച്ചു
"നിങ്ങള്‍ പോണില്ലേ"
മറുപടിയില്ല.
മൌനത്തിലേക്ക് തലയുയര്‍ത്തി ഒരല്‍പം കൂടി ഒച്ചയില്‍ ചോദിച്ചു
"നിങ്ങള്‍ പോണില്ലേ"
മറുപടിയില്ല.
ക്രമേണ ഒച്ച കൂടിക്കൂടി, അതൊരലര്ച്ചയായി
"നിങ്ങള്‍ പോണില്ലേ"
അലറ്ച്ചക്കൊടുവില്‍ ഭ്രാന്തമായ കരച്ചില്‍.
"ഞങ്ങള്‍ സംസാരിക്കാറില്ല"
അശരീരി പോലെയാണ് ശബ്ദം കേട്ടത്. ആ ശബ്ദത്തിന്റെ ദിക്കറിയാനെന്നവണ്ണം അവള്‍ ചെവികൂര്‍പ്പിച്ചു വച്ച്, ദൈന്യമായി കണ്ണുകള്‍ നിഴലുകളിലേക്ക് നിവര്‍ത്തി വച്ച്, ഒരിക്കല്‍ കൂടിയെന്ന് അപേക്ഷിച്ചു.
"ഞങ്ങള്‍ സംസാരിക്കാറില്ല"- കൂട്ടത്തില്‍ നീളന്‍ കുപ്പായമിട്ട, മാജിക്കുകാരുടേത് കണക്കിന് നീളന്‍ തൊപ്പിവച്ച നിഴലാണ്.
"അതെന്താ സംസാരിക്കാതെ"
"ഞങ്ങളുടെ ജോലി ഭയപ്പെടുത്തലാണ്. അതിനപ്പുറം ഞങ്ങളുടെ ഒച്ച മറ്റാരും കേള്‍ക്കാറില്ല. വിരലടയാളങ്ങള്‍ ഞങ്ങളുടെ കൈക്കുള്ളില്‍ മാത്രം നിലനില്‍ക്കുന്നു. ഞങ്ങളുടെ ഗന്ധം പോലും പുറത്തു പോകാറില്ല. ഒച്ചപോലെ അതും തിരിച്ചെടുക്കാനാവാത്ത കടത്തില്‍ പെട്ടതാണ്".
"നിഴലുകല്‍ക്കെന്താണ് കടം. ഞാന്‍ സഹായിക്കാം" - അവളുടെ പേടിയൊക്കെ അപ്പോഴേക്കും മാഞ്ഞു തുടങ്ങിയിരുന്നു.
നിഴലുകള്‍ പരസ്പരം സംസാരിച്ചു തുടങ്ങി. ആദ്യമായി ഭാഷ പഠിച്ച മനുഷ്യരെപ്പോലെ നിഴലുകള്‍ തലങ്ങും വിലങ്ങും ഓടി നടന്ന് സംസാരിച്ചു. പ്രപഞ്ചം അവരില്‍ നിന്നും കേള്‍ക്കുകയും, അവരുടെ ഗന്ധം കാറ്റില്‍ പറത്തി വിടുകയും, അവരുടെ ചെഷ്ട്ടകള്‍ ചുമരുകളില്‍ കോറുകയും ചെയ്തു.
അതില്‍ നിന്നെല്ലാം വെത്യസ്തമായി ഒരു നിഴല്‍ മാത്രം അനങ്ങാതെയും, മിണ്ടാതെയും നിന്നു. കൈകള്‍ ചോദ്യരൂപത്തിലാക്കി "എന്തുപറ്റി" എന്ന് ചോദിച്ചപ്പോള്‍ അതും അത് ആവര്‍ത്തിച്ചു. അടുത്തേക്ക് വരൂ എന്ന് കൈകാട്ടി വിളിച്ചപ്പോള്‍ അതും അങ്ങനെ തന്നെ കാട്ടി.
സ്വന്തം നിഴല്‍ മാത്രം സത്യസന്ധമായി പെരുമാറി!
സൂര്യന്‍ പെട്ടെന്ന് മാഞ്ഞു. ഇരുളിന്റെ വലിയൊരു നിഴല് വീടിന്റെ പരിസരത്തേക്കു വന്നലച്ചു. അപ്പോഴേക്കും ചെറുനിഴലുകളെല്ലാം മുറിപൂട്ടി വെളിയിലേക്കിറങ്ങി നടന്ന്. വലിയ നിഴലിന്റെ അടുത്ത് ചെന്ന് തൊഴുതു കുമ്പിട്ടു നിന്നു. ആര്‍ത്തു ചിരിച്ചുകൊണ്ടവര്‍ വലിയ നിഴലിനു മുന്നില്‍ തലകുത്തി മറിഞ്ഞ് രസിപ്പിച്ചു.
വലിയ നിഴലിനു രാത്രിയുടെ രൂപമായി. ഭാവം മാറി. കറുത്ത കണ്ണാടിയില്‍ രൂപം കണ്ടു തൃപ്തിയടഞ്ഞ രാത്രി നിഴല്‍ പുറത്തു നിന്നും പൂട്ടിയ വാതിലുകള്‍ ഒച്ചയോടുകൂടി തുറന്നു മലര്‍ത്തി. രാക്ഷസന്റെ ജല്പ്പനങ്ങളുംമായി പൊട്ടിച്ചിരിച്ചു. ചിരി മെല്ലെ കറുത്തു കൊണ്ട് മുറി മുഴുവന്‍ പരതി. കട്ടിലിന്റെ നിഴലിനെ ചവിട്ടി നടുവൊടിച്ചു; അലമാരയുടെ നിഴലിനെ വലിച്ചു കീറി രണ്ടാക്കി. നാഴിക മണിയും ഖടികാരവും തറയില്‍ വീണു പിടഞ്ഞു. അവയില്‍ പറ്റിപ്പിടിച്ചിരുന്ന നിഴലുകള്‍ മുകളിലേക്ക് നോക്കി കിടന്നു പിടഞ്ഞു.
ഇരയെവിടെ എന്ന് വലിയ നിഴല്‍ അലറി.
ഫാനില്‍ കൊരുത്ത്, കഴുത്തില്‍ രണ്ടു ചുറ്റുചുറ്റി, തൂങ്ങിയാടിയ അവളെ പോലെ, മിണ്ടാതെ സത്യസന്ധയായ നിഴലും തൂങ്ങിയാടി.
ഒരിക്കലും മിണ്ടാത്ത നിഴല്‍ അപ്പോഴവളോട് പറഞ്ഞു - "മരണമെങ്കിലും നിന്റെ ചാരിത്രിയം നശിക്കാതെ കാത്തു"
Thursday, August 2, 2012
ഉണ്ണിക്കുട്ടിയുടെ "ആണ്‍കാഴ്ചകള്‍".
"ആറു മണിക്കൂറെങ്കിലും എടുക്കും. വീട്ടിലെക്കെത്താനെ, വേണോച്ചാ ലേശം
മയങ്ങിക്കോളുട്ടോ"
മറുപടിയായി വിയര്‍ത്ത കണ്ണുകളുമായി ഉണ്ണിക്കുട്ടി ഒന്ന് നോക്കി. നിറഞ്ഞ കണ്ണുകളിലൂടെ അയാള്‍ സ്വന്തം പ്രതിരൂപത്തെ തന്നെ നോക്കി. അവയുടെയുള്ളിലെ അകലങ്ങളില്‍ താന്‍ പ്രകാശിക്കുന്നതയാല്‍ നോക്കിക്കണ്ടു.
"ഉണ്ണിക്കുട്ടീ", ഇത്തവണ കൈകള്‍ ചേര്‍ത്തുപിടിച്ച് പതിഞ്ഞ സ്വരത്തിലാണ് അയാള്‍ വിളിച്ചത് . കാറിന്‍റെ തണുപ്പിനുള്ളിലിരുന്ന് ചൂട് പകരാന്‍ ശ്രമിച്ചു .
അവഗണിക്കാനാവാത്ത ആ ചൂടില്‍ ചാഞ്ഞിരുന്ന് അവള്‍ കണ്ണീരിന്‍റെ അച്ഛനെ തേടി. കവിളിലുരുമ്മിയ അയാളുടെ നെഞ്ചിലെ രോമങ്ങളെ വെറുത്തു. കാറിന്‍റെ തണുപ്പിനെയും, സഹതാപത്തെയും, സഹതാപത്തില്‍ നിന്നും വികാരത്തിലേക്ക് ചുവടുവെപ്പിക്കാന്‍ ശ്രമിക്കുന്ന ചൂടിനേയും വെറുത്തു .
ഒരു പെണ്ണായിപ്പോയതിന്‍റെ നീറ്റലില്‍ സ്വയം വെറുത്തു . സമാനമായ നീറ്റലുകള്‍ ഉണ്ടായതിനെക്കുറിച്ച് ഓര്‍ത്തെടുത്തു , പെണ്ണായിപ്പോയതിന്‍റെ വേദന പരതുകയായിരുന്നു യാത്ര.
ഈ ആണുങ്ങള്‍ക്ക് എല്ലാ വികാരങ്ങളുടെയും ഒടുക്കം സെക്സ് ആണോ. ചിരിയും കരച്ചിലും ദേഷ്യവും സങ്കടവും, ആശ്വസിപ്പിക്കലും, സഹതാപവും, ലോകത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുള്ള എല്ലാ വികാരങ്ങളും സെക്സ് എന്നതിലെക്കാണോ അവര്‍ ബുദ്ധിപൂര്‍വ്വം കരുനീക്കുന്നത്. വെത്യസ്തരായ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇതിനിടയില്‍ കണ്ടുമുട്ടാതിരിക്കുമായിരുന്നോ. അച്ഛന്‍
പോലും മറ്റു പെണ്ണുങ്ങളോട് അങ്ങനെ കാണിച്ചിട്ടുണ്ടാവണം. കാരണം ആണുങ്ങളുടെ പൊതു ചര്‍ച്ച പെണ്‍കുട്ടികളും, പൊതു വികാരം സെക്സ്ഉം ആണ്. അതിനപ്പുറമുള്ള ഒരു ലോകത്തേക്ക് അവര്‍ എന്നാണു ആനയിക്കപ്പെടുക. അതോ ദൈവം അവരെ സൃഷ്ട്ടിച്ചത് പുനര്‍ സൃഷ്ട്ടി നടത്താന്‍ വേണ്ടി മാത്രമായിരിക്കുമോ?.
ഒരു പിടി ചോദ്യങ്ങള്‍. ഓര്‍മ്മകള്‍. ഒന്നും എങ്ങുമെത്തില്ല .
ഓര്‍മ്മവച്ചത് എന്നായിരുന്നു എന്നതിനെക്കുറിച്ചായിരുന്നു ആദ്യ അന്വേഷണം. സ്കൂളിലേക്കുള്ള യാത്രയും, അച്ഛന്‍റെ നെഞ്ചില്‍ നിന്നും അമ്മയുടെ അരികിലേക്ക് പോകാന്‍ വെമ്പല്‍ കൊണ്ടതും, അമ്മയുടെ തല്ലില്‍ നിന്നും അപ്പൂപ്പന്‍റെ നെഞ്ജിലേക്ക് ഓടിക്കയറിയതും ഓര്‍ത്തു. ഓര്‍മ്മകള്‍ക്കൊന്നും തെളിച്ചം ഇല്ല. ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു ഊര്‍ന്നിറങ്ങി ചിന്തകളൊക്കെ വഴിതെറ്റി .
ആണും പെണ്ണും തമ്മില്‍ തിരിച്ചറിയാനാവാത്ത കാലത്തെക്കുറിചോര്‍ക്കുന്നത് അപക്വമെന്ന് പരിഭവിച്ചു.
അനിയന്‍ കൂട്ടുകാര്‍ക്കൊപ്പം മണ്ണില്‍ കിടന്നുരുളുമ്പോള്‍ അറപ്പാണ് തോന്നിയിരുന്നത്. അവരെറിഞ്ഞിട്ട മാമ്പഴത്തിന്‍റെ പങ്കുപറ്റി ദൂരെ മാറിനിന്ന് അതാസ്വദിക്കുമ്പോള്‍ പെണ്ണായത് നന്നായെന്നു ഇന്നത്തെ ചിന്തകളില്‍ തോന്നിയിരിക്കണം. അല്ല! തോന്നിയിട്ടുണ്ട്.
മാറ് മുളച്ചു പൊന്തിയപ്പോഴും, പിന്നതു വിരിഞ്ഞു പെണ്ണായി മാറുംമ്പോഴുമെല്ലാം നേരിട്ട കൂര്‍ത്ത നോട്ടങ്ങള്‍. കുളിമുറിയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ ആ നോട്ടങ്ങള്‍ കോര്‍ത്തെടുത്തു താനതാസ്വതിച്ചിരുന്നു എന്ന് രഹസ്യമായി സന്തോഷിച്ചിരുന്നത് ഓര്‍ത്തു.
ഇല്ല !. അപ്പോഴൊന്നും പെണ്ണായിപ്പോയതില്‍ വേദനിച്ചിട്ടില്ല .
ആ. പിന്നൊന്നുണ്ടായി.
കാവിലെ ഉത്സവം!. പത്തിലെ പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട് കാത്തിരുന് ദിവസങ്ങളിലായിരുന്നു മൂന്നു ദിവസത്തെ ഉത്സവം. അടുത്ത കൂട്ടുകാരികളെ കാണാനുള്ള സന്തോഷം. ഒരു മാസം മുന്‍പേ പുതിയ ജോഡി ഡ്രസ്സ് തയ്പ്പിച്ചു കാത്തിരുന്നു. ഉച്ചക്ക് ഊണുകഴിച്ച് ദൂരെ നിന്ന് വന്ന ബന്ധുക്കളുമായി സംസാരിക്കുന്നതിനിടയില്‍ ഒരു വേദന. വയറിന്‍റെ അടിയില്‍ നിന്നും എന്തോ കൊളുത്തി വലിക്കുന്ന പോലെ. തലയിണ വയറ്റില്‍ വച്ച് കമഴ്ന്നു കിടക്കുമ്പോഴും "അതാവല്ലേ" എന്ന് കാവിലമ്മയോട് പ്രാര്‍ഥിച്ചു .
പ്രാര്‍ത്ഥന കേട്ടില്ല!
ശരീരം കൊണ്ടും മനസ്സ് കൊണ്ടും പെണ്ണായിപ്പോയതിനെ വെറുത്തത് ആദ്യമായി അന്നാണ്.
വീണ്ടും ആര്‍ത്തവങ്ങള്‍ അലോസരം സൃഷ്ടിച്ചു കൊണ്ട് കടന്നു വന്നു. വെറുക്കാന്‍ കാരണങ്ങളില്ലാതെ അത് ജീവിതത്തിന്‍റെ ഭാഗമായി .
പിന്നീടൊന്നും ഓര്‍ത്തുവച്ചു വെറുക്കാനാവാത്ത വണ്ണം പ്രണയം ശക്തിപ്രാപിച്ചിരുന്നു. ഉണ്ണുമ്പോഴും, നടക്കുമ്പോഴും, ഇരിക്കുമ്പോഴും , എല്ലായ്പ്പോഴും പ്രണയം . കരയുന്നതും ചിരിക്കുന്നതും
പ്രണയിക്കുന്നതിനെ ചുറ്റിപ്പറ്റി മാത്രമായി. എന്തിന്, കുളിമുറിയിലെ രഹസ്യമായ ചിരികള്‍ പോലും അവനെയോര്‍ത്തായിരുന്നു .
നാട്ടുകാര്‍ക്കെന്താ എന്ന് അവന്‍ ചെവിയില്‍ ഉറക്കെ ചോദിച്ചപ്പോള്‍ സ്വയം ചിന്തിച്ചു. നാട്ടുകാര്‍ക്കെന്താ !
അവന്‍ മറ്റൊരു പെണ്ണിനെ കൂടെക്കൂട്ടിയപ്പോള്‍, അതിന്‍റെ പേരില്‍ കല്യാണാലോചനകള്‍ മുടങ്ങി അനിയത്തിമാര്‍ക്കു മുന്നില്‍ വഴിമുടക്കി , കല്യാണ ബ്രോക്കര്‍മാര്‍ക്ക് മുന്നില്‍ അച്ചന്‍ ചെറുതാവുന്നത് കണ്ടപ്പോഴും സ്വയം ചോദിച്ചു .
നാട്ടുകാര്‍ക്കെന്താ !
ഒടുവിലവന്‍ ചിരിക്കുന്നതും, നാട്ടുകാര്‍ അടക്കം പറയുന്നതും, അച്ചന്‍ കരയുന്നതും കണ്ടു, രണ്ടാമതൊരിക്കല്‍ കൂടി വേദന തികട്ടി. പെണ്ണായിപ്പോയതിന്‍റെ വേദന!
വിവാഹം ഒരാശ്വാസമായി ഇപ്പൊ ദേ ഒരു പരിചയവുമില്ലാത്ത ഒരാളെ വിവാഹം കഴിച് എങ്ങോട്ടോ പോകുന്നു. ഒരിക്കലും കുറ്റം പറയാതിരുന്ന അച്ഛനെയും, ഒപ്പം നിന്ന അനിയത്തിമാരെയും, കരഞ്ഞു ബോധം പോയ അമ്മയെയും പകുതിയിലുപെക്ഷിച്ചു അവരുടെ അനുഗ്രഹവും വാങ്ങി കാറിന്‍റെയുള്ളില്‍. വേദന മുറുകുകയാണ് ,വീണ്ടുമൊരിക്കല്‍ കൂടി.
വേദനകള്‍ ഇനിയുമുണ്ടായേക്കാം.അറിയില്ല. ഓരോ തവണയും ഇനിയിങ്ങനെയുണ്ടാവില്ല എന്ന് കരുതി വിഡ്ഢിയാവുന്നതിലുമപ്പുറം മുന്‍വിധികള്‍ ഉണ്ടായിരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു.
കാലം സാക്ഷി.
Monday, April 23, 2012
കക്കയം പറയാതെ പറഞ്ഞത്
കക്കയം യാത്ര മനോഹരമയായ പടര്‍പ്പു ചെടികള്‍ക്കിടയിലൂടെ കോടമഞ്ഞിന്‍റെ ഒഴുക്കുപോലുള്ള ഒരു നനുത്ത നടത്തമായിരുന്നു. കാടാണെന്ന ഓര്‍മ്മപ്പെടുത്തലുമായി കുറെ കുരങ്ങന്മാരും, താന്‍ വരുമെന്ന ഭീഷണിയുടെ ലിഖിതങ്ങളായ ആനപിണ്ടങ്ങളും പേരറിയാത്ത കുറെ കിളിയൊച്ചകളും. മലകളുടെ താഴെ സ്വര്‍ണം നിറഞ്ഞൊഴുകുന്ന പുഴ. സൂര്യന്‍ ഗര്‍ഭം ധരിപ്പിച്ചു പോയതാവണം.
മലയുടെ പകുതിയുടെ മടിയില്‍ മെനഞ്ഞിട്ട കരിങ്കല്‍ ഭിത്തിയില്‍ കണ്ണെത്താത്ത ദൂരത്തേക്ക് കാലു തൂക്കി കുറച്ചൊന്നിരുന്നു. ഇഷ്ട്ടപ്പെടുന്ന ചിരികള്‍ക്കും സന്തോഷത്തിന്‍റെ നിറവുകള്‍ക്കും മീതെ തനിച്ചാവുന്നത് ഇതാദ്യമായല്ല. കാരണം സ്വയം അന്വേഷിക്കുകയായിരുന്നു. അതിന്‍റെ അവസാനം മലയുടെ അടിവാരത്താണ് കൊണ്ടെത്തിച്ചത്.
ഒരു പ്രതിമ! . അടിയന്തരാവസ്ഥയുടെ മൂകസാക്ഷികള്‍ പടര്‍ന്നു കയറിയ രാജന്‍റെ പ്രതിമ.
പിന്നീടുള്ള മലകയറ്റത്തില്‍ മലകള്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്ന പോലെ. അന്ന് രാജന്‍റെ നിലവിളിയൊച്ചയില്‍ ചെവിപൊത്തിയ ചെറുമരങ്ങള്‍ക്ക് ഇന്ന്‍ വയസ്സായിരിക്കുന്നു. ചിലത് ജീവന്‍റെ അര്‍ത്ഥമില്ലായ്മയില്‍ മുരടിച്ചു. അവയോരോന്നും രാജന്‍റെ വേദനയുടെ, ഒരച്ഛന്‍റെ കാത്തിരിപ്പിന്‍റെ വേദനിക്കുന്ന പ്രതീകങ്ങളായി. ആ കഥകള്‍ക്ക് മേലെയാണ്, ആ ഒച്ചയുടെ ഇടയിലൂടെയാണ് മുകളിലേക്ക് കയറേണ്ടതെന്ന തിരിച്ചറിവാണ് ഈ മൂകത. ഉരുട്ടിക്കൊന്ന ശേഷം ആശ്വാസത്തിനായി പിശാചുക്കള്‍ വലിച്ചു കൂട്ടിയ ബീഡിയുടെ തുണ്ടുകള്‍ പോലെ, ഒടിഞ്ഞു വീണ മരക്കുറ്റികളും; അവ സൃഷ്ട്ടിച്ച പുക പോലെ കോടമഞ്ഞും. അസഹനീയമായി ഓര്‍മകളും കാഴ്ചകളും വിരല്‍കോര്‍ത്തു.
ഒരുപാട് നാളായി എന്തെങ്കിലും എഴുതിയിട്ട്. എഴുതാത്ത കഥകള്‍ ഒന്നിന് മേലെ ഒന്നായി കുമിഞ്ഞു കൂടുന്നു. എഴുതുന്നതിന്‍റെ ആത്മസുഖം കൈവിട്ടുപോകുന്നത് കൊണ്ടല്ല. മടി കൊണ്ടുമല്ല. അറിയാത്ത കാരണങ്ങള്‍ പുക പോലെ മൂടിക്കെട്ടുന്നു. രാജനെ അതിലലിയിപ്പിക്കാന്‍ വയ്യ. രാജന്‍ അച്ഛനോട് പറയാന്‍ മരങ്ങളെയും മുള്‍പ്പടര്‍പ്പുകളെയും ഏല്‍പ്പിച്ചത് ഒരു ദൂതനെ പോലെ പറഞ്ഞു തീര്‍ക്കണം .
Blog Archive
ചങ്ങായിമാര്
About Me
- lakshman kochukottaram
- പുതിയ സുഹൃത്ക്കള്‍ വരുന്നു പോകുന്നു........... കടന്ന പോകുന്ന മനസ്സിന്റെ ഇടനാഴികളില്‍ അവര്‍ കോറി ഇട്ട വരകളിലും കുറികളിലും രക്തം കിനിയുന്നു . മറവിയെന്ന മരുന്ന് ഒരിക്കലും പുരളിക്കാതെ ഇറ്റ് വീഴുന്ന ഓരോ രക്തതുള്ളികളിലും ഞാന്‍ അവരെ ഓര്‍ക്കുന്നു................. അങ്ങനെ അങ്ങനെയത്രെ ജീവിതം.
Powered by Blogger.