"ങ്ങള് എയ്തുന്നത് ആത്മകഥകളാണോ"
ശ്രദ്ധിച്ചാല്‍, മറുപടി പറഞ്ഞാല്‍, പറഞ്ഞുകൊണ്ടേയിരിക്കേണ്ടി വരുമെന്നതിനാല്‍ ഉറക്കം നടിച്ചു.
"ഇങ്ങളോടാ ചോയിച്ചേ, പറയീ ഇങ്ങള് എയുതുന്നത് ആത്മകഥയല്ലേ"
ഇത്തവണ കൈമുട്ടുകള്‍ കൊണ്ട് അടുത്തിരിക്കുന്ന എന്‍റെ കൈകളില്‍ ഇടിച്ചുകൊണ്ടാണ് ചോദ്യം. ഇനി ഉത്തരം പറയാതെ തരമില്ല. പറയും വരെ ഈ ഇടി തുടര്‍ന്നുകൊണ്ടേയിരിക്കും. കൈകള്‍ തളരില്ല. തളര്‍ന്നാലും, സമ്മതിച്ചു തരാതെ, ഇടിയുടെ ശക്തി കൂട്ടുകയും കുറക്കുകയും ചെയ്തുകൊണ്ടിരിക്കും.
എങ്കിലും ഇടി നിര്‍ത്തില്ല.
"ടീ, ഇത് ബസ്സാണ്, ആളുകള്‍ ശ്രദ്ധിക്കും"
അവള്‍ ഇത്തവണ ക്രൂരമായൊന്നു നോക്കാന്‍ ശ്രമിച്ചു. പക്ഷെ ചുണ്ടുകള്‍ കോട്ടിയുള്ള ആ നോട്ടത്തിലും നിഷ്കളങ്കത മുഴച്ചു നിന്നു.
ഒരു നിമിഷത്തിനു ശേഷം ഇടി തുടര്‍ന്നു.
"ഇങ്ങളെന്നോട് മിണ്ടണ്ട" - ജനാലയോട് കൂടുതല്‍ പറ്റിച്ചേര്‍ന്നിരുന്നു.
മനസ്സില്‍ ഞാന്‍ എണ്ണിത്തുടങ്ങി. പത്തു വരെ എണ്ണുന്നതിനു മുന്‍പേ ഇടി വീണ്ടും തുടങ്ങും.
അഞ്ചു വരെയേ എണ്ണിയുള്ളൂ!
"ങ്ങളെന്നെ ഉമ്മ വച്ചത് ഞാനിന്നമ്മയോടു പറയും, നോക്കിക്കോ"
പറഞ്ഞതിത്തിരി ഒച്ചത്തിലായോന്നൊരു സംശയം എനിക്ക് മാത്രമാണ് തോന്നിയത്. പക്ഷെ തൊട്ടു മുന്നിലത്തെ സീറ്റിലിരുന്ന ചെക്കന്‍ തിരിഞ്ഞു നോക്കി. അവള്‍ തല വെളിയിലിട്ട് പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് എന്നെ നോക്കും. തല എവിടേലും ഇടിച്ചാലും ഇങ്ങക്കെന്താ എന്ന ഭാവത്തില്‍.
ഇടി ഇപ്പോഴുമുണ്ട്!
സ്റ്റോപ്പ് എത്താറായി - "വാ ഇറങ്ങണ്ടെ, സ്റ്റോപ്പ് എത്താറായിന്ന്"
"ഇല്ല". ഒച്ചത്തിലാണ് അതും പറഞ്ഞത്.
"ങ്ങളാ പുളിമാങ്ങേന്‍റെ രുചീള്ള പെണ്ണിന്‍റെ ചുണ്ടും നോക്കി പൊക്കോ"
പൊട്ടിച്ചിരിച്ചുപോയി. ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതാണ് കാര്യം.ആഴ്ചപ്പതിപ്പിലെഴുതിയ പുതിയ കവിതയെക്കുറിച്ചാണ്. ചിരിച്ചുകൊണ്ട് എഴുന്നേറ്റ് ഡോറിന്‍റെ അടുത്തേക്ക് നടന്നു. അവള്‍ക്കു ഒരു കുലുക്കവും ഇല്ല.തല കുറച്ചും കൂടി പുറത്തേക്കു നീട്ടി ഒന്നും ശ്രദ്ധിക്കാത്ത മട്ടിലിരുന്നു.
കണ്ടക്ടര്‍ ബല്ലടിച്ചു!
ഇറങ്ങാന്‍ തുടങ്ങുമ്പോഴേക്കും അയ്യോന്ന് വിളിച്ചോണ്ട് അവളും ഓടി വന്ന് ഇറങ്ങി.
"ങ്ങള് പറയോ അതോ ഞാനമ്മേനോട് പറയണോ "
ചിരി നിര്‍ത്താന്‍ കഴിയുന്നില്ല.ചിരിയുടെയൊടുവില്‍ അല്ലെന്നു തലയാട്ടി.
"ങ്ങക്കിത് നേരത്തെ പറഞ്ഞാപ്പോരെ"- മുഖമൊന്നു വിടര്‍ന്നു.
"പറഞ്ഞാല്‍ നിന്‍റെ ഇടി എനിക്ക് കിട്ടോ"
"ഇങ്ങള് ബാലരമേന്‍റെ പോലത്തെ കഥ എയ്തിയാ മതി"
വീണ്ടും ചുണ്ടുകള്‍ കോട്ടി. ഇത്തവണ ചിരിച്ചു.
"നിനക്കറിയില്ലേ, അത് വെറും കവിതയാണെന്ന്"
"ഉം" - അവളൊന്നു മൂളി.
"പിന്നെന്തിനാ ചോദിച്ചോണ്ടിരുന്നെ"
"ഇല്ലെങ്കി എനിക്കിങ്ങളെ ഇടിക്കാന്‍ പറ്റോ!"
ഇരുവരുടേയും ചിരികളില്‍ തോളുകളുരുമ്മി.