Pages

Wednesday, November 30, 2011

മുല്ലപ്പെരിയാറും , കൊച്ചിയും, പിന്‍കുറിപ്പും




കാലമിതൊരുപാടായി
ഒരു രാജാവും റാണിയും
ഇണചേരാതെ,
നക്കിയും, തലോടിയും, കൈകള്‍ കോര്‍ത്ത്‌ പിടിച്ചും
നേരം പോക്കുന്നു.

രാജാവിന്‍റെ വയറിനു താഴെയായി
ആരോ പണ്ട് കല്ലുകൊണ്ടൊരു
മറയുണ്ടാക്കി പോലും.
ഞെക്കിയും ഞെരങ്ങിയും
ഇപ്പോഴാണിത്തിരി മൂത്രമെങ്കിലും
പുറത്തേക്കൊഴുക്കാനായത്.
അതും, പുറത്തു കണ്ടാലവര്‍
കുമ്മായം കൊണ്ടൊട്ടിക്കും.

ഹിതെന്തു പാടെന്നു ചോദിച്ചു രാജാവ്,
പ്രിഷ്ട്ടം കൊണ്ടൊരു പണി കൊടുത്തു.
ജൈവകവും രാസവും പള്ളക്കകത്ത്നിറഞ്ഞു
ഗ്യാസ് കയറിയതാണത്രേ.
സംഭവം ഉഷാര്‍,
കുമ്മായത്തിനു പഴയ പവറില്ല.
ആഞ്ഞു ശ്രമിച്ചാല്‍ ഉടന്‍ രക്ഷ.

രാജാവും റാണിയും
രതിമൂര്‍ച്ചയിലെത്തുമ്പോള്‍
അരലക്ഷമാത്മാവ്
പരലോകത്തെത്തും.

എന്നും നിയമസഭ കൂടണമെന്ന്
കക്ഷിരാഷ്ട്രീയജാതിമതഭേദമന്യേ
ജനപ്രധിനിധികള്‍.
രാജാവിന്‍റെ ശുക്ലം
തിരുവനന്തപുരം വരെ തെറിക്കില്ലെന്നു
പിന്‍കുറിപ്പ്.

Monday, November 14, 2011

ഒരു പൈങ്കിളി ഓര്‍മ്മക്കുറിപ്പ്‌




"ങ്ങള് എയ്തുന്നത്‌ ആത്മകഥകളാണോ"

ശ്രദ്ധിച്ചാല്‍, മറുപടി  പറഞ്ഞാല്‍, പറഞ്ഞുകൊണ്ടേയിരിക്കേണ്ടി വരുമെന്നതിനാല്‍  ഉറക്കം നടിച്ചു.

"ഇങ്ങളോടാ ചോയിച്ചേ, പറയീ ഇങ്ങള് എയുതുന്നത് ആത്മകഥയല്ലേ"
ഇത്തവണ കൈമുട്ടുകള്‍ കൊണ്ട് അടുത്തിരിക്കുന്ന എന്‍റെ കൈകളില്‍ ഇടിച്ചുകൊണ്ടാണ് ചോദ്യം. ഇനി ഉത്തരം പറയാതെ തരമില്ല. പറയും വരെ ഈ ഇടി തുടര്‍ന്നുകൊണ്ടേയിരിക്കും. കൈകള്‍ തളരില്ല. തളര്‍ന്നാലും, സമ്മതിച്ചു തരാതെ, ഇടിയുടെ ശക്തി കൂട്ടുകയും കുറക്കുകയും ചെയ്തുകൊണ്ടിരിക്കും.
എങ്കിലും ഇടി നിര്‍ത്തില്ല.

"ടീ, ഇത് ബസ്സാണ്, ആളുകള്‍ ശ്രദ്ധിക്കും"
അവള്‍ ഇത്തവണ ക്രൂരമായൊന്നു നോക്കാന്‍ ശ്രമിച്ചു. പക്ഷെ ചുണ്ടുകള്‍ കോട്ടിയുള്ള ആ നോട്ടത്തിലും നിഷ്കളങ്കത മുഴച്ചു നിന്നു.
ഒരു നിമിഷത്തിനു ശേഷം ഇടി തുടര്‍ന്നു.

"ഇങ്ങളെന്നോട് മിണ്ടണ്ട" -  ജനാലയോട് കൂടുതല്‍ പറ്റിച്ചേര്‍ന്നിരുന്നു.

മനസ്സില്‍ ഞാന്‍ എണ്ണിത്തുടങ്ങി. പത്തു വരെ എണ്ണുന്നതിനു മുന്‍പേ ഇടി വീണ്ടും തുടങ്ങും.
അഞ്ചു വരെയേ എണ്ണിയുള്ളൂ!

"ങ്ങളെന്നെ ഉമ്മ വച്ചത് ഞാനിന്നമ്മയോടു പറയും, നോക്കിക്കോ"
പറഞ്ഞതിത്തിരി ഒച്ചത്തിലായോന്നൊരു സംശയം എനിക്ക് മാത്രമാണ് തോന്നിയത്. പക്ഷെ തൊട്ടു മുന്നിലത്തെ സീറ്റിലിരുന്ന ചെക്കന്‍ തിരിഞ്ഞു നോക്കി. അവള്‍ തല വെളിയിലിട്ട്‌ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് എന്നെ നോക്കും. തല എവിടേലും ഇടിച്ചാലും ഇങ്ങക്കെന്താ എന്ന ഭാവത്തില്‍.
ഇടി ഇപ്പോഴുമുണ്ട്!

സ്റ്റോപ്പ്‌ എത്താറായി - "വാ ഇറങ്ങണ്ടെ, സ്റ്റോപ്പ്‌ എത്താറായിന്ന്"
"ഇല്ല". ഒച്ചത്തിലാണ്  അതും പറഞ്ഞത്.
"ങ്ങളാ പുളിമാങ്ങേന്‍റെ രുചീള്ള പെണ്ണിന്‍റെ ചുണ്ടും നോക്കി പൊക്കോ"

പൊട്ടിച്ചിരിച്ചുപോയി. ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതാണ്‌ കാര്യം.ആഴ്ചപ്പതിപ്പിലെഴുതിയ പുതിയ കവിതയെക്കുറിച്ചാണ്. ചിരിച്ചുകൊണ്ട് എഴുന്നേറ്റ് ഡോറിന്‍റെ അടുത്തേക്ക് നടന്നു. അവള്‍ക്കു ഒരു കുലുക്കവും ഇല്ല.തല കുറച്ചും കൂടി പുറത്തേക്കു നീട്ടി ഒന്നും ശ്രദ്ധിക്കാത്ത മട്ടിലിരുന്നു.
കണ്ടക്ടര്‍ ബല്ലടിച്ചു!
ഇറങ്ങാന്‍ തുടങ്ങുമ്പോഴേക്കും അയ്യോന്ന് വിളിച്ചോണ്ട് അവളും ഓടി വന്ന് ഇറങ്ങി.

"ങ്ങള് പറയോ അതോ ഞാനമ്മേനോട് പറയണോ "
ചിരി നിര്‍ത്താന്‍ കഴിയുന്നില്ല.ചിരിയുടെയൊടുവില്‍ അല്ലെന്നു തലയാട്ടി.

"ങ്ങക്കിത് നേരത്തെ പറഞ്ഞാപ്പോരെ"- മുഖമൊന്നു വിടര്‍ന്നു.
"പറഞ്ഞാല്‍ നിന്‍റെ ഇടി എനിക്ക്  കിട്ടോ"
"ഇങ്ങള് ബാലരമേന്‍റെ പോലത്തെ കഥ എയ്തിയാ മതി"
വീണ്ടും ചുണ്ടുകള്‍ കോട്ടി. ഇത്തവണ ചിരിച്ചു.
"നിനക്കറിയില്ലേ, അത് വെറും കവിതയാണെന്ന്"
"ഉം" - അവളൊന്നു മൂളി.
"പിന്നെന്തിനാ ചോദിച്ചോണ്ടിരുന്നെ"
"ഇല്ലെങ്കി എനിക്കിങ്ങളെ ഇടിക്കാന്‍ പറ്റോ!"

ഇരുവരുടേയും ചിരികളില്‍ തോളുകളുരുമ്മി.

Tuesday, November 8, 2011

വിചിത്ര വിധി



വിചിത്രമായ വിധിയാണ് മുടികള്‍ക്കിടയില്‍ ഒളിഞ്ഞിരുന്നു പല്ലിളിക്കുന്നത്. ക്രൂരതയിലും നിസ്സഹായതയിലും സന്തോഷത്തിലും കഷ്ട്ടതകളിലും വേര്‍പാടുകളിലും എന്തിനു വേദനകളില്‍ പോലും അവയുടെ പല്ലുകള്‍ ഒരുപോലെ തിളങ്ങി. തലയില്‍ നിന്നും ദംഷ്ട്രകള്‍ ഇറങ്ങി വന്നു കണ്ണുകളെയോ കാതുകലെയോ മൂടുകയോ നിശ്വാസങ്ങളെ ചെറുക്കുകയോ, വായക്കും നാക്കിനും വിലങ്ങിടുകയോ ചെയ്തില്ല. അതുകൊണ്ട് അരുതാത്ത വിധികള്‍ കണ്ടു കണ്ണുകള്‍ നനയുകയും കാതുകള്‍ മരവിക്കുകയും വായില്‍ നിന്നും നാക്കുപിടഞ്ഞു അലര്‍ച്ച പുറത്തുവരികയും ചെയ്തു.

വിചിത്രമായ വിധി ഇപ്രകാരമാണ് ജീവിതവുമായി ധാരണയായത്.

വിധി 1 : ഇതുപോലൊരു അനിയനാണ് ഉണ്ടാവേണ്ടിയിരുന്നതെന്ന് ഒരുപാട് ചേട്ടന്മാരും ചേച്ചിമാരും, കൂട്ടുകാരുടെയും നാട്ടുകാരിലെയും. മറുവശത്ത്, മകനെയെങ്കിലും അനിയനെപോലെ വളര്‍ത്തെരുതെന്ന വാശിയില്‍ മകനെ തല്ലി വളര്‍ത്തുന്ന സ്വന്തം കൂടെപ്പിറപ്പ്‌.

വിധി 2 : ഒരുപാടുപേര്‍ പറഞ്ഞിരുന്നു നിന്നെപോലൊരു ഭര്‍ത്താവിനെയാണെനിക്കാഗ്രഹമെന്ന്. സഭകളിലവര്‍ ഭര്‍ത്താവേ എന്ന് വിളിച്ചു.  വിളിച്ചവരിലേറെയും ഉറ്റ സുഹൃത്തുക്കളായി. പക്ഷെ സ്വന്തം ഭാര്യ ഉപേക്ഷിച്ചുപോയി.

വിധി 3 : സുഹൃത്തുക്കളുടെ ഞരമ്പുകളില്‍ രക്തമെന്ന പോലെ അലിഞ്ഞു . രക്തത്തില്‍ കാന്‍സര്‍ കോശങ്ങള്‍ ഉണ്ടാകുമോയെന്ന് അവരുടെ ഭാര്യമാരോ ഭര്‍ത്താക്കന്മാരോ സംശയിച്ചു. പ്രകടിപ്പിച്ചില്ല. പകരം അവര്‍ ഭര്‍ത്താക്കന്മാരെയും ഭാര്യമാരെയും കീമോതെറാപ്പിക്ക് വിധേയരാക്കി.; സ്വയം മാറി നടക്കുന്നു.

വിധി 4 : ജോലിയില്ലാത്ത തലമുറയ്ക്ക് ജോലി നല്‍കണമെന്നറിഞ്ഞ് ഉണ്ടായിരുന്ന ജോലി ഇട്ടെറിഞ്ഞ്‌ ബിസിനസ്‌ തുടങ്ങിയ എന്നെ നോക്കി തലമുറകള്‍ അലറിച്ചിരിച്ചു , ആക്രോശിച്ചു "വല്ല പണിക്കും പോടാ ചെക്കാ".

തളര്‍ന്നില്ല. ഇനി ഒരിടം കൂടിയുണ്ട്. സ്വന്തം വീട്. തീരെ തിരിഞ്ഞു നോക്കിയിട്ടില്ല ഈയിടയായി. വാക്കുകളില്‍ കഠിനത ഏറാന്‍ കാരണമന്വേഷിച്ചു പോകണ്ടല്ലോ!. വീട്ടുപടിക്കലെത്തുമ്പോഴേക്കും തല കുമ്പിട്ടു പോയി. കണ്ണുകള്‍ കൂമ്പിയും ചെവികള്‍ പകുതിയടഞ്ഞും നാവ്     ഉള്‍വലിഞ്ഞും സ്വയം പാകപ്പെട്ടു. കോലായിലെ കിണ്ടിയിലെ വെള്ളം കൊണ്ട് കാലുകഴുകി പുറകോട്ടെടുക്കാനുറച്ച്‌ മുന്നോട്ടു വച്ചപ്പോഴേക്കും  അച്ഛനും അമ്മയും പ്രത്യക്ഷപ്പെട്ടു. രണ്ടുപേരും ഹൃദ്യമായി ചിരിക്കുന്നു. അമ്മ കോലായിലെ തൂണില്‍ ചാരി നിന്നു. അച്ഛന്‍ മുന്നോട്ടു വന്ന് തോളില്‍ തട്ടി. "നിന്നെപോലൊരു മകനാണ് ഞങ്ങള്‍ക്കുണ്ടായെന്നതില്‍ സന്തോഷിക്കുന്നു" എന്ന്‍.
ഞെട്ടി!. കണ്ണുകള്‍ ഇപ്പോഴാണൊന്നു നിറഞ്ഞത്‌.

Wednesday, October 19, 2011

അശ്ലീലവും യോഗയും.


മനസ്സ് പറയുന്നത് പോലെയല്ല 
വിരലുകള്‍ കോറുന്നത്.
ഇനി, വിരലുകള്‍ നോവിച്ചാലും പരിഭവിക്കാത്ത 
കീബോര്‍ഡുകള്‍   ഉണ്ടാകുമോ? 
ഉണ്ടാകണം. ഇല്ലെങ്കില്‍, 
സുഹൃത്തിനയച്ച അശ്ലീലം കാമുകിക്കായിപ്പോവില്ലല്ലോ.


ചോദ്യം രണ്ടാണ്. 
എന്തിനയച്ചുവെന്നും ആരുടെ forward ആണെന്നും?
രണ്ടും വെറുക്കപ്പെടേണ്ടതാണ്പോലും.
നിശബ്ദത  കൊണ്ട് തോല്‍പ്പിക്കാനും കഴിയുന്നില്ല.
ഒരു കണ്ടെത്തല്‍ !
യുറേക്കാ യുറേക്കാ എന്നലറാതെ അവള്‍ 
മറുഭാഷയില്‍ എന്തോ പുലമ്പി 
എന്‍റെ മുഖമിപ്പോള്‍  ജനനേന്ദ്രിയം പോലെയാണ് 
കാണ്‍വതവളെന്ന്.


തലയിലെന്തോ വീണു.
മാനമിടിഞ്ഞുവീണതാണോ അതോ തേങ്ങയാണോ? 
ഫ്ലാറ്റിന്‍റെ ഉള്ളിലാണല്ലോ,
തേങ്ങയല്ല. മാനം തന്നെ. 


യോഗ പരിശീലനം ഉടനെ ആരഭിക്കണം. 
മനസ്സ് പറയുന്നതേ വിരലുകള്‍ കോറാവൂ.

Friday, August 26, 2011

ചങ്ങലകള്‍ക്കപ്പുറത്തേക്ക്


വീട്ടിലിപ്പോള്‍ ഇടക്കിടക്ക് കാളച്ചന്ത കൂടാറുണ്ടത്രേ. 250 പവനും കോടികളും വിലയുള്ള മൂരിക്കുട്ടനാണ് ഞാന്‍ എന്ന് വന്നവര്‍ വിലയിട്ടു.

ജല്ലിക്കെട്ട് കാള!

ലാഭത്തിനു ലേലമുറപ്പിക്കാനാകുമെന്ന പ്രതീക്ഷയില്‍ വന്നവര്‍ സന്തോഷിക്കുന്നു. അച്ഛന്‍റെ സന്തോഷം. അമ്മയുടെ സന്തോഷം. കുടുംബത്തിന്‍റെ സന്തോഷം. മുടി നരച്ച്, ചുളിഞ്ഞുകൂടിയ മുത്തശ്ശന്‍റെയും  മുത്തശ്ശിയുടെയും സന്തോഷം. കാലാകാലങ്ങളായി ബലിയിട്ടു വിളമ്പുന്ന സദ്യ കഴിക്കാന്‍ കാക്കയുടെ രൂപത്തില്‍ വിരുന്നു വരുന്ന പിതൃക്കളുടെ സന്തോഷം.

എനിക്ക് സന്തോഷിക്കണ്ടേ !

എന്‍റെ സന്തോഷത്തിനു പ്രസക്തിയില്ലാതിരിക്കുമോ !

പ്രസക്തിയുടെ അളവുകോല്‍ രൂപയുടെ മൂല്യമാണെങ്കില്‍ അതില്ലെന്നു തീര്‍ച്ച. ബാക്കിയായ 5 രൂപയ്ക്കു വാങ്ങിയ സിഗററ്റിന്‍റെ നീളത്തില്‍ കൂടുതല്‍ ദൈര്‍ഖ്യമുണ്ടാകുമോ  മകള്‍ക്കായി അവര്‍ കാത്തുസൂക്ഷിച്ച കോടികള്‍ക്ക്?  അസ്ഥിത്വമില്ലാത്ത ബന്ധങ്ങള്‍ക്ക് പേപ്പറില്‍ ചുരുട്ടിയ പുകയിലയെക്കാള്‍ ശക്തിയുണ്ടാകുമോ?.

ഇല്ലെന്നു കാലം തെളിയിച്ചതാണ്. തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ് .

എങ്കിലുമവര്‍ പരീക്ഷിതരാവാന്‍ തയ്യാറാണ്. തോല്‍ക്കുമെന്നുറച്ച്  സ്വയം പരിഹാസിതരാകാന്‍ ശ്രമിക്കുകയാണ്. തണുത്തുറഞ്ഞ നിര്‍വികാരതയാകും മറുപടി എന്നറിഞ്ഞും ബന്ധിപ്പിക്കാനുള്ള സ്വര്‍ണച്ചങ്ങല പണിയിച്ച്‌ അവര്‍ കാത്തിരിക്കുന്നു.

ഒരുപക്ഷെ  എല്ലാം തോല്‍‌വിയില്‍ ലയിപ്പിക്കപ്പെടുവാന്‍ വേണ്ടി സൃഷ്ട്ടിക്കപ്പെടുന്നതാവും.
ജീവിതവും, സമാധാനവും, പ്രണയവും; എന്തിന്, ആശകള്‍ ജനിപ്പിച്ച് വിത്തുകള്‍ പാകിയവസാനിക്കുന്ന രതി പോലും ഒരു തോല്‍വിയാണ്. സുഖങ്ങള്‍ക്കൊടുവിലെ നിര്‍വികാരമായ,ചോര വറ്റിയ നിരാശ.
ജീവിതത്തിനൊടുവിലെ മരണമെന്ന നിരാശ! പ്രണയത്തിനും വിവാഹത്തിനുമൊടുവിലെ  പ്രാരാബധങ്ങളുടെ നിരാശ !

ആശകള്‍ ജനിക്കുന്നത് നിരാശകള്‍ക്ക് വളമാകാന്‍ വേണ്ടിയാവും.

സിഗരറ്റിന്‍റെ പുക വളയങ്ങളുടെ രൂപമെടുക്കാന്‍ കൂട്ടാക്കുന്നില്ല. വിഫല ശ്രമം . നിരാശ. തോല്‍വി.

പക്ഷെ തോല്‍വിയിലും അയാള്‍ ചിരിച്ചു. ചിരിച്ചുചിരിച്ച് തോല്‍വികളോട് ഏറ്റുമുട്ടി. നിരാശകളെ വെല്ലുവിളിച്ചു. പ്രകൃതിയിലേക്കിറങ്ങി വന്ന ആദ്യ മനുഷ്യന്‍റെ നിസ്സഹായതയോടെ  പകച്ചു നിന്നുകൊണ്ടയാല്‍ ചിരിച്ചു.

എവിടെ എന്‍റെ  വിലക്കപ്പെട്ട കനി!

എവിടെ എന്‍റെ  വഴികാട്ടി !

എവിടെ എന്‍റെ  വാരിയെല്ലിന്‍ തുമ്പിലെ പ്രസവം!

നിരാശയും, തോല്‍വിയും, ചിരിയും, വിലക്കപ്പെട്ട കനിയും, വഴികാട്ടിയും,വാരിയെല്ലുമെല്ലാം രൂപമെടുക്കാന്‍ കൂട്ടാക്കാത്ത പുകയില്‍ മറഞ്ഞു.

വീണ്ടും എരുമകളുടെ ഉറ്റവരുടെയും ദല്ലാളന്‍മാരുടെയും അമറലുകളും വിലപേശലും. തൊഴുത്തന്‍റെ തൂണൊടിയാറായതറിഞ്ഞു  കാളയെ രക്ഷിക്കാന്‍ വന്ന ഭാവമാണവര്‍ക്ക് . അതെ സ്വരമാണവര്‍ക്ക്, അതേ വികാരമാണവരുടെ മുഖത്ത്.

ഇവിടെയൊന്നും മരിക്കുന്നില്ലെന്നും, എല്ലാം ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു മാറുകയാണെന്നും ഐസക്ക് ന്യുട്ടന്‍ പറഞ്ഞത് എത്ര സത്യം.

ആശകള്‍ പോലും ഒരാളില്‍ നിന്നും മറ്റൊരാളിലെക്കോ , അനേകര്‍ക്കുള്ളിലേക്കോ  നൂണ്ടിറങ്ങി പുതിയ ജീവിതപാത കണ്ടുപിടിക്കുന്നു. നിരാശകള്‍ക്ക് വഴിമാറി അത് ഉള്‍ക്കൊണ്ടിരുന്ന ശരീരം ജഡമാകുമ്പോഴേക്കും ആഗ്രഹങ്ങള്‍ മറ്റൊരാളിലേക്ക് കുടിയേറിയിട്ടുണ്ടാകും.

സാര്‍വത്രികമായ സഞ്ചാരപഥം!

ആഗ്രഹങ്ങള്‍ക്കും  വികാരങ്ങള്‍ക്കും  സുഖാന്വേഷണത്തിനുമപ്പുറം വിവാഹമെന്ന പൊതു ധാരണക്ക് ചിന്തകളുടെ ചിറകു മുളക്കുന്ന ധാരാളം നോടുകളുണ്ടാവും. ചിന്തിപ്പിക്കുന്ന ഞരമ്പുകളുടെ കൂടിച്ചേരലിന്‍റെ നോടുകള്‍ പോലെ ചിന്തകളുടെ ദിശ നിര്‍ണയിക്കുന്ന മാനസികമായ സംഗമസ്ഥാനങ്ങള്‍ . അതില്‍ ചിലത് ആപേക്ഷികമായും മറ്റുചിലത് സുസ്ഥിരമായ കര്‍മ കാണ്ഡത്തിന്‍റെ ആവശ്യകതയായും തോന്നിച്ചു.

സ്വര്‍ണവും പണവും മറ്റാസ്തികളും ആപേക്ഷികമായ വ്യഭിചാര ശമ്പളമായി അയാള്‍ കണക്കുകൂട്ടി. മാതാപിതാക്കളുടെ സുരക്ഷയും, 'ഞാന്‍' എന്ന വ്യക്തിയുടെ ആസ്വാദനവും ആവശ്യകതയുടെ ഗണത്തില്‍പ്പെടുത്തി. തീര്‍ച്ചയായും ഒരു വ്യക്തിയുടെ ആസ്വാദനം എന്നത് മറച്ചു പിടിക്കേണ്ടി വരും. 'അവള്‍ക്കു' കീഴ്പ്പെടുന്ന ഒരു ആണ്‍ വേശ്യയുടെ ചുമതലയെ തന്നില്‍ ശേഷിക്കുന്നുണ്ടായിരിക്കുകയുള്ളൂ.

വാര്‍ധക്യത്തില്‍ ഒരു ഊന്നുവടി മാത്രമായേക്കാം. ദിശാബോധമുള്ള നല്ലൊരു സാരഥി മാത്രമായേക്കാം. നല്ലൊരു തേരാളിയുടെ ചാട്ടവാരേറ്റു പിടഞ്ഞോടുന്ന ആശ്വമായെക്കാം. കണ്ണ് ചിമ്മാത്ത കാവല്‍ക്കാരനായേക്കാം.

പക്ഷെ ഞാന്‍ ഞാന്‍ മാത്രമാകും. മറ്റൊരാളായി അഭിനയിക്കാന്‍ തനിക്കൊരിക്കലും കഴിയില്ല. ഭര്‍ത്താവും, വേശ്യയും , ഊന്നുവടിയും, ആശ്വവും കാവല്‍ക്കാരനും ഒന്നുമാകാന്‍ തനിക്ക് തീര്‍ച്ചയായും കഴിയില്ല.

വിധേയത്വമെന്ന ചങ്ങലക്കു ആഭരണം എന്ന പേര് വിളിക്കാന്‍ ഒരിക്കലും കഴിയില്ല. അതിനു അടിമപ്പെടുവാന്‍ കൈയും കെട്ടി നിന്ന് കൊടുക്കുകയില്ല.

ഇനിയുള്ളത് മാതാപിതാക്കളുടെ സുരക്ഷയാണ്. സമാധാനമാണ് . ജീവിതമാണ്. ന്യായമായ ആവശ്യകതയാണ്. മകനെന്ന പ്രതീക്ഷയാണ്.

അതിനു ഞാനൊരു വേശ്യയാകേണ്ടി വരും. ഊന്നുവടിയും, ആശ്വവും, കാവല്‍ക്കാരനുമാകേണ്ടി വരും. തുലാസില്‍ തൂക്കിയ സ്വര്‍ണത്തില്‍ കണ്ണ് മഞ്ഞളിപ്പിച്ച് അന്ധത നടിക്കേണ്ടി വരും. പച്ചനോട്ടിന്‍റെ ഗന്ധത്തിനു മുന്നില്‍ മൂക്കുവിടര്‍ത്തേണ്ടി വരും.

കഴിയില്ല!

തീര്‍ച്ചയായും കഴിയില്ല!

ഞാന്‍ എന്ന സ്വാര്‍ത്ഥത , അഹങ്കാരം , അന്തത,  മൂഡത, ആശകള്‍, സ്വപ്‌നങ്ങള്‍, ഇവയൊന്നും മറ്റൊരാളിലേക്ക് പകര്‍ന്നു നല്‍കാന്‍ തയ്യാറല്ല. നൈമിഷികമായ ആഭിചാരങ്ങള്‍ക്ക് പോലും കീഴടങ്ങുക അസാധ്യമാണ്. 'ഞാന്‍' എന്ന മറ്റെല്ലാത്തിനും, ജീവിതത്തിനും വളമാകാന്‍ വേണ്ടി ചെറിയൊരു സന്തോഷം പോലും വളമായി ജീര്‍ണിപ്പിക്കാന്‍ വയ്യ. വളമായ ഒന്ന്, കാലക്രമേനെ മറ്റെല്ലാ സുഖങ്ങളെയും, മനസ്സിന്‍റെ എല്ലാ വിധങ്ങളായ സൗകുമാരികതയേയും അതില്‍ ലയിപ്പിക്കുമെന്ന തിരിച്ചറിവ് കൊണ്ടാവാം.

ശരിയാണ്!

എന്തെല്ലാം നേടിയാലും നഷ്ട്ടപ്പെട്ട ഒന്നിന്‍റെ ഓര്‍മയിലും സങ്കല്പത്തിലും നേടിയതെല്ലാം ഹോമിക്കുന്നത് മനുഷ്യരുടെ പൊതുസ്വഭാവമാണ്.

പൊരുതുക തന്നെ!
മനസ്സിന്‍റെ ഏതൊരു ശീതികരിണിയേയും അടിയറ വക്കാതെ കാലത്തിനൊപ്പം പൊരുതുക തന്നെ!.

തളരാത്ത  ലിബിയന്‍ ജനതയെ മാതൃകയാക്കി, കാലത്തിനു കീഴ്പ്പെടാത്ത ദൈവങ്ങളെ മാതൃകയാക്കി, മരിച്ചിട്ടും മരിക്കാത്ത ദൈവപുത്രന്മാരെ മാതൃകയാക്കി, പൊരുതുക തന്നെ!.

ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടയില്‍ ഒരു നര കൂടിയധികം വീഴുമായിരിക്കും, ഒന്നോ രണ്ടോ ചുളിവുകള്‍ വീണേക്കാം , കൂര്‍ക്കം വലിയുടെ ഒച്ച ചെവിടടപ്പിക്കുന്നതായേക്കാം, സ്വപ്നങ്ങള്‍ക്ക് ഭാവിയുടെ ചലനങ്ങള്‍ക്കപ്പുറത്ത് ഭൂതസ്മ്രിതികള്‍ വേണ്ടി വന്നേക്കാം.

എങ്കിലും, തോല്‍ക്കാന്‍ വയ്യ!

തീരുമാനിച്ചുറപ്പിച്ചു . പൊരുതുക!

കാളച്ചന്തക്ക്  വെളിയിലേക്ക് നടന്നു. ചെളിപുരണ്ട ചെരുപ്പുകള്‍ ദൂരേക്ക്‌ വലിച്ചെറിഞ്ഞു, നഗ്ന പാദനായി, ഒരു ജെല്ലിക്കെട്ട് കാളയുടെ ഉന്മേഷത്തോടെ.

ചുവടുകള്‍ക്ക് വേഗമേറി.
ഒടിയാറായ തൂണുകള്‍ സ്വയം ഉറപ്പിക്കണം.