Pages

Wednesday, March 30, 2011

യാത്രകളുടെ അവസാനത്തില്‍ ...


എപ്പോഴും യാത്രയാണ്;
ട്രെയിനിലാണേറെയിഷ്ട്ടം 


ഓരോ  യാത്രയിലും 
ഒന്നോ  അതിലധികമോ  
പെണ്‍കുട്ടികളെ  പരിചയപ്പെടും .
വാക്കുകളും  പെരുമാറ്റവും  കൊണ്ട് 
അവരെ  കീഴ്പ്പെടുത്തും .
ചിലര്‍  ചുംബിക്കും 
മറ്റുചിലര്‍  
കെട്ടിപ്പിടിച്ചു  സ്വപ്നം  കാണും  .
ഏറെപ്പേരും  ഒരു  ഷേക്ക്‌ഹാന്‍ഡില്‍ലൊതുക്കും .


ട്രെയിനിന്‍റെ  വേഗം  കൂടും .
ഫോണ്‍  നമ്പര്‍  കൈമാറി  
സൗഹൃദം  തുടരുമെന്നുറപ്പിച്ചു 
വഴിപിരിയും . 


രാത്രിയുടെ  നഗ്നതയില്‍ 
അവരോരോരുത്തരെയുമോര്‍ക്കും:
ഒരിക്കലും  വരാത്ത 
ഫോണ്‍  കോളുകള്‍ക്ക്  
കാതോര്‍ക്കും . 

Thursday, March 10, 2011

ജോണിക്കുട്ടന്‍ അയര്‍ലാണ്ടിലാണ്


 [മുന്‍കുറിപ്പ് :- ജോണിക്കുട്ടന്‍  എന്നത്  യൂറോപ്പിലും  മറ്റും  ജോലി  ചെയ്യുന്ന  നേഴ്സ്മ്മാരുടെ  ഭര്ത്താക്കന്‍മാരെയാണ്  .  ഭാര്യയുടെ  കാശിനു  ജോണി  വാക്കര്‍  അടിക്കുന്നവന്‍  ജോണിക്കുട്ടന്‍!....
ഇക്കൂട്ടര്‍ക്ക്  ജോലിക്ക്  പോകാന്‍  നിയമപരമായി  ബുദ്ധിമുട്ടുണ്ട് , പിന്നെ  പോയാലും തുച്ചമായ  ശമ്പളവും . അതുകൊണ്ട്  തന്നെ   പ്രധാനപ്പെട്ട  ജോലി  ഭാര്യയെ  ശുശ്രൂഷിക്കുക , വീടുപണി,  കുട്ടികളെ  നോക്കല്‍ , തുടങ്ങിയവ . ഭാര്യ  ഭര്‍ത്താവും  ഭര്‍ത്താവ്  ഭാര്യയും ആകും ]എന്നിലെ  മൌനം   അവളെ  നിര്‍വികാരതയുടെ  അടിവേരുകള്‍  പറിച്ചെറിഞ്ഞ  ഭ്രാന്തമായ  മുരള്‍ച്ചയിലെക്കാണ്  കൊണ്ട്  ചെന്നെത്തിക്കുകയെന്ന  ബോധം  ഉള്ളിലവശേഷിപ്പിച്ചിരുന്ന  ബാക്കി  വാക്കുകളെക്കൂടി ഖനിപ്പിച്ചു .

തിളങ്ങുന്ന  പുള്ളിസ്സാരിക്കുള്ളിലിരുന്നു   ചായയും  കയ്യിലേന്തി  മുഖത്തേക്കൊന്നു  നേരെനോക്കാന്‍  പോലുമാകാതെ  നാണിച്ചു  പരവശയായി  നിന്നിരുന്ന  നിന്നെ  നോക്കി  ആന്‍റോച്ചായന്‍ അന്നു പറഞ്ഞത് -  “ ഹൊ ! യൂറോപ്പിലൊക്കെ  പോയി  ഒരുപാട്  കാശും  സമ്പാദിച്ചു  വന്നിട്ടും  അവളുടെ  ആ  നാണോം  അച്ചടക്കോം  ഒക്കെ  കണ്ടോ . ഇതാണ്  തറവാട്ടീ  പിറന്നാലുള്ള  ഗുണം  “

കണ്ടുനിന്നവര്‍  കോറസ്സായി  പറഞ്ഞു - “ നീ  ഭാഗ്യവാനാടാ  ജോണീ ”

അത്  കേള്‍ക്കേണ്ട  താമസം,  രോമാന്ജ്ജം ഷര്‍ട്ടും   പൊളിച്ചു  പുറത്തേക്ക്.

അന്നു  എഴുന്നേറ്റ്  നിന്ന  രോമത്തിന്‍റെ  പകുതിപോലും  ഇന്നില്ല . മഞ്ഞു  കൊണ്ട്  കൊണ്ട്  അതും  കൊഴിഞ്ഞു  പോയി .

ഹ , പോട്ടെ ! ജീവിതമേ  നായ  നക്കി , പിന്നെയാണ്   two മുടീസ് !

അതോര്‍ത്ത്  തലയിലൊന്നു  കൈവച്ചതാണ്ണ്‍ . അതിനും  കിട്ടി  വയറുനിറച്ച് .

“ പടിഞ്ഞാട്ടെ  പാടത്തു ഞാറു  നട്ടപോലെ  മീറ്റെറോരോന്നിലും  ഓരോ  മുടിയാ , നി അതും  കൂടി  വലിച്ചൂരിക്കോ. വിഗ്ഗും  വച്ച്  അന്ന്  വന്നപ്പോഴേ  ചവിട്ടണ്ടാതായിരുന്നു .”

പിന്നും  മൌനം . നിസ്സഹായതയുടെ  നെടുവീര്‍പ്പുകള്‍ . അതും  വളരെ  ഒച്ച  കുറച്ച്. ഇല്ലേ  അതിനും  കിട്ടും  പണി .

എന്തൊക്കെയായിരുന്നു ! അയര്‍ലണ്ടിലെ  നേഴ്സ് , യൂറോ, ജോലി  , ഫ്ലാറ്റ് , കാറ്‌ , വിസ്ക്കി , ഒടുക്കം  ഈ  മാഞ്ഞാലിക്കാരന്‍  വെറും  മൂഞ്ഞെലിക്കാരനായെന്ന്‍ പറഞ്ഞാല്‍  മതി .

മഞ്ഞുപെയ്യുന്ന  ഈ  നാട്ടില്‍  വന്ന്‍ ഫ്ലൈറ്റ്  ഇറങ്ങിയ  അന്ന്  എന്തൊരു  ഗമയായിരുന്നു . ടൈയും  കോട്ടും  സ്യുട്ടും  ജാക്കെറ്റും .

എനിക്കങ്ങനെ  തന്നെ  വേണം ! ഹൌ !


എയര്‍പോര്‍ട്ട്ല്‍ കൂട്ടാന്‍  വന്ന  സൂസിക്കൊച്ചിനെ കെട്ടിപ്പിടിക്കാനെന്നും പറഞ്ഞ് അവളോടിപ്പോയി കാറില്‍ക്കയറി  ഇരുന്നപ്പം  ഞാനാദ്യമൊന്നു പരുങ്ങി . പിന്നവര്  കൊറേക്കാലം കൂടി  കാണ്അല്ലേന്നും   കരുതി  പെട്ടിയിലിരിക്കുന്ന  ചക്കേം മാങ്ങേം തേങ്ങേം ഒക്കെ കൂടി  ഒരുവിധത്തിലാന്ന്‍ വണ്ടിലോട്ടു  കയറ്റിയത് . അതൊരു  തുടക്കമാണെന്ന്‍ ഞാന്‍  സ്വപ്നത്തില്‍  കൂടി  വിചാരിച്ചില്ല . 
അതെങ്ങനാ,പാലുംവെള്ളത്തി പണീന്ന്‍ അന്ന്  ഞാന്‍ കേട്ടിട്ടുപൊലുമുണ്ടായില്ല .
MBA പഠിച്ചത്  നന്നായി.
കാര്യങ്ങള്‍  വേഗം  മനസ്സിലാക്കാന്‍  എനിക്ക്  പറ്റി . ബലം  പിടിച്ചിട്ടു  കാര്യമില്ലെന്ന്  ആദ്യമേ  ബോധ്യപ്പെട്ടു . പിന്നെന്തായിരുന്നു  പെര്‍ഫോര്‍മന്‍സ് . ചോറ്  വക്കുന്നു , കറി  വക്കുന്നു , വീട്  വൃത്തിയാക്കുന്നു , തുണിയലക്കുന്നു , അതിനിടെക്ക്  അവളുടെ  വക  ഫോണിലൂടെ  ഒരു  മുന്നറിയിപ്പും  – “ മീന്‍  കുടംപുളിയിട്ടു  വച്ചാല്‍  മതി , ഊണിനു  സൂസിയുണ്ടാവും . ”

നാട്ടില്‍  MBA യും  കഴിഞ്ഞു  ചെറിയൊരു  മാര്‍ക്കറ്റിംഗ്   പണിയും  തട്ടിക്കൂട്ടലും  ചുറ്റിത്തിരിയലും കമ്പനി  കൂടി  ടൂര്‍ഉം  അതിന്‍റെ  ഇടയില്‍  വെള്ളമടിയുമായി   സുഭിക്ഷം  ജീവിച്ചിരുന്ന  എനിക്ക്  ഇവളെ  തലയില്‍  വച്ചു  തന്ന  ആ  ബ്രോക്കര്‍  ഞൊണ്ടി അന്ത്രു വണ്ടിതട്ടി  ചത്തത്  നന്നായി , ഇല്ലേ  അവനെ  കൊന്നിട്ട്  ഞാന്‍  ജെയിലേ  പോകേണ്ടി വന്നേനെ .
ഭാഗ്യം ! ജെയിലേ പോകാതെ  രക്ഷപ്പെട്ടു .

എല്ലാം  ക്ഷെമിക്കാം  , ഇടക്കിടക്ക്  അവള്‍ടെ  അപ്പനും  അമ്മച്ചിയും  കൂടിയൊരു  വരവുണ്ട് .
പിന്നല്ലേ  മേളം!


 അപ്പച്ചനെ  എണ്ണ തേപ്പിക്കണം,  കുളിപ്പിക്കണം , പൌഡര്‍  ഇടീപ്പിക്കണം .
ഹൊ ! കാര്‍ന്നോമാര്‍ക്കുള്ള snuggy കണ്ടുപിടിക്കാത്തത് ഭാഗ്യം . 
ഇല്ലേ  ഞാനതും  കൂടി  ഇടീപ്പിക്കേണ്ടി വന്നേനെ . ദൈവകൃപ !

എന്നാ  പറയാനാ  കൂടുതല്‍ , പണ്ട്  നാട്ടില്‍  അടിമപ്പണി ചെയ്യാന്‍  വന്ന  കാപ്പിരികള്‍  പോലും  എന്‍റെ  മുന്നില്‍  വന്ന്‍  തോറ്റു  സുല്ലിട്ടു  മാറിനിക്കും.  

ഏതായാലും  അയര്‍ലാണ്ടിലെ  സര്‍ക്കാരിനു സ്തുതി . കുട്ടികള്‍  കൂടുതല്‍  ഉള്ളവര്‍ക്ക്  അലവന്‍സും  ശമ്പളോം  കൂടുമെന്നവരുപറഞ്ഞത്  കാര്യമായി . പിള്ളേര്  രണ്ടായി . സര്‍ക്കാരെങ്ങാനും  അങ്ങനെ  ഒരു  ഓഫര്‍  
വച്ചിലായിരുന്നെങ്കില്‍. ഹൌ !!!! സര്‍ക്കാരിനു  സ്തുതി . അല്ലാണ്ടുപിന്നെ . 

ആണ്ടിലൊരിക്കെ നാട്ടിലോട്ടു  പോകുമ്പോഴാണ്  ജീവന്‍  തിരിച്ച്കിട്ടുക. പിന്നവളുടെ  'ഭര്‍ത്താവ്  സ്നേഹം'  കണ്ടാ  നാട്ടിലെ  ചാവാലിപ്പട്ടികള് പോലും  ഇനിയൊരൊറ്റ  ഗേള്‍ഫ്രണ്ട്  പട്ടി മതീന്നങ്ങോട്ട് വിചാരിക്കും . എന്നാ  ഒരു  സ്നേഹമാ !

ഒന്ന്  മുറ്റത്തോട്ടു ഇറങ്ങണമെങ്കില്‍ക്കൂടി  അവള്  ചോദിക്കും - “ ജോണിച്ചായാ ഞാനൊന്നു  മുറ്റത്തോട്ടു ഇറങ്ങിക്കോട്ടേ പ്ലീസ്  ” 

അപ്പോ എന്‍റെ  അമ്മച്ചീടെ  വക  അവള്‍ക്കൊരുപദേശോം ,- “ നീയെന്തിനാടി  മോളെ  അവനെ  ഇങ്ങനെ  പേടിക്കുന്നെ , നീയങ്ങോട്ടിറങ്ങ്‌ , അവന്‍റെ വിരട്ടക്കങ്ങേ  യൂറോപ്പീ  മതി  ”

ആ!!! , അമ്മച്ചിക്കറിയില്ലല്ലോ യൂറോപ്പില്‍ ഞാന്‍ മീന്‍ കറിക്ക് വറുത്തരക്കുന്ന കഥ  . സില്ലി !!. 

കഴിഞ്ഞ  തവണ  നാട്ടീ പോയപ്പോ  ബെന്നീടെയൊരു  കെട്ടിപ്പിടുത്തം !. എന്നിട്ടൊരു  ലോകയുദ്ധം  ജയിച്ച  മാതിരിയൊരു  ചിരിയും. പിന്നെ  ഡയലോഗും - “ നമുക്കിനി  അയര്‍ലണ്ടില്‍ ഒരുമിച്ചു  തകര്‍ക്കാമെടാ , എനിക്കൊരു  പ്രൊപോസല്‍ , അവിടെ  നേഴ്സ് ആന്നു പുള്ളിക്കാരി , സുസീന്നാ   പേര് , വീട്ടുകാരങ്ങുറപ്പിച്ചു !”

എന്‍റെ ചങ്ക് ഒന്ന്  പാളി .

വളരെ  വേണ്ടപ്പെട്ട  കൂട്ടാണ് ബെന്നി . അവനോടു  സത്യം  പറഞ്ഞാല്‍  നാട്ടിലേക്ക്  പിന്നെ  വരണ്ട . പറഞ്ഞില്ലെങ്കില്‍  അവനും  പണികിട്ടും . 
ഒടുവില്‍  മടിച്ചു  മടിച്ചു  അവനോട് പറഞ്ഞു- “ അത്  വേണ്ടെടാ  ബെന്നിച്ചോ , അത്  ശെരിയാകുകേല ”

അപ്പോഴവന്‍റെ  മുഖത്തെ  നവരസങ്ങള്‍  ഒന്ന്‍  കാണേണ്ടതായിരുന്നു , പിന്നൊരാട്ടും അതിന്‍റെ പുറകെ ഡയലോഗും - “ നീയൊരു  കൂട്ടുകാരനാണോടാ , നീ മാത്രം  സുഖിച്ചാ  മതീന്നാണല്ലേ  ! ഛെ ! നിന്നെപറ്റി  ഞാനിങ്ങനെ  ഒന്നുമല്ല  കരുതിയെ . ഇനി  നമ്മള്‍  തമ്മില്‍  ഒരു  ബന്ധോം  ഇല്ല ”

ദേ കിടക്കുന്നു  കഞ്ഞീം  കലവും !

സൂസി  ഏതാന്ന്‍ മനസ്സിലായില്ല്യോ , ആന്നേ , നമ്മുടെ  സൂസിക്കൊച്ചു   തന്നെ !

പിന്നീടവനെ  കണ്ടത്  കഴിഞ്ഞേന്‍റെ  മുന്നത്തെ  ഞായറാഴ്ച്ചയാ  , എയര്‍പോര്‍ട്ടീ  വച്ച് . എന്നാ  ഒരു  പത്രാസായിരുന്നു . ടൈയും  കോട്ടും  സുട്ടും  ജാക്കറ്റും , ഒന്നും  പറയണ്ട !.

സീനില്‍  ആവര്‍ത്തനവിരസതയുണ്ടെങ്കിലും  കഥാപാത്രങ്ങള്‍  മാറിയപ്പോഴൊരു ചേലുണ്ട്. 

സൂസിയോടി  കാറീക്കയറി എന്‍റെ  പെമ്പിളയെ കെട്ടിപ്പിടിച്ച് വണ്ടീത്തന്നെയിരുന്നു  . കൊറേ  കാലം  കൂടി  കണ്ടതല്ലേന്നു അവനും  വിചാരിച്ചു  കാണും . അവന്‍റെ പരുങ്ങല്‍  കണ്ട് കൂട്ടുകാരനല്ലേന്നും കരുതി  സഹായിക്കാന്‍  പോയ  എന്നെ  മൈന്‍ഡ്  പോലും  ചെയ്യാതെ  പെട്ടിയും ഏന്തിപ്പിടിച്ച്‌ അവന്‍ ഒറ്റക്ക് എല്ലാം വണ്ടീലോട്ട് കയറ്റി .
 
അന്നത്തേനു ശേഷം  അവനെ  കാണുന്നത്  ഇന്നലെയാണ് . 
എന്നാ  ഒരു  പൊട്ടിച്ചിരിയായിരുന്നു  ഞങ്ങള്  രണ്ടും  കൂടി! .

അവനും  MBA പഠിച്ചത്  നന്നായി!!! . കാര്യങ്ങളെല്ലാം  വേഗം  മനസ്സിലായി!!! .

[ വാല്‍ക്കഷ്ണം  :– എല്ലാ  ജോണിച്ചായന്‍മാരും  ജോണിക്കുട്ടന്‍ന്മാരല്ല . പക്ഷെ  95 % ഉം  അങ്ങനെ  ആയത്  കൊണ്ട്  പോണേനുമുന്‍പ്  കുക്കിങ്ങും  അത്യാവശ്യം  വീട്ടു  പണിയും  പരിശീലിക്കുന്നത്  നന്നായിരിക്കും . ഞാന്‍  കണ്ടതില്‍ വച്ച് ജോണിക്കുട്ടന്‍ന്മാരല്ലാത്ത  joice അച്ചായന്‍റെ ഫാമിലിക്ക്  മാത്രം  എന്‍റെ  അഭിനന്ദനങ്ങള്‍ . ]