Pages

Monday, April 23, 2012

കക്കയം പറയാതെ പറഞ്ഞത്


കക്കയം യാത്ര മനോഹരമയായ പടര്‍പ്പു ചെടികള്‍ക്കിടയിലൂടെ  കോടമഞ്ഞിന്‍റെ ഒഴുക്കുപോലുള്ള ഒരു നനുത്ത നടത്തമായിരുന്നു. കാടാണെന്ന ഓര്‍മ്മപ്പെടുത്തലുമായി കുറെ കുരങ്ങന്മാരും, താന്‍   വരുമെന്ന ഭീഷണിയുടെ ലിഖിതങ്ങളായ ആനപിണ്ടങ്ങളും പേരറിയാത്ത  കുറെ കിളിയൊച്ചകളും. മലകളുടെ താഴെ സ്വര്‍ണം നിറഞ്ഞൊഴുകുന്ന പുഴ. സൂര്യന്‍ ഗര്‍ഭം ധരിപ്പിച്ചു പോയതാവണം. 


മലയുടെ പകുതിയുടെ മടിയില്‍ മെനഞ്ഞിട്ട കരിങ്കല്‍ ഭിത്തിയില്‍ കണ്ണെത്താത്ത ദൂരത്തേക്ക് കാലു തൂക്കി കുറച്ചൊന്നിരുന്നു. ഇഷ്ട്ടപ്പെടുന്ന ചിരികള്‍ക്കും സന്തോഷത്തിന്‍റെ നിറവുകള്‍ക്കും മീതെ തനിച്ചാവുന്നത് ഇതാദ്യമായല്ല. കാരണം സ്വയം അന്വേഷിക്കുകയായിരുന്നു. അതിന്‍റെ അവസാനം മലയുടെ അടിവാരത്താണ് കൊണ്ടെത്തിച്ചത്. 
ഒരു പ്രതിമ! . അടിയന്തരാവസ്ഥയുടെ മൂകസാക്ഷികള്‍ പടര്‍ന്നു കയറിയ രാജന്‍റെ പ്രതിമ. 


പിന്നീടുള്ള മലകയറ്റത്തില്‍ മലകള്‍ എന്തൊക്കെയോ പറയാന്‍  ശ്രമിക്കുന്ന പോലെ. അന്ന് രാജന്‍റെ നിലവിളിയൊച്ചയില്‍  ചെവിപൊത്തിയ ചെറുമരങ്ങള്‍ക്ക് ഇന്ന്‍ വയസ്സായിരിക്കുന്നു. ചിലത്  ജീവന്‍റെ അര്‍ത്ഥമില്ലായ്മയില്‍ മുരടിച്ചു. അവയോരോന്നും രാജന്‍റെ  വേദനയുടെ, ഒരച്ഛന്‍റെ  കാത്തിരിപ്പിന്‍റെ വേദനിക്കുന്ന പ്രതീകങ്ങളായി. ആ കഥകള്‍ക്ക് മേലെയാണ്, ആ  ഒച്ചയുടെ  ഇടയിലൂടെയാണ്  മുകളിലേക്ക് കയറേണ്ടതെന്ന തിരിച്ചറിവാണ് ഈ  മൂകത. ഉരുട്ടിക്കൊന്ന  ശേഷം ആശ്വാസത്തിനായി പിശാചുക്കള്‍ വലിച്ചു കൂട്ടിയ ബീഡിയുടെ തുണ്ടുകള്‍ പോലെ, ഒടിഞ്ഞു വീണ മരക്കുറ്റികളും;  അവ സൃഷ്ട്ടിച്ച പുക  പോലെ  കോടമഞ്ഞും. അസഹനീയമായി ഓര്‍മകളും കാഴ്ചകളും വിരല്‍കോര്‍ത്തു.


ഒരുപാട് നാളായി എന്തെങ്കിലും എഴുതിയിട്ട്. എഴുതാത്ത കഥകള്‍  ഒന്നിന് മേലെ ഒന്നായി കുമിഞ്ഞു കൂടുന്നു. എഴുതുന്നതിന്‍റെ ആത്മസുഖം കൈവിട്ടുപോകുന്നത്‌ കൊണ്ടല്ല. മടി കൊണ്ടുമല്ല. അറിയാത്ത  കാരണങ്ങള്‍ പുക പോലെ മൂടിക്കെട്ടുന്നു. രാജനെ അതിലലിയിപ്പിക്കാന്‍ വയ്യ. രാജന്‍ അച്ഛനോട് പറയാന്‍ മരങ്ങളെയും മുള്‍പ്പടര്‍പ്പുകളെയും ഏല്‍പ്പിച്ചത് ഒരു ദൂതനെ പോലെ പറഞ്ഞു തീര്‍ക്കണം .

1 comments:

sijogeorgechazhur@blogspot.com said...

where is the story regarding our friends?????
Waiting for that...........

Post a Comment

ദയവായി അഭിപ്രായം രേഖപ്പെടുത്തൂ സുഹൃത്തേ