Pages

Sunday, November 4, 2012

ഒരമ്മ, എന്റെ കൊച്ചുവീട്ടില്‍ അമ്മൂമ്മ



ഞാനാദ്യം കാണുമ്പോഴും കൊച്ചുവീട്ടില്‍ അമ്മൂമ്മക്ക്‌ വയസ്സായിരുന്നു. കസവിന്റെ മുണ്ടും നേര്യതും, ചെറിയ കൂനും, ഒട്ടുമുക്കാലും നരച്ച മുടിയും, ചുളിവുകള്‍ വീണ ശ്രീത്വം തുളുമ്പുന്ന മുഖവും, രാവിലെയും വൈകുന്നേരവും കൃഷ്ണനെ കാണാനായി അമ്പലത്തിലേക്കുള്ള  നടത്തവും, വിശാലമായ പറമ്പിലുടനീളം നടന്ന് തേങ്ങയും മാങ്ങയും പറങ്കിമാങ്ങയും അടക്കയും എടുത്തു വരുന്നതും, അവശേഷിച്ചിരുന്ന മൂന്നു പല്ലുകള്‍ക്ക് ആയാസമാകാതെ ചവക്കാനായി ഇടിച്ചു മാര്‍ദവപ്പെടുതുന്ന വെറ്റില മുറുക്കിന്റെ പ്രാരംഭ കാഴ്ചകളും, പുരാണഗ്രന്ഥങ്ങള്‍ വായിക്കുന്നതും, അതിലെ ഏടുകള്‍ കുഞ്ഞു കുഞ്ഞു കഥകളായി പറഞ്ഞുതന്നിരുന്നതുമെല്ലാം അത് പോലെ തന്നെ.
പിന്നെ 'ലെശ്ശണാ' എന്നുള്ള വിളിയും.

ഇത് കൊച്ചുവീട്ടില്‍ അമ്മൂമ്മ. എന്റെ അമ്മയുടെ അമ്മയുടെ അമ്മ. എന്റെ സ്വന്തം മുത്തശ്ശി.

എനിക്ക് ഓര്‍മ്മകള്‍ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞത് മുതല്‍ മുത്തശ്ശിയുണ്ട്.  സ്കൂള്‍ വിട്ടു വന്ന്‌, മുത്തശ്ശന്റെ ചാരുകസേരയില്‍ കിടന്ന് കാലു രണ്ടും കൈവരിയില്‍ നിവര്‍ത്തി വച്ച് രാജാവിനെ പോലെ കിടക്കുമ്പോള്‍, വെള്ളി പിഞ്ഞാണത്തില്‍ ചോറും നെയ്യും, പഴവുമായി കസേരയുടെ അടുത്തുള്ള കട്ടിലില്‍ മുത്തശ്ശി ഇരിക്കും. 'ചോറ് തരട്ടെ' എന്ന് ചോദിക്കില്ല. "അങ്ങ് ദൂരെ, ആകാശത്തിന്റെ അപ്പുറത്ത്, ദേവന്മാരും രാക്ഷസന്മാരും യുദ്ധം തുടങ്ങി...". കഥ തുടങ്ങും. ദേവന്മാരുടെ ശക്തി കണ്ട് വാ പൊളിച്ചു കിടക്കുമ്പോള്‍ , ചോറും പഴവും നെയ്യും കുഴച്ച ഒരു ഉരുള വായില്‍ വച്ചു തരും....
അങ്ങനെയങ്ങനെ സ്കൂള്‍ വിട്ടു വന്ന എത്രയെത്ര വൈകുന്നേരങ്ങള്‍...
പഴവും ചോറും നെയ്യും കുഴച്ച എത്രയെത്ര ഉരുളകള്‍...
എത്രയെത്ര കഥകള്‍....

ഇരുപതഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു. ഒരുപാടൊരുപാട് മാറ്റങ്ങളിലൂടെ കടന്നു പോയി. ചിലത് ഓര്‍മകളില്‍ വരുന്നി ആഴത്തില്‍ പടര്‍ന്നു. മറ്റുചിലത് വേര് ദ്രവിച്ച് മണ്മറഞ്ഞു.

ഇക്കഴിഞ്ഞ ഓണത്തിന് പോയപ്പോഴാണ് കൊച്ചുവീട്ടിലമ്മൂമ്മയെ തിരഞ്ഞത്. മുറിയുടെ പുറത്തേക്കു ഒരുപാടൊന്നും ഇറങ്ങാറില്ലെന്ന് അമ്മൂമ്മ പറഞ്ഞു.
മെല്ലെ കതകു തള്ളിത്തുറന്ന് അകത്തു കടന്നപ്പോള്‍ കട്ടിലില്‍ കൂനികൂടി ഇരിക്കുന്നു. മാറ്റമെന്ന് പറയാനൊന്നുമില്ല. വയസ്സാവുന്നതിന്റെ അവസാനമാണ് ഞാന്‍ മുത്തശ്ശിയെ കണ്ടു തുടങ്ങിയത് എന്നത് കൊണ്ടായിരിക്കും.
ആര്‍ക്കും ഇതിനുമപ്പുറം വയസ്സാവാന്‍ കഴിയില്ലേ എന്ന് ചിന്തിച്ചു ഒരു നിമിഷം.
വളരെ അടുത്ത് ചെന്നിട്ടും എന്നെ മനസ്സിലായില്ല. ചിരിച്ചുകൊണ്ട് ഓര്‍മ്മകള്‍ ചികയുകയാണെന്ന് തോന്നി. ഒടുവില്‍ മുത്തശ്ശിയോടു ചേര്‍ന്നിരുന്ന് ദുര്‍ബലമായ ആ കയ്യിലെ വിറയ്ക്കുന്ന വിരലുകള്‍ ചേര്‍ത്ത് പിടിച്ചപ്പോള്‍ ചിരിയുടെ ഒച്ച പുറത്തുചാടി.
"ലെശ്ശണാ"
വിറയ്ക്കുന്ന ആ വിളിയില്‍ തന്നെ ഞാനുരുകി ചെറുതായി. കുട്ടിനിക്കറും ഇട്ട്, ഷര്‍ട്ടിടാതെ ഓടുന്ന, കഥകള്‍ കേട്ട്, ചോറും പഴവും നെയ്യും കൂട്ടി ഉണ്ണുന്ന, ചാരുകസേരയില്‍ കാലുകയറ്റി വച്ച് വാപൊളിച്ചിരിക്കുന്ന ചെറിയ കുട്ടിയായി.

"എപ്പോ വന്ന്,... ഇന്നലെ ഞാന്‍ സാവിത്രിയോടു (അമ്മൂമ്മ) ചോദിക്കേത്, ലശ്ശനന്‍ വന്നാന്ന്"
ഞാന്‍ ചിരിച്ചു. എന്ത് പറയണമെന്നറിയാതെ കണ്ണുകള്‍ നിറഞ്ഞു.
"നിനക്ക്  കഥ കേള്‍ക്കണ്ടേ"
ഞാന്‍ പൊട്ടിക്കരഞ്ഞുപോയി . എന്തിനാണെന്നറിയാതെ ചെറിയ കുട്ടിയെ പോലെ ഞാന്‍ പൊട്ടിപ്പൊട്ടി കരഞ്ഞു. ചിലപ്പോള്‍ മുത്തശ്ശിയുടെ ആ ചോദ്യം എന്നെ ശെരിക്കും ആ ചെറിയ കുട്ടിയുടെ നിഷ്കളങ്കതയിലേക്ക് കൂട്ടികൊണ്ട് പോയിരിക്കണം.
അതറിഞ്ഞ പോലെ മുത്തശ്ശി എന്റെ മുടിയില്‍ തലോടി.
എന്താ ചോദിക്കുക എന്നോര്‍ത്ത് 'ഗോപി മാമന്‍' (മകന്‍ ) വന്നോ എന്ന് ചോദിച്ചു.
"ല്ലാരും വന്നര്‍ന്നു"
എന്നിട്ട് ഓരോ മക്കളുടെ പേരും, അവരുടെ ഭാര്യമാരുടെയും കൊച്ചുമാക്കളുടെയും വയസ്സും ക്ലാസും സ്ഥലവും ഒക്കെ പറഞ്ഞു.
"ല്ലാരും ഓണത്തിന് മുണ്ടും നേര്യതും കൊണ്ടെതന്നു. പിന്നെ പോകെലേം. മുറുക്കൊന്നൂല്ല. കൊണ്ടന്നോണ്ട് മേടിച്ചു വക്കേത്".
തുറന്നു കിടന്ന അലമാരയിലേക്ക് ഞാന്‍ എണീറ്റ്‌. അടുക്കടുക്കായി വച്ചിരിക്കുന്ന മുണ്ടും നേര്യതും പഴയൊരു ജുളിക്കടയെ ഓര്‍മപ്പെടുത്തി. പിന്നെ മെല്ലെ മുത്തശ്ശിയുടെ കണ്ണുകളിലൂടെ നടന്നു.

മുത്തശ്ശി കഥ തുടങ്ങി.
"ല്ലാരും വന്ന് പോകും. അവരൊക്കെ വല്ല്യ വല്ല്യ ഉദ്യോഗസ്തന്മാരല്ലേ, തിരക്കാണ്. പിന്നെ മനുഷ്യനായിട്ട്‌ ജനിച്ചാല് സങ്കടണ്ടാവും. ഇല്ലാണ്ടിരിക്കാന്‍ ദേവന്മാര്‍ക്കോലും പറ്റൂല."
കേള്‍ക്കാന്‍ കൊതിച്ചിരുന്ന പോലെ ഞാന്‍ വീണ്ടും മുത്തശ്ശിയോടു ചേര്‍ന്നിരുന്നു.
"അമ്മ വന്ന് തിരികെ വിളിക്കും വരെ സീതയ്ക്ക് ദുഃഖം മാത്രായിരുന്നു. സരയൂ നദിയില്‍ ചാടി ആത്മാഹുതി ചെയ്യും വരെ രാമനും സമാധാനല്ലാണ്ട് നടന്നില്ലേ. സതി മരിച്ചപ്പോ പരമശിവന്‍ എല്ലാം ഉപേക്ഷിച്ച് ധാരു വനത്തിലൂടെ അലഞ്ഞു നടന്നില്ലേ. അപ്പ പിന്നെ മനുഷ്യമ്മര്ടെ കഥ പറയണോ."

വല്ലപ്പോഴും മാത്രം വീട്ടില്‍ വരുന്ന മക്കളെ കുറിച്ച് ഞാന്‍ മോശമായി ചിന്തിച്ചാലോ എന്ന് കരുതിയാണ് മുത്തശ്ശി അങ്ങനെ പറഞ്ഞതെന്നെനിക്കറിയാം.
എല്ലാവര്ക്കും മറുപടികളുണ്ടാവും. വയസ്സായവര്‍ക്ക് ജല്പനനലുണ്ടാവും. ദൂരവും നാടും വ്യത്യാസമുണ്ടാകും. കുടുംബഗളില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകും. തിരക്കുകള്‍ ഒരുപാടോരുപാടുണ്ടാവും. സ്വപ്‌നങ്ങള്‍ ഇനിയും ബാക്കിയുണ്ടാവും. ചവിട്ടി കയറാന്‍ പടികളും കടമ്പകളും ഇനിയുമുണ്ടാവും.

പടികള്‍ കടന്നു പോകുന്നത് എങ്ങോട്ടാണെന്ന് ആര്‍ക്കും അറിയുകയുണ്ടാവില്ല. കാലത്തിന്റെ ഒഴുക്കിനൊപ്പം ന്യായീകരണങ്ങളും നിലക്കില്ല. ആരെയും കുറ്റപ്പെടുത്താന്‍ ഞാനാളുമല്ല.
നേടുന്നതിനെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ നഷ്ട്ടപ്പെടുന്നതിനെക്കുറിച്ചു അറിയില്ലായിരിക്കും. ആവോ.

ഇന്നലെ കല്പറ്റ നാരായണന്‍ മാഷിന്റെ കവിത വായിച്ചപ്പോള്‍ മനസ്സില്‍ ഊറിക്കൂടിയത്‌ കൂടി എഴുതണം എന്ന് തോന്നുന്നു.

ഓരോ അമ്മമാരും കൊല്ലപ്പെടുകയാണ്.
മക്കള്‍ അറിഞ്ഞുകൊണ്ട്,
അറിയാത്തതായി ഭാവിച്ചു കൊണ്ടും,
അവര്‍ തന്നെ അത് ചെയ്യുന്നു.

ഉടുക്കാത്തവ സമ്മാനിക്കുമ്പോള്‍,
ഇഷ്ട്ടമില്ലാത്ത്ത ഭക്ഷണം അതറിയാതെ വിളമ്പുമ്പോള്‍,
മറ്റു തിരക്കുകള്‍ ഉണ്ടായിരുന്നെന്ന് പറയുമ്പോള്‍,
വയസ്സായില്ലേ എന്ന് ചോദിക്കുമ്പോള്‍
അമ്മക്കിപ്പോ എന്താ കുറവ് എന്ന് സ്വയം ചോദിക്കുമ്പോളൊക്കെ

അമ്മമാരെ നിങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്.
നിങ്ങള്‍ അവരെ അറിഞ്ഞിട്ടില്ലെന്ന്.
നിങ്ങളാല്‍ അവര്‍ കൊല്ലപ്പെടുകയാണെന്ന്.

ഏതായാലും എനിക്ക് ഒരു കാര്യം ഉറപ്പുണ്ട്. എന്റെ അമ്മയെ ഞാന്‍ കൊല്ലപ്പെടുത്തില്ല. നിങ്ങള്‍ കാണിച്ചു തന്ന ആ വഴിയിലൂടെ ഞാന്‍ നടക്കില്ല. ദൈവങ്ങളുന്ടെങ്കില്‍ അവരതിനെന്നെ അനുഗ്രഹിക്കട്ടെ. (ഇത് എഴുതിയതിനു ആരും എന്നെ വേറുക്കാതിരിക്കട്ടെ)

2 comments:

Josmy said...

Nice Concept

lakshman kochukottaram said...

വളരെ നന്ദി ജോസ്മി

Post a Comment

ദയവായി അഭിപ്രായം രേഖപ്പെടുത്തൂ സുഹൃത്തേ