Pages

Wednesday, May 25, 2011

അര്‍ത്ഥവെത്യസങ്ങള്‍ സംജാതമാകുന്നത്.ജീവിതത്തിന് അങ്ങനെ പ്രതെകിച്ചൊരു അര്‍ഥമുള്ളതായൊന്നും അയാള്‍ക്ക്‌ തോന്നിയിരുന്നില്ല . എങ്കിലും, തോന്നിയിട്ടുണ്ടായിരുന്നോ  എന്നയാള്‍ പിറകിലേക്ക് നോക്കി .

ബാല്യം എല്ലാവരെയും പോലെ സമ്പന്നമായി തോന്നിയിരുന്നു . ഓര്‍മ്മകള്‍ അതിസുന്ദരവും ദൈര്‍ഖ്യമേറിയതായും തോന്നിച്ചു . പ്രായമിത്രയും വൈകിയിട്ടും ആദ്യമായി സ്കൂളിലേക്ക് നടന്നു  കയറിയത് മുതല്‍ ഓര്‍ക്കാന്‍ സാധിച്ചതു അയാളില്‍ തെല്ലിട സന്തോഷം നിറച്ചു .

ഓര്‍മ്മകള്‍ മുറുകുന്ന താളത്തിനൊപ്പം അയാളുടെ മുഖത്ത് പല പ്രകാരങ്ങളായ നൈമിഷികഭാവങ്ങള്‍ പലയാവര്‍ത്തി നിറഞ്ഞും മാഞ്ഞുമിരുന്നു. അയാള്‍ മന്ദഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ദേഷ്യം കടിച്ചമര്‍ത്തുകയും ദീര്‍ഖനേരം മൌനിയായി  കാണപ്പെടുകയുമൊക്കെ ചെയ്തു. അതിന്‍റെ ചുവടുപറ്റി ആ മുഖം  ചുവന്നും ഇരുളിയും വിളറിയ വെളുപ്പുമായോക്കെ പ്രതിഫലിച്ചു.

കൌമാരം പ്രത്യേകതയൊന്നും  ഉള്‍ക്കൊണ്ടിരുന്നില്ല  എന്ന്  എല്ലാവരെയും  പോലെ  അയാളും  വളരെ  വൈകിയാണ്  മനസ്സിലാക്കിയത് . പ്രണയം  പുഞ്ചിരിയൊളിപ്പിച്ച   കണ്ണുകളില്‍  ഒതുങ്ങിനിന്നു . കാലം  പ്രണയലേഖനങ്ങളിലേക്ക് ചുവടുമാറി . അക്ഷരമാലയിലെ  എല്ലാ  അക്ഷരങ്ങളും , കേട്ടറിഞ്ഞ  പ്രണയഗന്ധിയായ എല്ലാ  വാക്കുകളും  വരിചേര്‍ത്തയാള്‍ പൈങ്കിളി  സാഹിത്യമെഴുതി . ചുംബനം  ഉള്ളിലെറിഞ്ഞ് ഊണുമേശയില്‍  നിന്നും  കരുതലോടെ   ശേഖരിച്ച  രണ്ടു വറ്റു  കൊണ്ട്  ഭദ്രമായി  ഒട്ടിച്ച  കത്തുകള്‍ അവളെയെല്‍പ്പിച്ചും മറുപടി  വായിച്ചും  കൌമാരദശ  പിന്നിട്ടു .

എല്ലാം  പതിവുപോലെ  !
അവളുടെ  വിവാഹശേഷം  ഇനി  കല്യാണമേ  വേണ്ടെന്നുവച്ച്  കഴിച്ചുകൂട്ടിയ  വര്‍ഷങ്ങള്‍ . പിന്നെ  40 ആം  വയസ്സിലാണ്  വീട്ടുകാരുടെ  നിര്‍ബന്ധം  സ്വയം  ഏറ്റുവാങ്ങി  പെണ്ണുകാണല്‍  എന്ന  നേരമ്പോക്ക്  തുടങ്ങിയത് .
ഒന്നും  ശെരിയായില്ല .
പിന്നും  അഞ്ചു  വര്‍ഷങ്ങള്‍ !
അങ്ങനെ  , അവധിയില്ലാതെ  ഓര്‍മകളുടെ  താളുകള്‍  ഒന്നൊന്നായി  അയാളുടെ  മനസ്സില്‍  വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും സൃഷ്ടിച്ച്, ഒടുവില്‍ നേര്‍ത്ത ഹിമപാളികള്‍ പോലെ അലിഞ്ഞുമാഞ്ഞുപോയി .

ഭൂതകാല  സ്മ്രിതികള്‍  വലിച്ചെറിഞ്ഞ്  വര്‍ത്തമാനത്തിന്‍റെ വിശേഷങ്ങളിലേക്ക്  കണ്ണുതുറന്നപ്പോള്‍  മുന്നിലൊരു  പെണ്‍കുട്ടി  !
 അവളില്‍  നിന്നാണല്ലോ  താന്‍  ഈ  നേരത്ത്  ഈവിധ  ചിന്തകളില്‍  മുങ്ങിയത്  എന്നയാളോര്‍ത്തു. നരപ്പിച്ച  ജീന്‍സും  വെള്ള കുര്‍ത്തയുമണിഞ്ഞ അവളെ  രണ്ടാമതൊന്നു  നോക്കാത്തവര്‍  വിരളമായി പ്പോലും ഉണ്ടാവില്ല.
അതിസുന്ദരിയായ  ഒരു  പെണ്‍കൊടി!

അവളെ  നോക്കി  എല്ലാവരും  ചിരിക്കുന്നുണ്ട്  , തിരികെ  അവളും .ഇടക്കാരോ  അവളുടെ  അടുത്തേക്ക്  നടന്നു  എന്തോ  പിറുപിറുത്തു  ഒരു  ഓട്ടോക്ക് കൈകാണിച്ചു  അവളെയും  കൂട്ടി  എങ്ങോട്ടോ  പോയി . അയാള്‍ക്ക്‌  അതൊരു  പതിവു  കാഴ്ചയായി . എന്നും  അയാളെ  നോക്കുകുത്തിയാക്കി മറ്റാരക്കയോ  അവളുടെ  നിമിഷങ്ങള്‍ക്ക്  വിലപറഞ്ഞ്‌  അവള്‍ക്കൊപ്പം  മറഞ്ഞു .
ബസ്സ്റ്റാണ്ടിലെ  പീടികത്തിണ്ണയിലിരുന്ന്  അലസമായി  മുലകൊടുക്കുന്ന  ആ  പെണ്‍കുട്ടി  ഒരമ്മയാണെന്ന   സത്യം  അയാളെ  കൂടുതല്‍  ചിന്തിപ്പിച്ചു . ജീവിതത്തില്‍  അര്‍ത്ഥവെത്യാസങ്ങള്‍   സംജാതമാകുന്നത്  എത്ര വേഗത്തിലാണെന്ന തോന്നല്‍   അയാളെ  അസ്വസ്ഥനാക്കി .  പ്രത്യേകിച്ചൊരു  അര്‍ത്ഥവുമില്ലാതെ    ഇത്രയും  നാള്‍  കഴിച്ചുകൂട്ടിയ  തനിക്കു  ജീവിതത്തിന്‍റെ അര്‍ത്ഥതലങ്ങളിലേക്ക്   ഇറങ്ങിചെല്ലാനുള്ള   ചവിട്ടുപടിയാവും  അവളെന്ന  തോന്നലാണ്  അയാളെ  മഥിച്ചത് . ഈ  വിവാഹം  കൊണ്ട്  മാത്രം  താന്‍  സ്വര്‍ഗത്തിലെത്തുമെന്ന്   അയാള്‍  സ്വപ്നം  കാണാന്‍  ശ്രമിച്ചു .
അന്നയാള്‍  പതിവിലും  നേരത്തെ  ഉറക്കമെഴുന്നേറ്റു . മറ്റാരും  കൂട്ടികൊണ്ട്  പോകും  മുന്‍പേ അവിടെയെത്തുക  എന്നതായിരുന്നു  ലക്‌ഷ്യം . അയാള്‍ കണ്ണാടിനോക്കി  അസ്വസ്ഥതപ്പെടുകയും, അതിനു  കാരണം  നരച്ചു  തുടങ്ങിയ  താടിയാണോ , അതോ  തീരുമാനമെടുക്കാനാവാതെ  കലുകുഷിതമായ  മനസ്സാണോ  എന്നൊന്നും  വേര്‍തിരിക്കാനാവാതെ കുഴങ്ങുകയും ചെയ്തു .
ബസ്‌സ്റ്റാന്റിലെത്തുമ്പോഴേക്കും പതിവു  ചിരിയുമായി  അവളവിടെ  ഉണ്ടായിരുന്നു . സ്റ്റാന്റ്  മുക്കാലും  വിജനമാണെന്നത്   അയാള്‍ക്ക്‌  ആശ്വാസമായി . എങ്കിലും  അവളുടെ  മുന്‍പില്‍  ചെന്ന്  അയാള്‍  മൌനിയായി . പരീക്ഷാ ഹാളില്‍ വച്ച് പഠിച്ചതെല്ലാം മറന്നു പോയ കുട്ടിയെ പോലെ അയാള്‍ ചേതനയറ്റു  നിന്നു . എന്തുചെയ്യണമെന്നറിയാതെ  കുഴങ്ങി  നിന്ന  അയാളോട്  ചേര്‍ന്ന്  നിന്ന് അവളൊന്നു  മന്ദഹസിച്ചു . ഈ  മഞ്ഞു  പെയ്യുന്ന  പരപരാ  വെളുപ്പിനും  ഉഷ്ണിക്കുന്നത് അയാളറിഞ്ഞു . ഒന്നും  ചെയ്യാനാകാതെ  ഒടുവിലയാള്‍  പോക്കറ്റില്‍  തപ്പി , കയ്യില്‍  തടഞ്ഞ  നൂറു  രൂപാ  നോട്ടെടുത്ത്  അവളുടെ  കയ്യിലേല്‍പ്പിച്ചു , എന്നിട്ട്  അടുത്തുകണ്ട  ഓട്ടോക്ക്  കൈകാണിച്ചു .  ഇത്  തീരെ  കുറഞ്ഞു  പോയെന്നും  മുന്നൂറെങ്കിലും വേണമെന്നുമവള്‍ ഒച്ച  കുറച്ചു  വിളിച്ചുകൂവുന്നുണ്ടായിരുന്നു .  അവളുടെ  മുഖത്ത്  നോക്കുകപോലും  ചെയ്യാതെ  അയാള്‍  ഓട്ടോയില്‍  കയറി . അവള്‍  ചുരുട്ടി  മുഖത്തേക്കെറിഞ്ഞ നോട്ടു  കുനിഞ്ഞെടുക്കാന്‍  പോലുമാവാതെ  തലകുമ്പിട്ട്  അയാള്‍  വീട്ടിലേക്കുള്ള  വഴിപറഞ്ഞു .

2 comments:

സുഹൃത്ത്.കോം said...

ഞാനും ഇടക്കു ഇവിടെ വരാറുണ്ടേ....ഭാവുകങ്ങള്‍

lachu lakshman said...

നന്ദി . വീണ്ടും വരിക .

Post a Comment

ദയവായി അഭിപ്രായം രേഖപ്പെടുത്തൂ സുഹൃത്തേ