Pages

Monday, May 30, 2011

അവസാനത്തെ മതം


കോട്ടപ്പുറം പാലത്തിന്‍റെ അങ്ങേത്തലക്കല്‍ കൃഷ്ണന്‍കോട്ടയില്‍ വഴിവിളക്കുകളില്‍ ഏറെച്ചുരുക്കം വഴികാട്ടിയായി തെളിഞ്ഞുനിക്കുന്നത് കാണാം. കാലാന്തരങ്ങളുടെ ശാഖകളില്‍ ദേശാന്തരങ്ങളുടെ കിളിക്കൂടുകള്‍. 
താഴെ കുത്തിയൊഴുകുന്ന പെരിയാറും , മുകളില്‍ പകുതി മുറിഞ്ഞ ചന്ദ്രനും. 
ഒരു വലിയ യാത്രയുടെ അവസാനം !

പലതരം ദേശങ്ങള്‍ , ആളുകള്‍, വെള്ളക്കിടാരങ്ങള്‍ , അവിടെയൊന്നും ലഭിക്കാതിരുന്ന ശാന്തത!.
ഇനി താഴേക്ക് . ആദ്യമൊന്ന്‍ വിമ്മിഷ്ടപ്പെട്ട് , പിന്നെ ബോധം നശിച്ച് , മീനുകള്‍ക്കൊരല്‍പ്പം ഭക്ഷണമായി , ഒടുവില്‍ ശവംതട്ടിപ്പാറക്കരികില്‍ നിന്നും വലിച്ചുകയറ്റി , കീറിമുറിച്ച് പൊതുസ്മശാനത്തിലടക്കം. 

ഇടയ്ക്കിടെ കടന്നുപോകുന്ന വാഹനങ്ങളാണ് ബോധമണ്ഡലത്തെ സജീവമാക്കുന്നത്. എന്തിനാണീ പാതിരാത്രിയിലുമിവര്‍ ഇത്ര ധൃതിപ്പെടുന്നത്.  ധൃതിപ്പെടുന്നതിനുമപ്പുറം അവര്‍ക്ക് ചെയ്യാന്‍ ഒന്നുമുണ്ടാവില്ല. 
അത് ചിലരുടെ കൂടെപ്പിറപ്പാണ്. ധൃതിപ്പെട്ട് നടക്കുക , ധൃതിപ്പെട്ട് ഭക്ഷിക്കുക , ധൃതിപ്പെട്ട്  കുളിക്കുക , അതും പോരാഞ്ഞ് ധൃതിപ്പെട്ട്  ഉറങ്ങുകയും ഉണരുകയും കൂടി ചെയ്യുമവര്‍. 

വളരെ നാളുകള്‍ക്ക് ശേഷം കൈവന്ന ശാന്തത, അതിലൊരു ചെറിയ കഷ്ണം തറയില്‍ വീണപ്പോഴേക്കും ആത്മാവ് പടിയിറങ്ങിയ പോലെ . പടിയിറങ്ങിയ ആത്മാവ് കാറ്റില്‍ ലയിച്ച് കൈമോശം വരുന്നതിനു മുന്‍പേ മനസ്സിന്‍റെ കൂട്ടില്‍ കയറ്റുവാനെന്നവണ്ണം അയാള്‍ കണ്ണുകളടച്ചു. പാലത്തിന്‍റെ കൈവരിയില്‍ കൈകള്‍ വച്ച് , പെരിയാറിന്‍റെ ആഴമളക്കാനെന്നവണ്ണംനിന്നു.

മത്സരങ്ങളൊഴിഞ്ഞ ജീവിതം പോലും ഒരു മത്സരമാണ്, മരണത്തോടുള്ള മത്സരം.മരണമെന്ന ഒന്നാം സമ്മാനത്തിനായി. ചിലര്‍ക്കത് "സ്ലോ റേസ്" ആക്കാനാണ് ഇഷ്ട്ടം, മറ്റുചിലര്‍ക്ക് കുറുക്കുവഴികളിലൂടെ ഒന്നാമതെത്താനും. 
എങ്കിലുമെല്ലാം മത്സരങ്ങള്‍ തന്നെ. 

താന്‍ തിരയുന്ന സമ്മാനം ഒളിഞ്ഞുകിടക്കുന്നത്‌ പെരിയാറിന്‍റെ താഴെത്തട്ടിലാണെന്ന് അയാളുടെ ഹൃദയം ഒച്ചത്തില്‍ മിടിച്ചുകൊണ്ടിരുന്നു. പെരിയാറിലലിഞ്ഞ നിലാവിന്‍റെ മുറിച്ചീന്തിലയാള്‍ ഒരുപാട് മുഖങ്ങള്‍ കണ്ടു. കണ്ടതിലേറെ പുരുഷമുഖങ്ങളും. 

കൂട്ടത്തില്‍ പാസ്റ്ററുടെ മുഖമാണ് കൂടുതല്‍ വേദനിപ്പിച്ചതെന്നു തോന്നുന്നു. തന്‍റെ തെറ്റുകള്‍ക്ക് മനപ്പൂര്‍വം ഒരവകാശിയെ സൃഷ്ട്ടിക്കണമെങ്കില്‍ അത് പാസ്റ്ററല്ലാതെ മറ്റാരാണ്‌. ഒരു വ്യക്തിയെ സ്വാധീനിക്കുന്നതിലും വല്ല്യ തെറ്റല്ലേ സ്വാധീനിക്കപ്പെടാന്‍ ശ്രെമിക്കുന്നത് എന്ന ആശയം സ്വയമെറിഞ്ഞു ചിന്തിച്ചു. എത്ര കുറ്റം ആരോപിച്ചിട്ടും അതിനു മുകളില്‍ കയറി നിന്ന് പാസ്റ്റര്‍ പുഞ്ചിരിക്കുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. 

പരിചയപ്പെടല്‍ തീര്‍ത്തും സ്വാഭാവികമായിരുന്നു. എങ്കിലും ഉള്ളിന്‍റെ ഉള്ളില്‍, മതം മാറ്റം എന്ന ചെകുത്താന്‍ എപ്പോഴെങ്കിലും വെളിപ്പെടുമോ എന്ന ശങ്ക സൂക്ഷിച്ചു പോന്നു. അങ്ങനെ പ്രത്യക്ഷപ്പെടുന്നപക്ഷം  ആ ചെകുത്താനെ പായിക്കാനുള്ള കല്ലും കുറുവടിയും സദാ മനസ്സിന്‍റെ കഠിനമായ കോണിലുരച്ചു മൂര്‍ച്ച വരുത്തി. പാസ്റ്റര്‍ ഒന്നും ആവശ്യപ്പെട്ടില്ല എന്നുമാത്രമല്ല ,എപ്പോഴും ചിരിച്ചും, പ്രസന്നവദനായും കാണപ്പെടുകയും കൂടി ചെയ്തു. 

എല്ലാം വെറുതെയായി!. പോംവഴികളില്ലാത്ത ആവശ്യങ്ങള്‍ക്ക് മുന്നില്‍ ചെകുത്താന്‍ വെളിച്ചപ്പെട്ടു. എറിയാന്‍ കരുതിയ കല്ലും കുറുവടിയും , പൂവും പൂച്ചെണ്ടുമായി മാറി; സഹോദരിമാരുടെ വിവാഹം നടന്നു. 

പുതിയ മാറ്റം ആരെയും അറിയിച്ചില്ല. അമ്പലങ്ങളില്‍ അര്‍ച്ചനയും പുഷ്പ്പാഞ്ജലിയും   കഴിച്ചു. യഹോവയും കൃഷ്ണനും ഒന്നാണെന്ന് വിശ്വസിച്ചുറപ്പിച്ചു. 

മൂടിവക്കാന്‍ കഴിയുന്നതിനുമപ്പുറം മനുഷ്യന് ന്യുനതകള്‍ ഉണ്ടെന്ന സത്യം ഇടക്കെപ്പോഴോ മറന്നു. നായരുമാഷിന്‍റെ മകന്‍ ഹലെലൂയ ആയെന്ന്‍ ആരെക്കെയോ പരിഹസിച്ചു. വളരെ അടുത്ത സുഹൃത്തുക്കള്‍ പലരും തന്നെ കാണുന്ന വേളയില്‍ കൈകളുയര്‍ത്തിപ്പിടിച്ച് ആകാശത്തേക്ക് നോക്കി പൊട്ടിച്ചിരിക്കുന്നതായി അഭിനയിച്ചു. 

അച്ഛന്‍റെ മരണം പോലും പരിഹസിക്കപ്പെടാനുള്ള വേദിയായി. കര്‍മ്മം ചെയ്യാന്‍ നായന്മാര് വല്ലവരും കുടുംബത്തുണ്ടോന്നു കരയോഗം പ്രമാണിമാര്‍!. മരുമകനെ കൊണ്ട് എരിഞ്ഞടങ്ങി നായരുമാഷ് പരലോകം പൂകി. മൂന്നിന്‍റെയന്ന്‍ നായരുമാഷ് ഉയര്‍ത്തെഴുന്നേറ്റ് കരയോഗത്തിലെ പ്രമാണിമാരെ ഭയചികിതരാക്കുമെന്നു അയാള്‍ പ്രതീക്ഷിച്ചുവോ ?, അറിയില്ല. 

രണ്ടുമൂന്നു കൊല്ലം എവിടെയൊക്കെയോ അലഞ്ഞു നടന്നു. ബാധ്യതകളെല്ലാം പാസ്റ്റര്‍  നിറവേറ്റിത്തന്നതിനാല്‍ അലച്ചിലിനിടയില്‍ ചോദ്യങ്ങളൊന്നും തികട്ടി വന്നില്ല. എങ്കിലും തിരികെ വന്നു. വന്നത് മരണവും കൊണ്ടാണെന്ന്‍ ഓര്‍ത്ത് വേദനിച്ചില്ല. നായരുമാഷിന്‍റെ അടുക്കലേക്ക്‌ പ്രിയ പത്നിയും യാത്രപോയി. കൊള്ളിവച്ചതും അതേ മരുമകന്‍ തന്നെ. മൂന്നു ദിവസം  കഴിഞ്ഞിരിക്കുന്നു. അമ്മയും ഉയര്‍ത്തെഴുന്നേറ്റില്ല. 

താഴെ കുത്തിയൊഴുകുന്ന പെരിയാറും , മുകളില്‍ പകുതി മുറിഞ്ഞ ചന്ദ്രനും. 
ഒരു വലിയ യാത്രയുടെ അവസാനം.



  




0 comments:

Post a Comment

ദയവായി അഭിപ്രായം രേഖപ്പെടുത്തൂ സുഹൃത്തേ